തിരുവനന്തപുരം: പാകിസ്താനിൽനിന്നു പുറത്താക്കപ്പെട്ട് അഞ്ചു വർഷത്തിനുശേഷം കയ്റോയിൽനിന്ന് യെമെനിലേക്കു പോകുമ്പോൾ, ഡെക്ലാൻ വാൽഷ് എന്ന പുലിറ്റ്സർ പുരസ്കാര ജേതാവായ പത്രപ്രവർത്തകന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു: ‘നിങ്ങൾ പാകിസ്താനിലെ ക്വറ്റ നഗരത്തിൽ വന്നപ്പോൾ അവിടത്തെ ഇന്റലിജൻസ് ഓഫീസറായിരുന്നു ഞാൻ. നിങ്ങളെ നിരീക്ഷിക്കലായിരുന്നു ഞങ്ങളുടെ ജോലി. അബ്ദുള്ള എന്നൊരു പോലീസ് ഓഫീസർ ഒരിക്കൽ ഹോട്ടലിൽ വന്ന് നിങ്ങളെ കണ്ടത് ഓർമ്മയുണ്ടോ? നിങ്ങളെ നിരീക്ഷിക്കാൻ ചുമതലയുള്ള ഐ.എസ്.ഐ. ഓഫീസറായിരുന്നു അയാൾ.
ഹോട്ടലിനടുത്തുള്ള കഫേയിലേക്ക് അബ്ദുള്ള നിങ്ങളെ കൂട്ടിക്കൊണ്ടുപോയത് ഓർമ്മയുണ്ടോ? ഹോട്ടൽമുറിയിൽ ഐ.എസ്.ഐ. ഓഫീസർമാർ നിങ്ങളുടെ ബാഗും മറ്റും പരിശോധിക്കുകയായിരുന്നു ആ സമയം. നിങ്ങളെ പോലീസ് മേധാവിയുടെ അടുത്തു കൊണ്ടുപോയപ്പോൾ കാറിൽ നിങ്ങൾ ലാപ്‌ടോപ് വെച്ചുമറന്നത് ഓർമ്മയുണ്ടോ?
ഐ.എസ്.ഐ.യുടെ ഒരു സാങ്കേതികവിദഗ്ദ്ധൻ അപ്പോൾ കാറിൽ കയറി നിങ്ങളുടെ ലാപ്‌ടോപിന്റെ ഹാർഡ് ഡ്രൈവ് ഹാക്ക് ചെയ്യുകയായിരുന്നു....’ ഒടുവിൽ അയാൾ പറഞ്ഞു- ‘ഐ.എസ്.ഐ.യിലായിരുന്ന ഞാൻ ആ ചാരസംഘടനയുടെ കൊള്ളരുതായ്മകളിൽ മനംമടുത്ത് രാജിവെച്ചു. പാകിസ്താനിൽ നിന്നാൽ കൊലചെയ്യപ്പെടുമെന്നതിനാൽ രാജ്യം വിട്ടു’. തന്റെ പാകിസ്താൻ ജീവിതത്തെക്കുറിച്ചെഴുതിയ ‘ദി നയൻ ലൈവ്‌സ് ഓഫ് പാകിസ്താൻ’ എന്ന പുസ്തകത്തിൽ ഡെക്ലാൻ വാൽഷ് നിഗൂഢതകളുടെ പാകിസ്താനെ ഇങ്ങനെയൊക്കെയാണ് വെളിവാക്കുന്നത്.
ഒൻപതു വർഷം പാകിസ്താനിൽ പത്രപ്രവർത്തകനായിരിക്കുകയും ഒടുവിൽ അവിടെനിന്നു നാടുകടത്തപ്പെടുകയും ചെയ്ത വാൽഷ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തുമ്പോൾ, ആരോടും ഉത്തരംപറയേണ്ടാത്ത സൈന്യവും കൊടുംതീവ്രവാദികളും രഹസ്യാേന്വഷണ ഏജൻസികളും നിറഞ്ഞ പാകിസ്താൻ എന്ന ‘ഡീപ്പ് സ്റ്റേറ്റ്’ കൂടുതൽ അനാവൃതമാകും. ഇപ്പോൾ ന്യൂയോർക്ക് ടൈംസിൽ വിദേശവാർത്താ ലേഖകനായ വാൽഷ്, ഒസാമ ബിൻ ലാദൻ വധം ഉൾപ്പെടെ സമീപകാല പാകിസ്താനിലെ എല്ലാ ചരിത്രസംഭവങ്ങൾക്കും സാക്ഷിയായ ആളാണ്.
താലിബാൻ തീവ്രവാദ ക്യാമ്പുകളെക്കുറിച്ചും പട്ടാളത്തിന്റെ മനുഷ്യാവകാശവിരുദ്ധതയെക്കുറിച്ചും നിരന്തരം എഴുതിയതിന് 12 വർഷം മുൻപ് ഇദ്ദേഹത്തെ ആ രാജ്യം നാടുകടത്തുകയായിരുന്നു. ആഫ്രിക്ക, മധ്യപൂർവദേശം, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെയും മനുഷ്യാവകാശധ്വംസനങ്ങൾ വാൽഷ് പുറത്തുകൊണ്ടുവന്നിരുന്നു. നയ്റോബിയിൽ താമസിക്കുന്ന വാൽഷിന് 2025-ൽ സുഡാനിലെ യുദ്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിനാണ് പുലിറ്റ്സർ ലഭിച്ചത്. 31-ന് ശശി തരൂരിനൊപ്പം ‘ഷാഡോസ് ദാറ്റ് റെഫ്യൂസ്ഡ് ടു ഫെയിഡ്’ എന്ന സെഷനിലും ഫെബ്രുവരി ഒന്നിന് ‘ട്രാവൽസ് ഓഫ് റെസ്റ്റ്‌ലെസ് കോണ്ടിനന്റ്’ എന്ന സെഷനിലും അദ്ദേഹം അക്ഷരോത്സവ വേദിയിൽ സംവദിക്കും.
പല രാജ്യങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം അവിടങ്ങളിലെ ജീവിതവും ഭക്ഷണവുമൊക്കെ പരിചയപ്പെടുത്താൻ നിരവധി പ്രമുഖരാണ് 29 മുതൽ ഫെബ്രുവരി ഒന്നു വരെ കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തുക. ഇത്തരത്തിൽ കലയും സാഹിത്യവും രാഷ്ട്രീയവും തുടങ്ങി എ.ഐ. വരെ ചർച്ചചെയ്യാൻ 700-ലേറെ പ്രതിഭകളാണ് പ്രഭാഷകരായി ഈ പുൽമേട്ടിലെത്തുന്നത്.
Content Highlights: Pulitzer winner Declan Walsh reveals Pakistan`s hidden truths – its deep state, ISI, and more. Hear his stories at the Mathrubhumi Int`l Lit Festival.
Published: 26 Jan 2026, 07:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented