ന്യൂഡൽഹി: പ്രതിഷേധങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. റഹീം. പ്രതിഷേധവുമായി തങ്ങൾ എത്തുന്നതെവിടെയാണോ അവിടെയാണ് ജന്തർമന്ദർ. സമാധാനപരമായി ഒത്തുചേരാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നതാണ്. ആ അവകാശം നിഷേധിച്ചാൽ കേട്ടുമടങ്ങിപ്പോകുന്നവരല്ല തങ്ങളെന്നും റഹീം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തമായി തുടരുമെന്നും ഒക്ടോബർ രണ്ടിലേതുപോലെ അപ്രതീക്ഷിതമായി ജന്തർ മന്ദറിലെത്തിയതുപോലെ നാളെയും പ്രതിഷേധക്കാർ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മുഴുവൻ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. എന്നാൽ പ്രതിഷേധക്കാർ എവിടെയെത്തുന്നുവോ അവിടെയായിരിക്കും ജന്തർ മന്ദർ. സമരത്തെ എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും അത് കൂടുതൽ ശക്തമായി ആളിപ്പടരണമെന്നാണ് തീരുമാനമെന്നും റഹീം വ്യക്തമാക്കി.

നാളെ ജെൻ-സികൾ തെരുവിലിറങ്ങും. ഇടതുപക്ഷം അവർക്കൊപ്പമുണ്ടാകും. ഈ സാഹചര്യത്തിൽ സി.പി.എം. കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിപ്പിച്ച് നാളെ ഡൽഹിയിലെ സമരമുഖത്ത് നിലയുറപ്പിക്കാനാണ് തീരുമാനം. വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിനൊപ്പം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തുന്നവർക്ക് താമസസൗകര്യമൊരുക്കുന്നതിന് ഹോട്ടലുകളിൽ ഉൾപ്പെടെ വിലക്കുണ്ട്. പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ സാധ്യതയുള്ളവർക്ക് താമസസൗകര്യം നൽകരുതെന്നാണ് ഹോട്ടലുകൾക്ക് നൽകിയ നിർദേശം. ഈ പശ്ചാത്തലത്തിൽ ഇന്ത്യാ സഖ്യത്തിലെ എം.പി.മാരുടെ വസതികൾ പ്രതിഷേധക്കാർക്ക് താമസത്തിനായി തുറന്നുകൊടുക്കാൻ തീരുമാനിച്ചതായി റഹീം അറിയിച്ചു. എപ്പോൾ ഡൽഹിയിലെത്തുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.പി.മാരുടെ വസതികൾ പ്രതിഷേധക്കാർക്കായി തുറന്നുനൽകണമെന്ന നിർദേശം കെ.സി. വേണുഗോപാലാണ് മുന്നോട്ടുവെച്ചത്.

അതേസമയം, ഇന്ത്യാ സഖ്യത്തിലെ എം.പി.മാർക്ക് ശനിയും ഞായറും അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ എല്ലാവരും ഡൽഹിയിൽ തിരിച്ചെത്തുമെന്നുമാണ് വിവരം. രാഹുൽഗാന്ധി മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുടെ ഭാഗമായി നാളെ ചെന്നൈയിലേക്ക് പോകും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി അദ്ദേഹത്തിന് കൂടിക്കാഴ്ചയുണ്ട്. രാഹുൽഗാന്ധിയുടെ യാത്രയെക്കുറിച്ച് പ്രതികരിക്കാൻ താനില്ലെന്നും അത് നേരത്തേ തീരുമാനിച്ച പരിപാടിയായിരിക്കാമെന്നും റഹീം ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിനൽകി.