ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി എത്തിയ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് പോലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകി. സുപ്രീം കോടതി ജഡ്ജി ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് വാദം. സംഭവത്തിൽ യുപി ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

To advertise here,

ഉത്തർപ്രദേശിലെ അതിഥി മന്ദിരമായ സർക്യൂട്ട് ഹൗസിൽവെച്ചായിരുന്നു സംഭവം. സുപ്രീംകോടതി ജഡ്ജി എത്തുന്നതറിഞ്ഞ് സഹാറൻപുരിലെ സർക്യൂട്ട് ഹൗസിൽ പോലീസ് സംഘം കഴിഞ്ഞദിവസം രാവിലെ തന്നെ എത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അസദുദ്ദീൻ ഒവൈസി എത്തുന്നത്. ഇതോടെ അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സുപ്രീംകോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് ഒവൈസിക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയായിരുന്നു. ഒവൈസി ഇത് സ്വീകരിക്കുകയും ചെയ്തു.

ഒവൈസിയുടെ സർക്യൂട്ട് ഹൗസ് സന്ദർശനം മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം അപ്രതീക്ഷിതമായാണ് അവിടെയെത്തിയതെന്നും അധികൃതർ പറഞ്ഞു. പ്രോട്ടോക്കോൾ വീഴ്ച സമ്മതിച്ച സിറ്റി പോലീസ് സൂപ്രണ്ട് വ്യോം ബിന്ദൽ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അറിയിച്ചു.

2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഒവൈസിയും അദ്ദേഹത്തിന്റെ സഖ്യകക്ഷി നേതാവുമായ ചന്ദ്രശേഖർ ആസാദും സഹാറൻപുരിലെത്തിയത്. ഇരുവരും നേരത്തെ സഖ്യംപ്രഖ്യാപിച്ചിരുന്നു.