ന്യൂഡൽഹി/ബംഗളൂരു: മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി ഇന്ത്യ പൂർണമായും തദ്ദേശീയമായി രൂപകല്പനചെയ്ത് നിർമിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ പുറത്തിറങ്ങാൻ തയ്യാറായി. ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ (ബിഇഎംഎൽ) പ്ലാന്റിലാണ് ഈ ട്രെയിനിന്റെ നിർമാണം പുരോഗമിക്കുന്നത്. വിദേശ സാങ്കേതികവിദ്യയെമാത്രം ആശ്രയിക്കുന്ന രീതിയിൽനിന്ന് മാറി, രാജ്യത്തെ കാലാവസ്ഥയ്ക്കും പ്രവർത്തന സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇന്ത്യൻ എഞ്ചിനീയർമാർ ഈ ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്.

To advertise here,

മണിക്കൂറിൽ 280 കിലോമീറ്റർ പരമാവധി പരീക്ഷണ വേഗത കൈവരിക്കുന്ന തരത്തിലാണ് ബുള്ളറ്റ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, മണിക്കൂറിൽ 249 കിലോമീറ്റർ വേഗതയിലായിരിക്കും ഇത് സർവീസ് നടത്തുക. നാല് മോട്ടോർ കാറുകളും നാല് ട്രെയിലർ കാറുകളും ഉൾപ്പെടെ എട്ട് കോച്ചുകളുള്ള തീവണ്ടിക്ക് ആകെ 202 മീറ്റർ നീളമുണ്ടാകും. രണ്ട് ഭിന്നശേഷി സൗഹൃദ സീറ്റുകൾ ഉൾപ്പെടെ ആകെ 557 യാത്രക്കാർക്ക് ഈ തീവണ്ടിയിൽ യാത്ര ചെയ്യാം.

തീവണ്ടിയിൽ 3x2 സീറ്റിങ് സൗകര്യത്തോടുകൂടിയ ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളും 2x2 സീറ്റിങ് സൗകര്യമുള്ള ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഉണ്ടായിരിക്കും. തീവണ്ടിയുടെ ഇരുവശങ്ങളിലും ഡ്രൈവർ കാബുകളുണ്ട്. ഓപ്പറേഷൻ കൺട്രോൾ സെന്ററുമായി ഏകോപനം നടത്തുന്നതിന് ഡ്രൈവർ ക്യാബുകളിൽ ഇന്റലിജന്റ് ഓൺ-ബോർഡ് കൺട്രോൾ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ഭാവി ആവശ്യങ്ങൾക്കായി ഇത്തരം രണ്ട് 8-കോച്ച് ട്രെയിനുകൾ കൂട്ടിയിണക്കി 16 കോച്ചുകളുള്ള ഒറ്റ ട്രെയിനാക്കി മാറ്റാനും സാധിക്കും.

യാത്രക്കാരുടെ സൗകര്യങ്ങൾ മുൻനിർത്തി, വിശാലമായ സീറ്റുകളും കാൽ നീട്ടിയിരിക്കാൻ ആവശ്യമായ സ്ഥലവും ഉൾപ്പെടുത്തിയാണ് ഇൻ്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭിന്നശേഷിക്കാർക്കായി ട്രെയിനിൽ ലെവൽ ബോർഡിങ് സൗകര്യവും പ്രത്യേക സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കോച്ചുകൾക്കിടയിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാതെ നടക്കാൻ സഹായിക്കുന്ന രീതിയിലാണ് സിംഗിൾ പീസ് ഗാങ്‌വേ നൽകിയിരിക്കുന്നത്.

വിശാലമായ ജനലുകൾ യാത്രക്കാർക്ക് പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ അനുയോജ്യമാണ്. ആധുനിക എൽ.ഇ.ഡി ലൈറ്റിങ് സംവിധാനവും തലയ്‌ക്കു മുകളിലുള്ള റാക്കുകൾക്ക് പുറമേ വലിയ ലഗേജുകൾ വെയ്ക്കാനായി തറയിൽ പ്രത്യേക സ്റ്റാൻഡുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ചാർജ് ചെയ്യുന്നതിനായി ഓരോ യാത്രക്കാരനും വ്യക്തിഗത പവർ ഔട്ട്ലെറ്റുകളുമുണ്ട്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ആധുനിക ബയോ ടോയ്‌ലറ്റുകളാണ് ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്.

