താനൊരു നോണ്‍-ബൈനറി വ്യക്തിയാണെന്നാണ് പീക്ക് ടി.വിയിലെ അഭിമുഖത്തില്‍ നേഹ പറഞ്ഞത്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന സമര നേതാവാണ് നേഹാ ബോറ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലേയും ശ്രദ്ധാകേന്ദ്രം നേഹയായിരുന്നു. ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) എന്ന വിദ്യാർഥി സംഘടനയുടെ ദേശീയ അധ്യക്ഷയായ നേഹാ ബോറയെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
താനൊരു ‘നോൺ-ബൈനറി’ വ്യക്തിയാണെെന്ന നേഹയുടെ പരാമർശമാണ് പ്രചാരണങ്ങൾക്ക് കാരണമായത്. 'താനൊരു സ്ത്രീയല്ല, മറിച്ച് ട്രാൻസ്‌ജെൻഡറാണ്, ഞെട്ടിച്ച് നേഹാ ബോറ' എന്നെല്ലാമെഴുതിയ കാർഡുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നേഹയുടെ രാഷ്ട്രീയ എതിരാളികളാണ് ഈ പ്രചാരണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നേഹയുടെ കള്ളത്തരം കൈയോടെ പിടിച്ചു എന്ന തരത്തിലാണ് പോസ്റ്റുകൾ.
നേഹാ ബോറയെ കുറിച്ച് ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിലെ വാസ്തവം എന്താണെന്ന് നോക്കാം. പീക്ക് ടിവി എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേഹ പറഞ്ഞൊരു കാര്യമാണ് പ്രചരിപ്പിക്കുന്നത്. താൻ സ്ത്രീയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും താനൊരു നോൺ-ബൈനറി വ്യക്തിയാണെന്നുമാണ് അഭിമുഖത്തിൽ നേഹ പറഞ്ഞത്. എന്നാൽ, ഈ വാക്കുകളുടെ യഥാർഥ അർഥം മനസ്സിലാക്കാതെയോ അല്ലെങ്കിൽ മനഃപൂർവം തെറ്റായി വ്യാഖ്യാനിച്ചോ ആണ് സോഷ്യൽമീഡിയയിൽ നേഹാ ബോറ ട്രാൻസ്‌ജെൻഡറാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
‘നോൺ ബൈനറി’ എന്ന വാക്കിന്റെ അർഥം ട്രാൻസ്‌ജെൻഡർ എന്നല്ല. സമൂഹം മനുഷ്യരെ പൊതുവേ സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ട് ലിംഗവിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. എന്നാൽ, തങ്ങളുടെ ലിംഗസ്വത്വം സ്ത്രീ, പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളിൽ ഒതുങ്ങുന്നവർ അല്ലെന്ന് അനുഭവപ്പെടുന്നവരും ഈ രണ്ടു വിഭാഗങ്ങൾക്കും അപ്പുറം സ്വന്തം സ്വത്വം കണ്ടെത്തുന്നവരുമുണ്ട്. ഇത്തരക്കാരെയാണ് നോൺ ബൈനറി എന്ന് വിളിക്കുന്നത്.
അവൻ/അവൾ എന്നല്ല, മറിച്ച് 'അവർ' എന്ന് വിളിക്കപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നേഹാ ബോറ തന്റെ സോഷ്യൽ മീഡിയാ ബയോയിൽ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Amid viral social media claims calling AISA national president Neha Bora transgender, fact checks reveal she identified as a non-binary person in a recent interview, which rivals misrepresented online.
Published: 15 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented