ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. നിലവിലെ സാഹചര്യങ്ങളിൽ കൂടിക്കാഴ്ച നടത്തുന്നത് അനുചിതമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

To advertise here,

നാളെ വൈകീട്ട് കാണുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യ നേതാക്കൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട നിർണായകമായ വിഷയങ്ങളുണ്ടെന്നും അത് സംസാരിക്കാൻ സമയം അനുവദിക്കണമെന്നുമാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ പറഞ്ഞിരുന്നത്. ഈ ആവശ്യമാണ് നിഷേധിച്ചത്.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഔദ്യോഗികമായി മറുപടി നൽകിയിട്ടുണ്ട്. ഇമെയിലിലൂടെ നൽകിയ മറുപടിയിലാണ് ആവശ്യം നിഷേധിച്ചതായി അറിയിച്ചത്. ഈ ഘട്ടത്തിൽ വിഷയം ചർച്ച ചെയ്യുന്നത് അനുചിതമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് തിങ്കളാഴ്ച മാർച്ച് സംഘടിപ്പിക്കാനും അതിന് ശേഷം ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നത്. വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്‌ഐആർ നിർത്തിവെക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിനുവേണ്ടി നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.