സംഭവത്തിൽ കേസെടുത്ത പോലീസ് ഡി.ജെയുമായി വന്ന വാഹനം പിടിച്ചെടുത്തു

ലഖ്‌നൗ: വീടിന് മുന്നിൽ നിർത്തിയ ഡി.ജെ വാഹനത്തിലെ കാതടപ്പിക്കുന്ന സംഗീതത്തിന്റെ തീവ്രതമൂലം നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. 20 ദിവസംമാത്രം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഡി.ജെ മ്യൂസിക് കാരണം ഹൃദയമിടിപ്പ് നിലച്ചാണ് കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് ഡി.ജെ വാഹനം കുഞ്ഞിന്റെ വീടിന് മുന്നിൽ നിർത്തി അമിത ശബ്ദത്തിൽ സംഗീതം മുഴക്കിയത്.
മാതാവ് റീമാ ദേവിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്നു കുഞ്ഞ്. ഈ സമയത്താണ് ഡി.ജെ വാഹനം വീടിന് മുന്നിൽ നിർത്തി സംഗീതം മുഴക്കാൻ തുടങ്ങിയത്. ഞെട്ടിയുണർന്ന കുഞ്ഞ് കരയാൻ തുടങ്ങി. ശബ്ദം കുറയ്ക്കണമെന്നും വാഹനം അവിടെനിന്ന് മാറ്റണമെന്നും പലതവണ വീട്ടുകാർ ആവശ്യപ്പെട്ടിട്ടും ഡി.ജെയുടെ സംഘാടകർ കേട്ടില്ലെന്ന് കുടുംബം പറയുന്നു.
ഉറക്കെ കരയുകയായിരുന്ന കുഞ്ഞിന്റെ കരച്ചിൽ പൊടുന്നനെ നിന്നത് ശ്രദ്ധിച്ച വീട്ടുകാർ ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
പത്ത് ദിവസമായി റീമാ ദേവി കുഞ്ഞിനൊപ്പം മാതൃവീട്ടിലായിരുന്നു താമസം. ഭർത്താവിന്റെ വീട്ടിൽ തങ്ങളെയും കുഞ്ഞിനെയും നോക്കാൻ ആരുമില്ലാത്തതിനാലാണ് ഇവിടേക്ക് വന്നതെന്ന് കുഞ്ഞിന്റെ അമ്മായി പറഞ്ഞു. ഈ ദിവസങ്ങളിൽ കുടുംബാംഗങ്ങളാണ് ഇരുവരെയും പരിചരിച്ചിരുന്നത്. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.
ഡി.ജെ വാഹനം അവിടെ നിർത്തരുതെന്നും ഇത്രയും ഉച്ചത്തിൽ സംഗീതം കേൾപ്പിക്കരുതെന്നും തങ്ങൾ പലതവണ ആവശ്യപ്പെട്ടിരുന്നതായി കുഞ്ഞിന്റെ അമ്മായി പറഞ്ഞു. എന്നാൽ, തങ്ങളുടെ വാക്കുകൾ സംഘാടകർ ചെവിക്കൊണ്ടില്ല. ഉച്ചത്തിലുള്ള സംഗീതം തുടർന്നതോടെയാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ജയ് ശങ്കർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഡി.ജെയുമായി വന്ന വാഹനം പോലീസ് പിടിച്ചെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ അനുസരിച്ചായിരിക്കും തുടർനടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Content Highlights: A 20-day-old baby girl died in Uttar Pradesh's Ballia district after a DJ vehicle played deafening music outside her house during an idol immersion procession, prompting police to seize the vehicle.
Published: 15 Nov 2026, 04:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented