ന്യൂഡല്‍ഹി: യാത്രാ രേഖകളുണ്ടായിട്ടും കശ്മീരി മാധ്യമപ്രവർത്തകയ്ക്ക് അമേരിക്കയിലേക്കുള്ള തടഞ്ഞതായി പരാതി. പുലിറ്റ്‌സര്‍ പുരസ്കാര ജേത്രിയായ ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞത്. പുലിറ്റ്‌സര്‍ പുരസ്കാരം സ്വീകരിക്കുന്നതിനായി ന്യൂയോർക്കിലേക്ക് പോകുകയായിരുന്നു ഇവർ.

To advertise here,

കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ അന്തര്‍ദേശീയ യാത്ര തടയുന്നതെന്ന് സന്ന ട്വീറ്റില്‍ പറഞ്ഞു. സന്നയുടെ ആരോപണം ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

 'കാരണമില്ലാതെ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ യാത്ര തടയുന്നത്. അധികൃതരെ അറിയിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പുലിറ്റ്‌സര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധിക്കുന്നതാണ്', സന്ന പറഞ്ഞു.

റോയിട്ടേഴ്‌സിനുവേണ്ടി സന്ന പകര്‍ത്തിയ കോവിഡ് മഹാമാരിയുടെ തീവ്രത തുറന്നുകാട്ടുന്ന ചിത്രങ്ങളായിരുന്നു അവരെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്. തിങ്കളാഴ്ചയായിരുന്നു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ സനയ്ക്ക് ന്യൂയോര്‍ക്കിലേക്ക് പോകേണ്ടിയിരുന്നത്. കശ്മീരി ജീവിതം തുറന്നുകാട്ടുന്ന ചിത്രങ്ങളാണ് സന്നയെ പ്രശസ്തയാക്കിയത്. 2018 മുതല്‍ ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റായാണ് സന്ന പ്രവര്‍ത്തിച്ചുവരുന്നത്.