ഉത്സവവേളകളിലും അവധിക്കാലത്തും ടിക്കറ്റ് നിരക്കുകളിൽ ഉണ്ടാകുന്ന വലിയ വർദ്ധനവിന് നിയമപരമായ നിയന്ത്രണങ്ങൾ വേണമെന്ന് നിരവധി പേർ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.

ഡൽഹി: വിമാനടിക്കറ്റ് നിരക്കിലുണ്ടായ വൻ വർധനയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഹർജിയിന്മേൽ രൂക്ഷപ്രതികരണവുമായി സുപ്രീം കോടതി. വിമാന യാത്രാനിരക്ക് വർധിച്ചെങ്കിൽ വിമാനത്തിൽ യാത്രചെയ്യേണ്ട എന്നായിരുന്നു ജസ്റ്റിസിന്റെ മറുപടി. വിമാനയാത്ര ഒരു അവശ്യ സേവനമാണെന്നും 700 ശതമാനത്തോളം നിരക്ക് വർധിപ്പിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും ഇത് സംബന്ധിച്ച് വാദം തുടരാൻ ജസ്റ്റിസ് വിക്രം നാഥ് അനുവദിച്ചില്ല.
ഈ വിഷയത്തിൽ സാമൂഹിക പ്രവർത്തകനായ എസ്. ലക്ഷ്മിനാരായണൻ നേരത്തെതന്നെ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. വിമാന ടിക്കറ്റ് നിരക്കുകളിൽ സുതാര്യത ഉറപ്പാക്കാനും ഏകപക്ഷീയമായ നിരക്ക് വർദ്ധനവിൽനിന്നും അനാവശ്യമായ അധിക ചാർജുകളിൽനിന്നും യാത്രക്കാരെ സംരക്ഷിക്കാനുമായി സ്വതന്ത്രവും ഫലപ്രദവുമായ ഒരു നിയന്ത്രണസംവിധാനം വേണമെന്ന് അദ്ദേഹം ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.
ജനുവരിയിൽ ഹർജി പരിഗണിച്ച ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്, മഹാകുംഭമേളയും മറ്റ് ഉത്സവങ്ങളും നടക്കുന്ന സമയത്ത് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കുകളെക്കുറിച്ച് പരാമർശിക്കുകയും മാറിക്കൊണ്ടിരിക്കുന്ന വിമാനനിരക്കുകൾ നിയന്ത്രിക്കാനായി ഇടപെടേണ്ടതുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.
ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കുകളിലെ വലിയ വ്യത്യാസം ചൂണ്ടിക്കാട്ടിയ കോടതി, വിമാനനിരക്കുകൾ യുക്തിസഹമാക്കണമെന്ന് മെയ് മാസത്തിൽ വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഒരു വിമാനക്കമ്പനി 8,000 രൂപ ഈടാക്കുമ്പോൾ മറ്റൊരു കമ്പനി 18,000 രൂപ ഈടാക്കുന്ന സാഹചര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. വിമാനക്കമ്പനികൾ സുതാര്യമല്ലാത്ത സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും, ഇത് മണിക്കൂറുകൾക്കുള്ളിൽ നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാകുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കൂടാതെ, യാത്രക്കാരിൽനിന്ന് അധിക നിരക്കുകൾ ഈടാക്കുന്നതിനേയും ചെക്ക്-ഇൻ ബാഗേജിന്റെ ഭാരം 25 കിലോയിൽനിന്ന് 15 കിലോയായി കുറച്ചതിനെയും ഹർജിയിൽ ചോദ്യംചെയ്യുന്നുണ്ട്.
വ്യോമയാന മേഖലയിലെ വിവിധ വിഷയങ്ങൾ നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച 'ഭാരതീയ വായുയാൻ അധീനിയം, 2024'-ന് കീഴിലുള്ള ചട്ടങ്ങൾക്ക് ഭരണപരമായ അംഗീകാരം നൽകിയതായി ഒക്ടോബർ 16-ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ ചട്ടങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് വ്യക്തമാക്കിയിട്ടുണ്ട്. കേസ് പരിഗണിക്കാനിരിക്കുന്ന നവംബർ 16-ന്, പ്രസിദ്ധീകരിച്ച ചട്ടങ്ങൾ കോടതിയിൽ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
Content Highlights: Supreme Court reacted sharply to the petition regarding exorbitant air ticket price hikes., The PIL filed by S. Lakshminarayanan seeks transparent fare regulations and protection for passengers., The central government informed the court about rules under the Bharatiya Vayuyan Adhiniyam.
Published: 02 Nov 2026, 02:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented