
മുംബൈ: പുതുവര്‍ഷാഘോഷത്തിന് മുന്നോടിയായി അജ്ഞാതന്റെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രതയില്‍ മുംബൈ പോലീസ്. നിരവധി സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ ഭീഷണി. മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഫോണ്‍ എത്തിയത്. മുംബൈയില്‍ ഒരു സ്‌ഫോടനം ഉണ്ടാകുമെന്ന് മാത്രം പറഞ്ഞ് അജ്ഞാതന്‍ ഫോണ്‍ വെച്ചതായാണ് വിവരം. ഇതിനുശേഷം നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല.
അതേസമയം പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളും ട്രാഫിക്ക് പ്രശ്‌നങ്ങളും ഒഴിവാക്കി പരിപാടികളും ആഘോഷങ്ങളും സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കനത്ത മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് പ്രാധാനമായും സുരക്ഷ ഒരുക്കുന്നത്.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനായി 1000 ഉദ്യോഗസ്ഥരെയാണ് തലസ്ഥാന നഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. രണ്ടു ഷിഫ്റ്റുകളായാണ് ഇവര്‍ പ്രവര്‍ത്തിക്കുകയെന്നും ആദ്യ ഷിഫ്റ്റ് വൈകീട്ട് അഞ്ചുമുതല്‍ രാത്രി 12 വരെയും മറ്റൊരു ഷിഫ്റ്റ് രാത്രി 12 മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് തിര്‍ക്കി പറഞ്ഞു. ഇതുകൂടാതെ 2500 ഉദ്യോഗസ്ഥരെ 250 ടീമുകളായും ഡല്‍ഹി പോലീസ് വിന്യസിച്ചിട്ടുണ്ട്. 31ന് രാത്രി എട്ടുമണി മുതല്‍ നിയന്ത്രണങ്ങള്‍ തുടങ്ങും.
ബെംഗുളൂരുവില്‍ കടുത്ത നിയന്ത്രണങ്ങല്‍ ഈ ആഴ്ച ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. മദ്യപിച്ചു വണ്ടിയോടിക്കുന്നവരെയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെയും കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കും. വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന എംജി റോഡ്, റെസിഡന്‍സി റോഡ്, ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 31 രാത്രി എട്ടുമണി മുതല്‍ ജനുവരി 1 വരെ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹോട്ടല്‍, ക്ലബ്, പബ്ബ് എന്നിവിടങ്ങളിലെ പാര്‍ട്ടികള്‍ രാത്രി ഒരു മണിക്ക് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടികളില്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷിക്കണം.
ചെന്നൈയില്‍ ഞായറാഴ് വൈകീട്ട് മുതല്‍ തിങ്കളാഴ്ച വരെ കടലില്‍ ഇറങ്ങരുതെന്ന് സിറ്റി പോലീസിന്റെ നിര്‍ദേശമുണ്ട്. കരിമരുന്നു പ്രയോഗത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 18,000 ഉദ്യോഗസ്ഥരെയാണ് ചെന്നൈയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വാഹന പരിശോധനയ്ക്കായി 420 പോലീസ് സംഘങ്ങളെയും വിന്യസിക്കും. ഓരോ സംഘത്തിലും അഞ്ച് മുതൽ പത്ത് പോലീസുകാരുണ്ടാകും.
ഹൈദരാബാദിലെ പബ്ബുകളിലും പാര്‍ട്ടികളിലും പോലീസ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നുണ്ട്. ലഹരി ഉപയോഗം കണ്ടെത്താനായി പ്രത്യേത ഡ്രഗ് കിറ്റും ഉപയോഗിക്കും. ലഹരിമരുന്ന് ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും തെലങ്കാന പോലീസ് അറിയിച്ചു.
ശനിയാഴ്ച മഹാരാഷ്ട്രയില്‍ പാര്‍ട്ടി നടന്ന സ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡില്‍ നിരോധിത ലഹരിമരുന്നുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് എണ്‍പതോളം പേരെ അറസ്റ്റ്‌ചെയ്തിരുന്നു. താനെയില്‍ വടവല്ലി ക്രീക്കിനടുത്തുള്ള ഉള്‍പ്രദേശങ്ങളിലെ തുറന്ന സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടയാണ് ഇവരെ പിടികൂടിയത്. എല്‍എസ്ഡി അടക്കമുള്ള മയക്കുമരുന്നുകളും പോലീസ് ഇവരുടെ പക്കല്‍നിന്നും പിടികൂടിയിട്ടുണ്ട്.
പിടകൂടിയവരെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ നൂറിലധികം ചെറുപ്പക്കാര്‍ക്ക് പാര്‍ട്ടിയുടെ ക്ഷണം അയച്ചിരുന്നു. പാര്‍ട്ടിയുടെ രണ്ട് സംഘാടകരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
Content Highlights: Security Beefed Up in Delhi, Mumbai & Other Cities On New Year's Eve; Traffic Advisory Issued
Published: 31 Dec 2023, 05:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented