ന്യൂഡൽഹി: 1956-ലെ ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം മുത്തശ്ശന്റെ സ്വത്ത് അവകാശികൾക്ക് കൈമാറുകയും അത് ഭാഗംവെച്ചെടുക്കുകയും ചെയ്തുകഴിഞ്ഞാൽ, പിതാവിന് ലഭിക്കുന്ന വിഹിതം അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തായി മാറുമെന്നും അതിൽ പേരക്കുട്ടിക്ക് ജനനം കൊണ്ട് യാതൊരു അവകാശവുമില്ലെന്നും സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ്, ജസ്റ്റിസ് സുനിത അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
മുത്തശ്ശന്റെ സ്വത്ത് വീതിച്ചപ്പോൾ പിതാവിന് ലഭിക്കുകയും പിന്നീട് പിതാവ് വിൽക്കുകയും ചെയ്ത ഭൂമിയിൽ പകുതി ഓഹരി ആവശ്യപ്പെട്ട് മകൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 1997-ൽ മൈനറായിരുന്ന മകൻ തന്റെ മാതാവായ ജെ. ഗോമതിയെ സ്വാഭാവിക രക്ഷാധികാരിയാക്കി നൽകിയ സിവിൽ ഹർജിയിലാണ് ഈ നിയമപോരാട്ടത്തിന്റെ തുടക്കം.
എൻ. രാമകൃഷ്ണൻ എന്ന മുത്തശ്ശന്റെ കൂട്ടുകുടുംബ സ്വത്ത് പിതാവായ ഒന്നാം പ്രതി എം. കുമരനും അതിലൂടെ തനിക്കും ലഭിച്ചതാണെന്നും അതിനാൽ വസ്തുവിൽ പകുതി വിഹിതവും കൈവശാവകാശവും തനിക്ക് വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. 1993-ൽ ഹർജിക്കാരന്റെ പിതൃസഹോദരി നൽകിയ ഭാഗംവെയ്പ്പ് കേസ് 1994-ൽ ഒത്തുതീർപ്പ് വിധിയിലൂടെ അവസാനിക്കുകയും അതിൻപ്രകാരം തർക്കഭൂമി പിതാവിന് ലഭിക്കുകയും ചെയ്തിരുന്നു. 1997-ൽ പിതാവ് ഈ ഭൂമി വിൽപനാധാരം വഴി വിറ്റു.
ഹർജിയിൽ ചെന്നൈ സിറ്റി സിവിൽ കോടതി ഭാഗം വെയ്പ്പിനായി പ്രാഥമിക വിധി പുറപ്പെടുവിച്ചെങ്കിലും വസ്തു വാങ്ങിയവർ നൽകിയ അപ്പീലിൽ ഫസ്റ്റ് അപ്പലേറ്റ് കോടതി ഈ വിധി റദ്ദാക്കി. എട്ടാം വകുപ്പ് പ്രകാരം പിതാവിന് ലഭിക്കുന്ന സ്വത്ത് അദ്ദേഹത്തിന്റെ കേവല സ്വത്താണെന്നും അതിൽ മകന് ജന്മാവകാശമില്ലെന്നും അപ്പലേറ്റ് കോടതി വ്യക്തമാക്കി. തുടർന്ന് മകൻ നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയും ഇതേനിലപാട് ശരിവെക്കുകയാണുണ്ടായത്. മുത്തശ്ശന്റെ മരണശേഷം ഭാഗം വെയ്പ്പിലൂടെ പിതാവിന് ലഭിച്ച സ്വത്തിൽ മകന് ജന്മാവകാശം ലഭിക്കില്ലെന്നും അതിനാൽ അത് ആവശ്യപ്പെടാൻ അവകാശമില്ലെന്നും ഹൈക്കോടതി വിധിച്ചു.
ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ഭാഗം വെയ്പ്പിലൂടെ പിതാവിന് ലഭിച്ച സ്വത്ത് അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തായി മാറിയെന്നും അതിൽ ജനനം കൊണ്ട് മകന് അവകാശം ഉന്നയിക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, ഹൈക്കോടതിവിധിയിൽ പിഴവില്ലെന്ന് വിലയിരുത്തി അപ്പീൽ തള്ളി. ചെലവ് തുക ചുമത്താതെയാണ് അപ്പീൽ തള്ളിയത്.
Content Highlights: The Supreme Court ruled that property inherited by a father through partition under Section 8 of the Hindu Succession Act becomes his individual asset, meaning grandchildren have no birth right to claim a share.
Published: 10 Nov 2026, 05:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented