ന്യൂയോര്‍ക്ക്: റഷ്യ-യുക്രൈന് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റ് പ്രസിനും (എ.പി.) ന്യൂയോര്‍ക്ക് ടൈംസിനും പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍. യുക്രൈന് യുദ്ധവാര്‍ത്തകള്‍ക്ക് അസോസിയേറ്റ് പ്രസ് രണ്ട് പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍ നേടി. റഷ്യന്‍ അധിനിവേശം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ന്യൂയോര്‍ക്ക് ടൈംസിന് മികച്ച അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ്ങിനുള്ള ബഹുമതിയും ലഭിച്ചു.
മികച്ച ദേശീയ റിപ്പോര്‍ട്ടറായി തിരഞ്ഞെടുത്തത് വാഷിങ്ടണ്‍ പോസ്റ്റിലെ കരോളിന് കിച്ച്നറിനെയാണ്. യു.എസിലെ ഗര്‍ഭച്ഛിദ്രം സംബന്ധിച്ചു നല്കിയ വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്കാരം. ഗര്‍ഭച്ഛിദ്രം അനുവദിച്ചുകൊണ്ടുള്ള 1973-ലെ നിയമം യു.എസിലെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങിനാണ് കരോളിന് കിച്ച്നറെ പുരസ്കാരാര്‍ഹമാക്കിയത്. ഫീച്ചര്‍ റൈറ്റിങ് വിഭാഗത്തില്‍ എലി സാസ്ലോയ്ക്കാണ് പുരസ്കാരം. നേരത്തേ വാഷിങ്ടണ്‍ പോസ്റ്റില്‍ ചെയ്ത പരമ്പരയ്ക്കാണ് പുരസ്കാരം. നിലവില്‍ ഇവര്‍ ടൈംസില്‍ ജോലിചെയ്യുകയാണ്.
റോയിട്ടേഴ്സ് രണ്ട് വിഭാഗങ്ങളില്‍ അവസാന പട്ടികയിലുണ്ടായിരുന്നു. നൈജീരിയന്‍ പട്ടാളവും തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വാര്‍ത്താ പരമ്പരയായിരുന്നു അതിലൊന്ന്. യു.എസില്‍ ചില വ്യാപാര മേഖലകളില്‍ വ്യാപകമായുള്ള ബാലവേല സംബന്ധിച്ച റിപ്പോര്‍ട്ടും അവസാന ലിസ്റ്റില്‍ ഇടം നേടി.
യു.എസ്. പത്രപ്രവര്‍ത്തന രംഗത്തെ ഏറ്റവും മികച്ച പുരസ്കാരമാണ് പുലിറ്റ്സര്‍ പ്രൈസ്. ജോസഫ് പുലിറ്റ്സറുടെ പേരില്‍ 1917 മുതലാണ് പുരസ്കാരം നല്കിത്തുടങ്ങിയത്. 1911-ല്‍ അന്തരിച്ച ഇദ്ദേഹം തന്റെ സമ്പാദ്യം മുഴുവന്‍ പുരസ്കാരം നല്കുന്നതിനായും കൊളംബിയ സര്‍വകലാശാലയില്‍ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനായി സ്ഥാപനം ആരംഭിക്കാനും വേണ്ടി ചെലവഴിച്ചു.
Content Highlights: pulitzer award, new york times, associated press
Published: 09 May 2023, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented