ലഖ്നൗ: ചന്ദ്രശേഖർ ആസാദുമായി കൈകോർത്ത് ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ പരിഹാസവുമായി സമാജ്‌വാദി പാർട്ടി (എസ്.പി) നേതാവ് അസം ഖാൻ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് ജയിൽമോചിതനായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തർപ്രദേശിൽ ഹൈദരാബാദി ബിരിയാണിക്ക് പ്രിയമില്ലെന്നും ഇവിടെയുള്ളവർക്ക് പുലാവും മട്ടൺ ബിരിയാണിയുമാണ് ഇഷ്ടമെന്നുമാണ് അസം ഖാൻ പറഞ്ഞത്. ഹൈദരാബാദിൽ നിന്നുള്ള നേതാവാണ് ഒവൈസി. 

To advertise here,

സംസ്ഥാനത്തെ ആകെ വോട്ടർമാരിൽ 20 ശതമാനത്തോളം മുസ്‍ലിങ്ങളാണ്. ഇവർ സമാജ്‍വാദി പാർട്ടിയുടെ പ്രധാന വോട്ടുബാങ്കുകളിലൊന്നാണ്. ഈ സാഹചര്യത്തിലാണ് ഒവൈസിയെ ലക്ഷ്യമിട്ടുള്ള അസം ഖാൻ പരാമർശം.

'തിരഞ്ഞെടുപ്പല്ല നടക്കാൻ പോകുന്നത്, വിപ്ലവമാണ്. മാറ്റമല്ല ഉണ്ടാകാൻ പോകുന്നത്, പ്രളയമാണ്. ഇനി ജാതിയുടെയോ മതത്തിന്റെയോ പേരിലായിരിക്കില്ല ആളുകൾ മത്സരിക്കുക. വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മത്സരം. ഭരണഘടനയ്ക്കുവേണ്ടി മരിക്കാൻ ഞങ്ങളെ പോലുള്ളവർ എല്ലായ്‌പ്പോഴും തയ്യാറാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്.' -അസം ഖാൻ പറഞ്ഞു.

ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി (കാൻഷിറാം) യുമായി സമാജിക് പരിവർത്തൻ മോർച്ച എന്ന പേരിൽ ഒവൈസിയുടെ എഐഎംഐഎം സഖ്യം രൂപീകരിച്ചിട്ടുണ്ട്. നാഗിന മണ്ഡലത്തിലെ എംപിയായ ചന്ദ്രശേഖർ ആസാദിനെ സമാജിക് പരിവർത്തൻ മോർച്ചയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷം ആദ്യത്തോടെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തനിക്കെതിരായ ഇ.ഡി കേസിനെ കുറിച്ചും അസം ഖാൻ സംസാരിച്ചു. താൻ മാഫിയയാണോ എന്നും അദ്ദേഹം ചോദിച്ചു. കുട്ടികൾക്കായി സ്‌കൂളുകൾ തുറക്കുകയും ഒരു സർവകലാശാല സ്ഥാപിക്കുകയും ചെയ്ത ആളാണ് താൻ. അങ്ങനെയുള്ള ഒരാളെ മാഫിയയെന്ന് വിളിക്കാമോ. 

78 വയസ്സുകാരനായ അസം ഖാന് ഈ ആഴ്ചയാണ് അലഹബാദ് ഹൈക്കോടതി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റിലാക്കുമ്പോൾ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ രേഖാമൂലം അറിയിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയ്യാറായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒക്ടോബർ 31-നായിരുന്നു അറസ്റ്റ്. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് തടയണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതിയും അംഗീകരിച്ചില്ല. ഇഡിയുടെ ഹർജി തള്ളുകയായിരുന്നു.

പത്തുതവണ എംഎൽഎയായ അസം ഖാനെ ഒക്ടോബർ 31-ന് റാംപുർ ജില്ലാ ജയിലിൽനിന്നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ഇരട്ട പാൻ കാർഡ് തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച് അദ്ദേഹം ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. തുടർന്ന് അദ്ദേഹം ദസ്ന ജയിലിലായിരുന്നു.