ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. എന്നാൽ, ചാർജ് ഈടാക്കാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.

To advertise here,

സെപ്റ്റംബർ 14, 15 തീയതികളിൽ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനങ്ങളെ ചോദ്യംചെയ്ത് അഭിഭാഷകൻ അഞ്ജൻ ദത്ത സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. വാണിജ്യ യുപിഐ ഇടപാടുകൾക്ക് 2,000 രൂപയ്ക്ക് മുകളിൽ നിരക്ക് ഈടാക്കുമെന്നായിരുന്നു വിജ്ഞാപനം.

ചാർജുകൾ ഒക്ടോബർ 15 മുതൽ മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് കേന്ദ്രസർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ കോടതിയെ അറിയിച്ചു. 96% ഇടപാടുകൾക്കും ഈ ചാർജ് ബാധകമാകില്ലെന്നും അവശ്യ സേവനങ്ങൾക്കുള്ള ചാർജ് പരമാവധി അഞ്ച് രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു നികുതിയോ, ഫീസോ അല്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.

ഈ കാര്യങ്ങൾ സത്യവാങ്മൂലമായി നൽകണമെന്നും ഇതൊരു സാങ്കേതിക പ്രശ്‌നമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 'ഇത് നികുതിയാണോ അതോ ഫീസോ? ഫീസ് അല്ലെങ്കിൽ, ഈ ഈടാക്കലിനുള്ള നിയമപരമായ അടിസ്ഥാനം എന്താണ്? ഇവിടെ നൽകുന്ന സേവനം എന്താണ്?', ജസ്റ്റിസ് ബാഗ്ചി ആരാഞ്ഞു.

ഈ ചാർജുകളിൽനിന്ന് കേന്ദ്ര സർക്കാർ ഒരു രൂപപോലും നേടുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വിശദീകരിച്ചു. 'ഇത് പേയ്മെന്റ് ഇടനിലക്കാരും ബാങ്കുകളും തമ്മിലുള്ള ഒരു സെറ്റിൽമെന്റ് ഫീസ് മാത്രമാണ്. ബാങ്കുകൾ ഇലക്ട്രോണിക് ഇടപാടുകൾ നടത്തുമ്പോൾ അതിന് ചെലവ് വരുന്നുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് നിലവിൽ ചാർജ് ഈടാക്കുന്നുണ്ട്. എന്നാൽ, യുപിഐ പെയ്മെന്റുകളെ ഈ ചാർജുകളിൽനിന്ന് ഒഴിവാക്കിയിരിക്കുകയായിരുന്നു. എന്നാൽ, ഈ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നത് തുടരാൻ ഈ ചാർജുകൾ ആവശ്യമാണ്', അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.

നിയമപരമായ ബാധ്യത സംബന്ധിച്ച് ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനും ആർബിഐക്കും എൻപിസിഐക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

നീക്കം കള്ളപ്പണ ഇടപാടുകൾ വർദ്ധിക്കാൻ ഇടയാക്കുമെന്ന് വാദിച്ച ഹർജിക്കാരന്റെ അഭിഭാഷകൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് വിസമ്മതിച്ചു.

പൊതുജനങ്ങളെ ബാധിക്കില്ലെന്നാണ് കേന്ദ്രം പറയുന്നതെങ്കിലും, കൊമേഴ്സ്യൽ യുപിഐ ഇടപാടുകൾക്ക് നിരക്കുകൾ ഏർപ്പെടുത്തുന്നത് പൊതുജനങ്ങളെ വലിയ രീതിയിൽ ബാധിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. ബിസിനസ്സ് സ്ഥാപനങ്ങൾ ഈ ചെലവ് ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇടയുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.