ന്യൂഡൽഹി: പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീം കോടതിയെ വീണ്ടും വീണ്ടും സമീപിച്ച് തനിക്ക് മടുത്തെന്നും, പരമോന്നത കോടതിയിൽ ഇനി വലിയ പ്രതീക്ഷയൊന്നുമില്ലെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഭരണഘടനയെ സംരക്ഷിക്കാൻ ശേഷിയുള്ള ഏക സ്ഥാപനം സുപ്രീം കോടതി മാത്രമാണെങ്കിലും, കോടതിയെ സമീപിച്ച് താൻ തളർന്നതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും എസ്‌ഐആർ പ്രക്രിയയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കും പ്രതിഷേധക്കാർക്കെതിരെ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സിബലിന്റെ പ്രതികരണം.

To advertise here,

Also Read: സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്ന മോദി നേരിട്ടെന്ന് ജസ്റ്റിസ് കെ. ചന്ദ്രു

വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ അന്യായമായി നീക്കം ചെയ്യുന്നതും ഉൾപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി മാസങ്ങളോളം സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും യാതൊരു ആശ്വാസവും ലഭിച്ചില്ലെന്ന് സിബൽ ആരോപിച്ചു. പശ്ചിമ ബംഗാളിലെ അപ്പലേറ്റ് ട്രൈബ്യൂണലുകളിൽ എത്തിയ അപ്പീലുകളിൽ 93 ശതമാനത്തിലും വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കപ്പെട്ടത് പേരുകൾ തെറ്റായി നീക്കം ചെയ്തതിന് തെളിവാണെന്നും, ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇടപെടലുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ യുവാക്കളെയും അഭിഭാഷകരെയും ട്രെയിനുകളിലും വിമാനങ്ങളിൽ വച്ച് പോലും പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയാണെന്ന് സിബൽ കുറ്റപ്പെടുത്തി. കർണാടക, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാരെ ബി.എൻ.എസ്.എസ്. 163-ാം വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്ത് അറിയപ്പെടാത്ത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലേക്ക് ആളുകൾ എത്താതിരിക്കാൻ മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്ത പോലീസ് നടപടിയെയും അദ്ദേഹം വിമർശിച്ചു.

ചീഫ് ജസ്റ്റിസിനോട് അസംതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന്, അഭിഭാഷകർ എന്ന നിലയിൽ സംതൃപ്തിയോ അസംതൃപ്തിയോ ഉള്ള വിഷയമില്ലെന്നും, നീതികേട് നടക്കുമ്പോൾ ജനങ്ങൾക്കുവേണ്ടി കേസ് നടത്തുക എന്നതാണ് തങ്ങളുടെ ചുമതലയെന്നും സിബൽ മറുപടി നൽകി. എങ്കിലും വ്യക്തിപരമായ നിലപാടിൽ, സുപ്രീം കോടതിയിൽ നിന്ന് ഇനി വലിയ ആശ്വാസമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.