ന്യൂഡൽഹി: നിയമപഠനത്തിന് പ്രവേശനം തേടുന്ന വിദ്യാർഥികൾ സ്ഥാപനങ്ങളുടെ ആധികാരികതയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും സ്വന്തം നിലയിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ബി.സി.ഐ. ആയിഷ ജെയിൻ വേഴ്സസ് അമിറ്റി യൂണിവേഴ്സിറ്റി കേസിൽ ഒക്ടോബർ ഒൻപതിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നവംബർ 19-ന് ബി.സി.ഐ. ഇതുസംബന്ധിച്ച ജാഗ്രതാനിർദ്ദേശം പുറത്തിറക്കിയത്.

To advertise here,

ബി.സി.ഐ. അംഗീകാരം നിർബന്ധം 

ഒരു സർവകലാശാല സ്ഥാപിക്കപ്പെട്ടതുകൊണ്ടോ, സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി. ലഭിച്ചതുകൊണ്ടോ, ഏതെങ്കിലും സർവകലാശാലയുടെ അഫിലിയേഷൻ ഉള്ളതുകൊണ്ടോ മാത്രം നിയമബിരുദം നൽകാൻ സാധിക്കില്ല. 2008-ലെ ലീഗൽ എജ്യുക്കേഷൻ ചട്ടങ്ങൾ പ്രകാരമുള്ള ബി.സി.ഐ. അംഗീകാരം ഇതിന് നിർബന്ധമാണ്. അംഗീകൃത സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും പട്ടിക ബി.സി.ഐ. വെബ്സൈറ്റിൽ ലഭ്യമാണ്.

കോഴ്സും സീറ്റുകളുടെ എണ്ണവും

മൂന്ന് വർഷത്തെ എൽ.എൽ.ബി. കോഴ്സിനോ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് നിയമബിരുദ കോഴ്സിനോ കൃത്യമായ അംഗീകാരമുണ്ടോ എന്ന് വിദ്യാർഥികൾ പരിശോധിക്കണം. അനുവദിക്കപ്പെട്ട ബാച്ചുകളുടെയും സീറ്റുകളുടെയും എണ്ണം ബി.സി.ഐ. അംഗീകാരത്തിന് അനുസൃതമാണെന്നും ഉറപ്പാക്കണം. ഒരു കോഴ്സിനോ അധ്യയന വർഷത്തിനോ ലഭിച്ച അംഗീകാരം മറ്റു കോഴ്സുകൾക്കോ ബാച്ചുകൾക്കോ സ്വയമേവ ബാധകമാകില്ല.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല

അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നോ പരിശോധന നടന്നുവരികയാണെന്നോ ഉള്ള കാരണങ്ങൾ കാണിച്ച് അംഗീകാരം ലഭിച്ചതായി വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് സർവകലാശാലകൾക്കും ലോ കോളേജുകൾക്കും അഡ്മിഷൻ ഏജൻസികൾക്കും ബി.സി.ഐ. മുന്നറിയിപ്പ് നൽകി.

അംഗീകാരം സംബന്ധിച്ച കൃത്യമായ വിവരങ്ങളും സീറ്റുകളുടെ എണ്ണവും സ്ഥാപനങ്ങൾ പരസ്യപ്പെടുത്തണം. ആവശ്യപ്പെടുന്ന പക്ഷം അംഗീകാര രേഖകൾ ലഭ്യമാക്കേണ്ടതുമാണ്. വ്യവസ്ഥകൾക്ക് വിധേയമായാണ് അംഗീകാരമെങ്കിൽ ആ വിവരം മറച്ചുവെക്കരുത്.

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നത് ഭാവിയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുന്നതിന് തടസ്സമാകുമെന്ന് ബി.സി.ഐ. വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ നൽകുന്നതോ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾക്കെതിരെ 1961-ലെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കും.