ന്യൂഡൽഹി: സ്കൂളുകളിൽ ലിംഗഭേദം അനുസരിച്ചുള്ള ടോയ്‌ലറ്റുകൾ, ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെ ലഭ്യത തുടങ്ങിയവയുടെ അഭാവം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം, സമത്വം, ആരോഗ്യം, അന്തസ്സ്, സ്വകാര്യത എന്നിവയുൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരു വ്യക്തിയെ മറ്റ് മാനുഷികാവകാശങ്ങൾ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നുവെന്നും ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് വിദ്യാഭ്യാസത്തിനുള്ള അവകാശമെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല പറഞ്ഞു. പൊതുതാത്പര്യഹർജിയിൽ വിധി പ്രസ്താവിക്കുമ്പോഴായിരുന്നു സുപ്ര‌ധാന നിരീക്ഷണം.

To advertise here,

സ്കൂളുകളിൽ പെൺകുട്ടികൾക്ക് ആർത്തവകാലത്ത് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ സംസ്ഥാനങ്ങളുടെ നടപടിക്രമങ്ങളിലെ വീഴ്ചയെ കോടതി വിമർശിച്ചു. വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ഹനിക്കുന്ന തടസ്സങ്ങൾക്ക് നീക്കം ചെയ്യാനുള്ള നടപടികൾക്ക് പരിഗണന നൽകണമെന്ന് കോടതി വ്യക്തമാക്കി. ആർത്തവ ശുചിത്വ സൗകര്യങ്ങളുടെ ലഭ്യതയില്ലായ്മ ഒരു പെൺകുട്ടിയുടെ സ്കൂളിൽ പോകാനുള്ള കഴിവിനെ നേരിട്ട് ബാധിക്കുന്നു എന്നും അതുവഴി മറ്റ് മൗലികാവകാശങ്ങൾ വിനിയോഗിക്കാനുള്ള കഴിവിനെ ബാധിക്കുന്നുവെന്നും കോടതി വിശദീകരിച്ചു.

സ്വകാര്യതയെയും അന്തസ്സിനെയും ലംഘിക്കാതിരിക്കാനുള്ള കടമ സംസ്ഥാനത്തിനുണ്ട്, മാത്രമല്ല ഈ അവകാശങ്ങൾ സംരക്ഷിക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാനും കടമയുണ്ട്, കോടതി പറ‍ഞ്ഞു. ആർത്തവ ശുചിത്വത്തിനുള്ള ഉത്പന്നങ്ങളുടെ ലഭ്യതയില്ലായ്മ അന്തസ്സ്, സ്വകാര്യത എന്നിവയ്ക്കുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.

"ആർത്തവകാലത്തെ ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനും ആരോഗ്യത്തോടെയിരിക്കാനുമുളള അവകാശത്തിന്റെ ഭാഗമാണ്. സമത്വത്തിനുള്ള അവകാശത്തിൽ തുല്യ അവസരത്തിനുള്ള അവകാശവും ഉൾപ്പെടുന്നു," സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ ഉത്തരവാദിത്വം എല്ലാവർക്കും ബാധകമാണെന്ന് വ്യക്തമാക്കിക്കൊണ്ട്, സ്വകാര്യ, സർക്കാർ സ്കൂളുകൾ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന ഓക്സോ-ബയോഡിഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ എല്ലാ സ്കൂളുകളിലും സൗജന്യമായി നൽകണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി നിർദ്ദേശിച്ചു. ഈ ഉത്പന്നങ്ങൾ സ്കൂൾ ടോയ്‌ലറ്റുകളിലോ സ്കൂൾ പരിസരത്തിനകത്തുള്ള നിശ്ചിത സ്ഥലത്തോ ലഭ്യമാക്കണം. കൂടാതെ, അധിക ഉൾവസ്ത്രങ്ങൾ, അധിക യൂണിഫോം, ഡിസ്പോസിബിൾ ബാഗുകൾ പോലുള്ള അവശ്യ വസ്തുക്കൾ നിറഞ്ഞ ആർത്തവ ശുചിത്വ മാനേജ്‌മെന്റ് കോർണറുകൾ സ്ഥാപിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ആർത്തവ ശുചിത്വത്തെക്കുറിച്ചും ആർത്തവ ചക്രത്തെക്കുറിച്ചുമുള്ള പരിശീലനവും ബോധവത്ക്കരണ പരിപാടികളും കോടതി നിർബന്ധമാക്കി.

മാതാപിതാക്കളുടെയും അധ്യാപകരുടെയും നിശ്ശബ്ദത പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. "ശരീരം അശുദ്ധമാണെന്ന് പറഞ്ഞതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഓരോ പെൺകുട്ടിയോടും ഞങ്ങൾക്ക് പറയാനുള്ളത്, അത് അവളുടെ തെറ്റല്ല," കോടതി കൂട്ടിച്ചേർത്തു.