കൊച്ചി: കുനോയിൽ ചീറ്റക്കുഞ്ഞ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇൻസ്‌പെക്ടർ ജനറൽ സഞ്ജയൻ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ അഡീഷണൽ ഡയറക്ടർ, വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ റീജനൽ ഡപ്യൂട്ടി ഡയറക്ടർ എന്നിവർ ഉന്നതതല സമിതിയിൽ അംഗങ്ങളാണ്.

To advertise here,

അന്വേഷണ സംഘം ഇന്നുതന്നെ കുനോ സന്ദർശിക്കുമെന്ന് സഞ്ജയൻ കുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 19 മാസം പ്രായമുള്ള ചീറ്റക്കുഞ്ഞ് കുനോ വനമേഖലയുടെ പരിധിക്കു പുറത്തുവെച്ചാണ് കൊല്ലപ്പെട്ടത്. മോറി വനമേഖലയിൽവെച്ചാണ് വെടിയേറ്റതെന്നും കരുതുന്നു. ഇവിടെയുള്ള ഗ്രാമങ്ങളിൽ അനധികൃതമായി തോക്കുകൾ ഉപയോഗിക്കുന്നതായും വ്യാപക പരാതിയുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുമെന്ന് സഞ്ജയൻ കുമാർ പറഞ്ഞു.

ചീറ്റക്കുഞ്ഞിന്റെ മരണത്തിൽ അന്വേഷണം നടത്താൻ മധ്യപ്രദേശ് സർക്കാരും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വനപാലകരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര അന്വേഷണ സംഘത്തോടൊപ്പം ചേർന്നായിരിക്കും സംസ്ഥാന സർക്കാരിന്റെ സംഘവും പ്രവർത്തിക്കുക.

ഒക്ടോബർ 25-നാണ് നിർവ എന്നു പേരിട്ട ചീറ്റക്കുനു വെടിയേറ്റത്. മധ്യപ്രദേശിലെ ശിവപുർ വനമേഖലയിലെ മോറിയിൽവെച്ചാണ് വെടിയേറ്റ ചീറ്റക്കുഞ്ഞിനെ കണ്ടെത്തിയത്. ജബൽപുരിൽ എത്തിച്ച ചീറ്റക്കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

അഞ്ച് വെടിയുണ്ടകളാണ് ചീറ്റയുടെ ശരീരത്തിൽനിന്ന് നീക്കം ചെയ്തത്. പലതും ശരീരം തുളച്ചു കയറിയതിനാൽ അതീവഗുരുതരാവസ്ഥയിൽ ആയിരുന്നു. രണ്ടു ദിവസത്തെ പരിചരണത്തിനും നിർവയെ രക്ഷിക്കാനായില്ല. ഒക്ടോബർ 27-നാണ് ചീറ്റക്കുഞ്ഞ് മരിച്ചത്.