മധുര: ആഡംബര ജീവിതമാണ് താൻ നയിക്കുന്നതെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി മധുര സി.പി.എം എം.പിയും സാഹിത്യകാരനുമായ സു. വെങ്കടേശൻ. തനിക്ക് സ്വന്തമായി കാറില്ലെന്നും ആഡംബര കാർ തന്റെ സ്വന്തമല്ലെന്നും സു. വെങ്കടേശൻ വ്യക്തമാക്കി. ജഡ്ജിമാർ തങ്ങളുടെ ഭരണഘടനാപരമായ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കരുതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

തമിഴ്നാട്ടിലെ പൊതു ലൈബ്രറികളിലേക്ക്പുസ്തകങ്ങൾ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി മധുര എംപിക്കെതിരേ വിമർശനമുന്നയിച്ചത്. വെങ്കടേശൻ സ്റ്റേഷനിൽ എത്തിയത് വിലകൂടിയ മെഴ്‌സിഡസ് ബെൻസ് കാറിലാണെന്നും, ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസുമാണ് ധരിച്ചിരുന്നതെന്നും ഒരു കോർപ്പറേറ്റ് എക്‌സിക്യൂട്ടീവിനെപ്പോലെയാണ് തോന്നിച്ചതെന്നും ജഡ്ജി പറഞ്ഞു.

'താനൊരു കമ്മ്യൂണിസ്റ്റ് നേതാവാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാൽ ബെൻസ് കാറിൽ സഞ്ചരിക്കുകയും ബ്രാൻഡഡ് സാധനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. പുസ്തകങ്ങളുടെ റോയൽറ്റി കൊണ്ട് ഇത്തരം ഒരു ജീവിതശൈലി സാധ്യമാണോ എന്ന് അറിയില്ല' എന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ട്രെയിനിൽ താൻ സ്ലീപ്പർ കോച്ചിൽ സഞ്ചരിക്കുമ്പോൾ എംപി ഫസ്റ്റ് ക്ലാസ് എ.സി കോച്ചിലാണ് സഞ്ചരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒരു പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് ജസ്റ്റിസ് സ്വാമിനാഥൻ, വിവാദ പുസ്തകങ്ങൾ പിൻവലിച്ച ഒഴിവിലേക്ക് കാഞ്ചി ശങ്കരാചാര്യരുടെ ആത്മീയ പുസ്തകങ്ങൾ വെയ്ക്കുന്നത് ഒരു 'പാപപരിഹാരമായിരിക്കും' എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ വിമർശനവുമായി സു. വെങ്കടേശൻ എം.പി രംഗത്തെത്തുകയായിരുന്നു. 'അഴിമതിക്ക് ശിക്ഷ നൽകലാണ് ജഡ്ജിയുടെ ജോലി; അല്ലാതെ പാപപരിഹാരം നിർദ്ദേശിക്കുന്നത് ജ്യോത്സ്യന്മാരുടെ ജോലിയാണ്' എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. തുടർന്നാണ് ഇരുവരും തമ്മിലുള്ള പരസ്യവിമർശനങ്ങൾ ആരംഭിച്ചത്. കോടതി കാര്യങ്ങൾ എങ്ങനെ നോക്കണമെന്ന് തനിക്കറിയാമെന്ന് പറഞ്ഞ ജഡ്ജി, മധുര എംപിയുടെ ആഡംബരജീവിതത്തെ കുറിച്ച് വിമർശിക്കുകയായിരുന്നു. പുസ്തകങ്ങളെ കുറിച്ച് പറഞ്ഞത് തമാശയാണെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഇതിനെതിരെയാണ് മധുര എംപി വെങ്കടേശൻ രംഗത്തുവന്നത്. യാത്രയ്ക്ക് ഉപയോഗിച്ച കാർ തന്റെ സ്വന്തമല്ല. ജീവിതത്തിൽ ഇതുവരെ സ്വന്തമായി ഒരു കാർ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജഡ്ജിയുടേത് വിലകുറഞ്ഞ വ്യക്തിപരമായ അധിക്ഷേപമാണ്. ഒരു വ്യക്തിയുടെ വസ്ത്രവും ജീവിതവും പരിശോധിക്കുന്നതിനേക്കാൾ അയാളുടെ രാഷ്ട്രീയവും തത്ത്വചിന്തയുമാണ് പ്രധാനം എന്ന് അദ്ദേഹം തുറന്നടിച്ചു.