ന്യൂഡൽഹി: ജനാധിപത്യം തോൽക്കാതിരിക്കാനുള്ള യുദ്ധങ്ങളാണ് ഡൽഹിയുടെ തെരുവിൽ തുടരുന്നത്. ജീവശ്വാസംപോലെ കരുതുന്ന അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള തെരുവുസമരത്തിൽ കൊടികളുടെ നിറംനോക്കാതെ അണിചേരുകയാണ് ജനസമൂഹം. മൗനം, മർദനം എന്ന പതിവ് ചേരുവകൾകൊണ്ട് പ്രതിരോധിക്കാനുള്ള സർക്കാർ ശ്രമങ്ങൾ യുവജനപ്രതിഷേധങ്ങൾക്കുമുന്നിൽ ഉരുകുന്നു.

To advertise here,

സി.ജെ.പി. നേതാക്കളെ മണ്ണിൽ കാൽകുത്തുംമുൻപ്‌ കസ്റ്റഡിയിലെടുത്തെങ്കിലും യുദ്ധം തുടരാൻ നേതാക്കൾ പലയിടങ്ങളിൽനിന്നെത്തി. ഇടതുപാർട്ടികൾ സമരച്ചരട് കൈയിലെടുത്തു. ഉത്തർപ്രദേശ് അടക്കം ഏഴു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ബാക്കിനിൽക്കേ, സമരത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ടി.എം.സി. ഉൾപ്പെടെ ചിലരെത്തി. എന്നാൽ, കഴിഞ്ഞ മൂന്നുദിവസങ്ങളായി സമരക്കൊടി ഉയർത്തിയ കോൺഗ്രസ് മൂപ്പിളമവ്യത്യാസത്തിന്റെ അളവുകോലിൽ പിശകി രണ്ടുദിവസം അവധിയെടുത്തു. അരാജകത്വമെന്ന പതിവ് നിർവചനമുയർത്തി സമരത്തെ ഒതുക്കിത്തീർക്കാൻ ബി.ജെ.പി. ശ്രമിച്ചെങ്കിലും പാളിപ്പോയി.

ഹിതപരിശോധന

തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരേയുള്ള രോഷത്തിനപ്പുറം, മോദിസർക്കാരിന്റെ ഭരണരീതിക്കെതിരേയുള്ള ഹിതപരിശോധനകൂടിയാണ് ഈ തെരുവുസമരം. എസ്.ഐ.ആറിനുപിന്നിലെ രാഷ്ട്രീയവും സമരത്തിൽ ചോദ്യംചെയ്യപ്പെടുന്നുണ്ട്. ജനസംഖ്യാനുപാതത്തിലെ മത അസന്തുലനം ചൂണ്ടിക്കാട്ടി ആശയപ്രചാരണം തുടങ്ങിവെച്ചത് ആർ.എസ്.എസാണ്. ഇതിന്റെ തുടർച്ചയെന്നനിലയിൽ അതിർത്തികളിലെ ജനസംഖ്യാമാറ്റത്തെക്കുറിച്ച് ബി.ജെ.പി. നടത്തിയ പ്രചാരണപരിപാടികളായിരുന്നു എസ്.ഐ.ആറിന്റെ അടിത്തറയെന്നാണ് ആക്ഷേപം.

ആശയക്കുഴപ്പത്തിലായ പാർട്ടികൾ

സമരങ്ങൾ ആശയക്കുഴപ്പത്തിൽ വീഴ്ത്തിയ പാർട്ടികൾ ഇരുപക്ഷത്തുമുണ്ട്. അങ്ങനെ രണ്ട് പ്രതിപക്ഷ പാർട്ടികളാണ് ഡി.എം.കെ.യും ബി.ജെ.ഡി.യും. ഇന്ത്യസഖ്യം വെടിഞ്ഞ ഡി.എം.കെ. ഗ്യാനേഷ് കുമാർ വിഷയത്തിൽ പരസ്പരവിരുദ്ധാഭിപ്രായങ്ങൾ പറഞ്ഞ് കുഴഞ്ഞുനിൽപ്പാണ്. അതിനാൽ, സി.ജെ.പി.ക്കൊപ്പമോ കോൺഗ്രസിനൊപ്പമോ ഡി.എം.കെ. ഇല്ല. ബി.ജെ.പി.ക്കൊപ്പമാണോ എന്നും വ്യക്തമല്ല.

ഇന്ത്യസഖ്യത്തിന്റെ ഭാഗമല്ലെങ്കിലും പ്രതിപക്ഷനിരയിൽ തുടരുന്ന ബി.ജെ.ഡി.യാകട്ടെ രണ്ടുദിവസം രണ്ടു നിലപാടെടുത്തു. ആദ്യദിവസം കോൺഗ്രസിനൊപ്പം സമരം ചെയ്തു. രണ്ടാംദിവസം സമദൂരം പാലിച്ച് കളംവിട്ടു. കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവത്തിൽ അതൃപ്തരായ സമാജ്‌വാദി പാർട്ടിക്കും അവ്യക്തതയാണ്. അതിനിടയിൽ എൻ.ഡി.എ.യ്ക്കുള്ളിൽത്തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. എൽ.ജെ.പി. നേതാവ് ചിരാഗ് പസ്വാൻ യുവാക്കളെ പിന്തുണച്ചുകൊണ്ടു നടത്തിയ പ്രസ്താവന ഇതിനുതെളിവാണ്.