ശ്രീനഗർ: ലഡാക്കിലെ കാലാവസ്ഥാ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കി. ലേ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിൽനിന്ന് വാങ്ചുക്കിനെ വിലക്കിയിട്ടുണ്ട്. ഡിസംബർ നാലിന് ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ലഡാക്കിലെ വിവിധ സംഘടനകൾ പ്രതിഷേധിക്കുന്നതിനിടെയാണ് നടപടി. പ്രതിഷേധം നടന്ന സ്ഥലത്തുനിന്ന് വാങ്ചുക്കിനെ പോലീസ് മാറ്റിയതിന് പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത്.

To advertise here,

ലേ പോലീസ് മേധാവി നൽകിയ കത്തും പോലീസിന്റെ റിപ്പോർട്ടും പരിഗണിച്ചാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വാങ്ചുക്കിനെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരമാണ് മജിസ്ട്രേറ്റ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. വീട്ടുതടങ്കൽ ഉടൻ പ്രാബല്യത്തിൽവരുമെന്നും 60 ദിവസം തുടരുമെന്നും മജിസ്ട്രേറ്റിന്റെ ഉത്തരവിൽ പറയുന്നു.

ഉത്തരവ് വരുന്നതിന് മണിക്കൂറുകൾക്ക് മുൻപുതന്നെ താൻ വീട്ടുതടങ്കലിലാണെന്ന് വാങ്ചുക്ക് പറഞ്ഞിരുന്നു. തന്റെ വീടിന് ചുറ്റും നിരവധി പോലീസുകാർ നിലയുറപ്പിച്ചിട്ടുണ്ടെന്നും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. വീട്ടിൽ തുടരാൻ നിർദേശിച്ചുവെന്നാണ് സർക്കാർ പറയുന്നതെങ്കിലും താൻ വീട്ടുതടങ്കലിലാണെന്നാണ് വാങ്ചുക്കിന്റെ ആരോപണം. കഴിഞ്ഞ വർഷം ലേയിൽ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വൈകുന്നതും ശൈത്യകാലത്ത് തിടുക്കത്തിൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തുന്നതും ചോദ്യം ചെയ്തതിനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്ക് മുഴുവൻ പ്രതിഷേധത്തിലാണെന്ന് പറഞ്ഞ വാങ്ചുക്ക് തന്റെ എക്‌സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളുടെ റീച്ച് ഗണ്യമായി കുറഞ്ഞെന്നും ആരോപിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഇത്തരം സാഹചര്യമെന്നും തന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണമെന്നും അദ്ദേഹം കുറിപ്പിലൂടെ അഭ്യർഥിച്ചു.

2019-ൽ ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള ആദ്യത്തെ വലിയ തിരഞ്ഞെടുപ്പിനാണ് ഇപ്പോൾ കളമൊരുങ്ങുന്നത്. ലഡാക്കിലെ എട്ട് സ്വയംഭരണ ഹിൽ ഡെവലപ്മെന്റ് കൗൺസിലുകളിലേക്കാണ് ഡിസംബർ നാലിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരേ പ്രതിഷേധവും ബഹിഷ്‌കരണ ആഹ്വാനങ്ങളും ഉയർന്നിട്ടുണ്ട്. എട്ട് കൗൺസിലുകളിലായി ആകെ 100 മണ്ഡലങ്ങളാണുള്ളത്. ഇതിൽ 36 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

നവംബർ 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 18-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നവംബർ 20 വരെ സ്ഥാനാർഥികൾക്ക് പത്രിക പിൻവലിക്കാം. ഡിസംബർ എട്ടോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പ്രത്യേക പരിരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ലേ, കാർഗിൽ മേഖലകളിൽ ദീർഘകാലമായി പ്രക്ഷോഭം നടക്കുന്നുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ പാർട്ടികളും സാമൂഹിക, സാംസ്‌കാരിക സംഘടനകളും പ്രതിഷേധത്തിലാണ്. തിരഞ്ഞെടുപ്പ് ശൈത്യകാലത്തേക്ക് മാറ്റിയതിനൊപ്പം മണ്ഡല പുനർനിർണയത്തിലും സംഘടനകൾ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര ന്യായീകരിച്ചു. കാലാവസ്ഥ വോട്ടെടുപ്പിനെ ബാധിക്കാതിരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോളിങ് ബൂത്തുകളിൽ ഹീറ്ററുകൾ സ്ഥാപിക്കും. പ്രായമായവർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തും. പോളിങ് കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ സ്‌കൂളുകൾ സാധാരണയായി ഡിസംബർ 15-16 വരെ പ്രവർത്തിക്കാറുണ്ടെന്ന് കുന്ദ്ര ചൂണ്ടിക്കാട്ടി. ഈ സമയത്ത് കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നുണ്ടെങ്കിൽ മുതിർന്നവർക്ക് വോട്ട് ചെയ്യാൻ എത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. പുതിയ കൗൺസിലുകൾ രൂപീകരിക്കുന്നത് ഇനിയും വൈകിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിലുകൾക്ക് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാൻ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും കുന്ദ്ര വ്യക്തമാക്കി.

അതേസമയം, കടുത്ത ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ ലഡാക്കിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകൾ പ്രതിഷേധം തുടരുകയാണ്. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. തിരഞ്ഞെടുപ്പ് സമയക്രമത്തിൽ പ്രതിഷേധിച്ച് കാർഗിലിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ ബഹിഷ്‌കരിക്കുമെന്ന് ലേയിലെ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, താഴെത്തട്ടിലുള്ള ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പുതുതായി രൂപീകരിച്ച ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ പ്രവർത്തനം തുടങ്ങുന്നതിനും സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.