ന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്‌കരണ (എസ്‌ഐആർ) വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഹർജികളിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഉത്തർപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, കേരളം എന്നിവിടങ്ങളിൽനിന്നുള്ള വിവിധ ഹർജികളേക്കുറിച്ചാണ് സുപ്രീം കോടതി അതൃപ്തി വ്യക്തമാക്കിയത്. രാഷ്ട്രീയക്കാരെല്ലാം പ്രശസ്തിതേടി സുപ്രീം കോടതിയിലെത്തുന്നു എന്നതാണ് കോടതിയുടെ ആശങ്കയെന്ന് ഹർജികളുടെ വർധിച്ചുവരുന്ന എണ്ണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കൂടുതൽ ഹർജികൾ നൽകിക്കൊണ്ടിരിക്കുന്നതിലൂടെ വിഷയം രാഷ്ട്രീയവത്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്‌ഐആർ വിഷയങ്ങളിൽ സംസ്ഥാനംതിരിച്ചുള്ള ഹർജികൾ വേർതിരിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. സംസ്ഥാനം തിരിച്ചുള്ള വേർതിരിക്കലിലൂടെ സുപ്രീം കോടതിക്ക് ഓരോ സംസ്ഥാനത്തിന്റെയും പ്രശ്നം പ്രത്യേകം കേൾക്കാൻ സാധിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അസമിനും ഉത്തർപ്രദേശിനും പശ്ചിമ ബംഗാളിനും തമിഴ്‌നാടിനും വേണ്ടിയുള്ള, കുറഞ്ഞത് അഞ്ച് പുതിയ ഹർജികളിൽ നോട്ടീസ് നൽകുന്നതിനിടയിൽ എസ്‌ഐആറിന്റെ നിയമസാധുത സംബന്ധിച്ച പ്രധാന വിഷയത്തേക്കുറിച്ച് എപ്പോഴാണ് കേൾക്കാൻ കഴിയുക ആശങ്ക സുപ്രീം കോടതി പ്രകടിപ്പിച്ചു.
ഉത്തർപ്രദേശിൽനിന്നുള്ള ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദാവെ, അറിയിപ്പിൽ നൽകിയിട്ടുള്ള സമയപരിധിയെക്കുറിച്ചാണ് തന്റെ അപേക്ഷയെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനത്തിന് നിർദ്ദേശിച്ച സമയപരിധി മതിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ കുടിയേറ്റ തൊഴിലാളികൾ പൊങ്കലിന് ശേഷമാണ് മടങ്ങിയെത്തുന്നത് എന്നതിനാൽ എസ്‌ഐആറിനുള്ള സമയപരിധി നീട്ടുന്നത് കോടതി പരിഗണിക്കണമെന്നായിരുന്നു സംസ്ഥാനത്തെ പ്രതിനിധികരിച്ച അഭിഭാഷകന്റെ വാദം.
പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളുടെ ചരിത്രം ഉയർത്തിക്കാട്ടുകയും ബൂത്ത് തലത്തിലുള്ള ഉദ്യോഗസ്ഥരുടെ (ബിഎൽഒ) സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) വിന്യാസം ആവശ്യപ്പെടുകയും ചെയ്ത ഹർജിയെക്കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ഈ ഹർജിയിൽ കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് നൽകിയ ശേഷം തിരഞ്ഞെടുപ്പ് ഓഫീസുകൾക്കുനേരെ ഉയർന്ന ഭീഷണിയേക്കുറിച്ചും സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. അനീതി അനുവദിക്കാനാവില്ലെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ യഥാസമയം പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
മറ്റൊരു ഹർജിയിൽ എസ്‌ഐആർ നടപടികളിൽനിന്ന് അസമിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നോട്ടീസ് നൽകി. ബിഹാറിലെ എസ്‌ഐആറിന്റെ നിയമപരമായ കാര്യത്തിൽ മുൻഗണനയോടെ തീരുമാനമെടുക്കേണ്ടത് പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു. ബിഹാർ വിഷയത്തിലെ തീരുമാനം മറ്റ് സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന എസ്ഐആർ പ്രക്രിയകളെ സ്വാധീനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Content Highlights: Supreme Court voices dissatisfaction with numerous Special Investigation Review (SIR) petitions from various states, highlighting concerns over politicization and seeking structured approach.
Published: 09 Dec 2025, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented