മുംബൈയിലെ വസതിയായ 'ജൽസ'യ്ക്ക് നേരെ ബോംബ് ഭീഷണിയെ തുടർന്ന്, ഞായറാഴ്ചത്തെ പതിവ് ആരാധക കൂടിക്കാഴ്ചയിൽ അമിതാഭ് ബച്ചന് കനത്ത സുരക്ഷ. വസതിക്ക് മുന്നിൽ നിർമിച്ച പ്രത്യേക ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൂട്ടിനുള്ളിൽ നിന്നാണ് അദ്ദേഹം ആരാധകരെ കണ്ടതും കൈവീശി അഭിവാദ്യം ചെയ്തതും.

To advertise here,

താരത്തിന് നേരെ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മകൻ അഭിഷേക് ബച്ചനും ഉടനീളം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജൽസയ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്ന അമിതാഭ് ബച്ചന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസും കനത്ത സുരക്ഷാ സംഘവും ബച്ചനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച മുംബൈ പോലീസിന് ലഭിച്ച ബോംബ് ഭീഷണി സന്ദേശത്തിന് പിന്നാലെയാണ് ബച്ചന്റെ വസതിക്ക് സുരക്ഷ വർധിപ്പിച്ചത്. മുംബൈ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ഒരു സ്‌കൂളിലേക്കാണ് ജൽസ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇമെയിൽ സന്ദേശം എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വർഷങ്ങളായി ഞായറാഴ്ചകളിൽ ജൽസയ്ക്ക് മുന്നിലെത്തുന്ന ആരാധകരെ അമിതാഭ് ബച്ചൻ നേരിട്ടുകണ്ട് അഭിവാദ്യം ചെയ്യുന്ന പതിവുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിച്ചെങ്കിലും പതിവ് തെറ്റിക്കാൻ അദ്ദേഹം തയ്യാറായില്ല.