യാത്രയിലുടനീളം വിവരങ്ങൾ നൽകുന്നതിനായി സമഗ്രമായ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാബിനകത്ത് ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കുന്ന എൽ.സി.ഡി ഡിസ്പ്ലേകൾ ഉണ്ടാകും. യാത്രക്കാർക്ക് അപ്പപ്പോഴുള്ള വിവരങ്ങൾ നൽകാനായി പബ്ലിക് അഡ്രസ് സിസ്റ്റവും ഓട്ടോമാറ്റിക് അനൗൺസ്മെന്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.

മുൻകൂട്ടി അപ്ലോഡ് ചെയ്ത വിനോദ പരിപാടികൾ സ്ട്രീം ചെയ്യാൻ സഹായിക്കുന്ന ഹൈസ്പീഡ് വൈഫൈ അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭ്യമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ജീവനക്കാരുമായി ബന്ധപ്പെടുന്നതിനായി പാസഞ്ചർ കാബിനുകളിലും വെസ്റ്റിബ്യൂളുകളിലും എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

എല്ലാവർക്കും എളുപ്പത്തിൽ കയറാൻ പാകത്തിലാണ് ട്രെയിനിന്റെ തറയുടെ ഉയരം ക്രമീകരിച്ചിരിക്കുന്നത്. ട്രെയിനും പ്ലാറ്റ്‌ഫോമും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനായി വാതിലുകളോട് ചേർന്ന് ഉള്ളിലേക്ക് മടങ്ങുന്ന ഫൂട്ട്സ്റ്റെപ്പുകൾ നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേകമായി രൂപകൽപ്പനചെയ്ത വാതിലുകളും ടോയ്‌ലറ്റുകളും കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിലി ലിപിയിലുള്ള സൈനേജുകളും ഇതിലുണ്ട്. വർഷം മുഴുവനും സുഖകരമായ താപനിലയും ആർദ്രതയും നിലനിർത്തുന്നതിനായി ഓരോ കോച്ചിലും ഡ്യുവൽ യൂണിറ്റ് എച്ച്.വി.എ.സി. സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

ട്രെയിനിന്റെ ബോഡിയിലും ഫ്ലോർ ഘടനയിലും നൽകിയിട്ടുള്ള സൗണ്ട് ഇൻസുലേഷനും ശബ്ദം കുറയ്ക്കാനുള്ള പ്രത്യേക കോട്ടിങ്ങുകളും യാത്രയിലെ ശബ്ദശല്യം ഒഴിവാക്കും. ശക്തമായ 25 കെ.വി. എ.സി. ഓവർഹെഡ് ഇലക്ട്രിക്കൽ സംവിധാനത്തിലാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. ഊർജ്ജക്ഷമത ഉറപ്പാക്കുന്നതിനായി റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നു.

കാറ്റിന്റെ പ്രതിരോധം കുറയ്ക്കുന്നതിനായി ആധുനിക കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചാണ് ട്രെയിനിന്റെ എയറോഡൈനാമിക് രൂപം ഡിസൈൻ ചെയ്തിരിക്കുന്നത്. വായുപ്രതിരോധം കുറയ്ക്കാനും വായുതരംഗങ്ങൾ കാരണമുള്ള തടസ്സങ്ങൾ തടയാനും തുരങ്കങ്ങളിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഭീമമായ ശബ്ദം ('സോണിക് ബൂം') ഒഴിവാക്കാനും ട്രെയിനിന്റെ മുൻഭാഗവും ബോഡിയും എയറോഡൈനാമിക് രീതിയിലാണ് നിർമിച്ചിരിക്കുന്നത്.