ചിക്കാഗോ സർവകലാശാലയിൽ നടന്ന സംവാദത്തിൽ വിദേശനയത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചു

ചിക്കാഗോ: ആഗോള നയതന്ത്രത്തിൽ ഇന്ത്യ ഒരു ‘സൈഡ് പ്ലെയർ’ മാത്രമായി മാറിയെന്നും ആഗോള വിഷയങ്ങളിൽ സ്വതന്ത്രമായി നിലപാടെടുക്കാനുള്ള ശേഷി രാജ്യത്തിന് നഷ്ടപ്പെട്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയുമായും ഇറാനുമായും പാകിസ്താൻ നയതന്ത്ര ചർച്ചകളിൽ ഏർപ്പെടുമ്പോൾ ഇന്ത്യ കാഴ്ചക്കാരനായി നിൽക്കുകയാണെന്നും ചിക്കാഗോ സർവകലാശാലയിൽ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു. എന്നാൽ, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. രാഹുൽ പാകിസ്താന്റെ 'ഫാൻ ബോയ്' ആയി പ്രവർത്തിക്കുകയാണെന്നും വിദേശ മണ്ണിൽ രാജ്യത്തെ അപമാനിക്കുകയാണെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര ബന്ധങ്ങളിൽ ഇന്ത്യ പരമ്പരാഗതമായി സ്വതന്ത്രമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആഗോള സംഭവവികാസങ്ങളെ സ്വതന്ത്രമായി മനസ്സിലാക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ പങ്കാളിത്തങ്ങൾ നിലനിർത്തുന്ന ശൈലിയായിരുന്നു അത്. എന്നാൽ, പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ ചർച്ചകളിൽനിന്ന് ഇന്ത്യ ഇപ്പോൾ ക്രമേണ ഒഴിവാക്കപ്പെടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ആഗോളരാഷ്ട്രീയത്തിൽ ഇന്ത്യയ്ക്ക് എല്ലായ്‌പ്പോഴും വളരെ സൂക്ഷ്മമായ ധാരണയുണ്ടായിരുന്നു. നമുക്ക് പങ്കാളിത്തങ്ങളും നയതന്ത്ര ബന്ധങ്ങളുമുണ്ടായിരുന്നെങ്കിലും സ്വന്തമായ നിലപാടുകളുമുണ്ടായിരുന്നു. വലിപ്പംകൊണ്ട് ഇന്ത്യയ്ക്ക് ആഗോളതലത്തിൽ സ്വാഭാവികമായും വലിയൊരു ശബ്ദമുണ്ട്. ആഗോള ചർച്ചകളിൽ ഇന്ത്യ സജീവമായി ഇടപെടേണ്ടതുണ്ട്. എന്നാൽ, വാസ്തവത്തിൽ ഇന്ത്യ ഒരു പാർശ്വവത്കരിക്കപ്പെട്ട കളിക്കാരനായി മാറിയിരിക്കുന്നു. അതേസമയം, പാകിസ്താൻ ഇറാനുമായും അമേരിക്കയുമായും ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്’, രാഹുൽ ഗാന്ധി പറഞ്ഞു.
പാകിസ്താൻ അമേരിക്കയുമായും ഇറാനുമായും നയതന്ത്ര ചർച്ചകൾ നടത്തുമ്പോൾ ഇന്ത്യ വെറുതെ നോക്കിനിൽക്കുന്നത് തനിക്ക് അത്ഭുതമുണ്ടാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘പ്രധാനമന്ത്രി മോദി എപ്പോഴും ‘അയാൾ എന്റെ സുഹൃത്താണ്’ എന്ന് പറയാറുണ്ട്. എന്നാൽ, വ്യക്തിപരമായ സൗഹൃദമല്ല കാര്യം; നയതന്ത്രം അങ്ങനെ പ്രവർത്തിക്കില്ല. സൗഹൃദത്തെ ആര് പരിഗണിക്കുന്നു? ഒരാൾ നിങ്ങളുടെ സുഹൃത്തായതുകൊണ്ടുമാത്രം ആഗോള നയതന്ത്രം മുന്നോട്ടുപോകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?’, രാഹുൽ ചോദിച്ചു.
ഇതിനുപിന്നാലെ രൂക്ഷവിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. വിദേശ മണ്ണിലിരുന്ന് ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ഇല്ലാതാക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് അങ്ങേയറ്റം അപലപനീയവും മാപ്പർഹിക്കാത്തതുമാണെന്ന് ബി.ജെ.പി. വക്താവ് സി.ആർ. കേശവൻ പറഞ്ഞു. രാഹുൽ ഗാന്ധി പാകിസ്താന് വേണ്ടിയുള്ള ആവേശഭരിതനായ ചിയർ ലീഡറെപ്പോലെയും നാണമില്ലാത്ത പ്രചാരകനെപ്പോലെയുമാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകൾ ആഗോള നയതന്ത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മറ്റൊരു ബി.ജെ.പി. വക്താവായ പ്രദീപ് ഭണ്ഡാരിയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തുവന്നു. രാഹുൽ ഗാന്ധിക്ക് പാകിസ്താനോട് എന്താണ് ഇത്ര താല്പര്യമെന്നും ഓരോ അന്താരാഷ്ട്ര വേദിയിലും അദ്ദേഹം പാകിസ്താന്റെ ‘ഫാൻ ബോയ്’ ആയി മാറുകയാണെന്നും ഭണ്ഡാരി ആരോപിച്ചു. റഷ്യ-യുക്രൈൻ സമാധാന ശ്രമങ്ങളിലും ഇറാൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിലും ഇന്ത്യയുടെ നയതന്ത്രമാണ് അംഗീകരിക്കപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Speaking at the University of Chicago, Lok Sabha Leader of the Opposition Rahul Gandhi alleged that India has been reduced to a sidelined player in international diplomacy while countries like Pakistan actively negotiate on the world stage, drawing sharp rebuttals from the BJP.
Published: 20 Nov 2026, 10:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented