അര്‍ബുദത്തിന്റെ ജീവചരിത്രമെഴുതിയ എഴുത്തുകാരനായ ഡോക്ടറാണ് ഡോ. സിദ്ധാര്‍ഥ മുഖര്‍ജി. THE EMPEROR OF ALL MALADIES എന്ന പുസ്തകത്തിന്
പുലിറ്റ്സര്‍ പുരസ്‌കാരം ലഭിച്ചു. മുഖര്‍ജിയുടെ അടുത്ത പുസ്തകം ജീനുകളെക്കുറിച്ചായിരുന്നു. ഇപ്പോള്‍ കോശങ്ങളെക്കുറിച്ചുള്ള THE SONG OF THE CELL
എന്ന പുതിയ പുസ്തകവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. കോശങ്ങള്‍ എത്രമേല്‍ ജീവനും ജീവിതവും രോഗവുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു സിദ്ധാര്‍ഥ മുഖര്‍ജി ഈ പുസ്തകത്തിലൂടെ. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ കീര്‍ത്തിക് ശശിധരനുമായി അമേരിക്കയില്‍വെച്ച്് നടത്തിയ ദീര്‍ഘമായ ഈ അഭിമുഖസംഭാഷണത്തില്‍ അദ്ദേഹം തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുമാത്രമല്ല മനുഷ്യന്റെ ജീവനെയും ജീവിതത്തെയും രോഗങ്ങളെയും ആത്മീയതയെയും കുറിച്ചെല്ലാം സംസാരിക്കുന്നു.( മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

To advertise here,

കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ ഡോ. സിദ്ധാര്‍ഥ മുഖര്‍ജിയുമായി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം മിതമായിരുന്നു. അതൊരു ക്ഷീണിതന്റേതാണ് എന്നെനിക്ക് തോന്നി.അതില്‍ അത്ഭുതമില്ല. കാലിഫോര്‍ണിയയില്‍നിന്ന് ലണ്ടന്‍വരെ യാത്രചെയ്ത് തന്റെ പുതിയ പുസ്തകം പരിചയപ്പെടുത്താനുള്ള തിരക്കിലായിരുന്നു അദ്ദേഹം ഇതുവരെ.

തണുപ്പുള്ള ആ ഡിസംബര്‍ പുലരിയില്‍ മഞ്ഞുകാല സൂര്യന്‍ മരത്തലപ്പുകളില്‍ സ്വര്‍ണംപൂശുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തെ കാത്തിരിക്കുന്നതിനിടയില്‍ ഞാന്‍ ആ ഇലകളിലേക്കുനോക്കി, അതിലെ കോശങ്ങളില്‍ ഇപ്പോള്‍ പ്രകാശസംശ്ലേഷണം നടക്കുന്നുണ്ടാകും. ഡോ. മുഖര്‍ജിയുടെ പുതിയ പുസ്തകമായ THE SONG OF THE CELL -നെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയതുമുതല്‍ മനസ്സില്‍ 'കോശ'ങ്ങളുണ്ട്. കാന്‍സറിനെക്കുറിച്ചുള്ള THE EMPEROR OF ALL MALADIES (സര്‍വവ്യാധികളുടെയും ചക്രവര്‍ത്തി), THE GENE (ജനിതകങ്ങള്‍) എന്നീ ഗംഭീര രചനകള്‍ക്കുശേഷമാണ് ദ സോങ് ഓഫ് ദ സെല്‍. അത് കോശങ്ങളെക്കുറിച്ചാണ്. എന്നെയും നിങ്ങളെയുമെല്ലാം രൂപപ്പെടുത്തിയിട്ടുള്ള ആ കോടാനുകോടി സൂക്ഷ്മാംശങ്ങളെക്കുറിച്ച്. നാം ഓരോരുത്തരും ബൃഹത്തായ കോശ സഞ്ചയങ്ങളാണ്. അതില്‍നിന്നാണ് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വപ്നവും കലയും രാഷ്ട്രീയവും എല്ലാം രൂപംകൊള്ളുന്നത്. എന്നാല്‍, ഈ പുസ്തകം കോശങ്ങളെക്കുറിച്ച് മാത്രമല്ലതാനും. സെല്ലുലാര്‍ തെറാപ്പി, വൈദ്യചരിത്രം, ശാസ്ത്രത്തിന്റെ രാഷ്ട്രീയം എന്നുതുടങ്ങി പല ലോകങ്ങളെ അത് മുറിച്ചുകടക്കുന്നു.

ഡോ. സിദ്ധാര്‍ഥ മുഖര്‍ജിയെപ്പോലൊരാളോട് മുമ്പ് ഞാന്‍ സംസാരിച്ചിട്ടില്ല; ഔപചാരികമായ ഒരു അഭിമുഖത്തിന്റെ ഭാഗികാന്തരീക്ഷത്തില്‍പ്പോലും. ഇന്ത്യയില്‍ ജനിച്ച് സ്റ്റാന്‍ഫഡിലും ഓക്സ്ഫഡിലും ഹാര്‍വാഡിലും പഠിച്ച അദ്ദേഹം ഒരു കാന്‍സര്‍രോഗ വിദഗ്ധനും ഗവേഷകനും വൈദ്യശാസ്ത്ര പ്രൊഫസറും പുലിറ്റ്സര്‍ പുരസ്‌കാരജേതാവും ഗാഢമായ ഗവേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. എന്റെ ദിനങ്ങള്‍ നശ്വരവും ചലനാത്മകവുമാണെങ്കില്‍ അദ്ദേഹത്തിന്റെ ലോകം വസ്തുതാപരവും ഗഹനവുമാണ്. മാനവരാശിയുടെ അനശ്വരതയുടെ മുഴുവന്‍ വിത്തുകളും അതില്‍ ഉള്‍ക്കൊള്ളുന്നു. രോഗികള്‍ക്കും ജനിതകവ്യതിയാനങ്ങള്‍ മൂലം സാധാരണജീവിതം നയിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഇടയില്‍ അദ്ദേഹം ദിവസങ്ങള്‍ ചെലവഴിക്കുന്നു.

താങ്കളുടെ മനോഹരകൃതിയുടെ അവസാനത്തില്‍നിന്ന് നമുക്ക് ആരംഭിക്കാം. പുതിയ പുസ്തകത്തിന്റെ ശീര്‍ഷകത്തെക്കുറിച്ച് അതില്‍ പറയുന്നു -കോശങ്ങളുടെ ഗാനം (സോങ് ഓഫ് ദ സെല്‍). എന്താണ് ഗാനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്

= ഈ പുസ്തകത്തെ കോശങ്ങളുടെ സംഗീതം എന്നുവിളിക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. വളരെ വൈകിയാണ് ഞാന്‍ ഈ ശീര്‍ഷകത്തിലേക്ക് എത്തിയതെന്ന് ആദ്യമേ പറയട്ടെ. തുടക്കത്തില്‍ മറ്റൊരു പേരായിരുന്നു നിശ്ചയിച്ചത്. ആദ്യത്തെ സംഗീതം ആന്തരികമാണ്. പുസ്തകത്തിന്റെ തുടക്കത്തില്‍ത്തന്നെ ഈ ആശയം കടന്നുവരുന്നുണ്ട്. ജനിതകങ്ങള്‍ മനുഷ്യസങ്കല്പത്തെ ജീവന്റെ സൂചകങ്ങളായി ഉള്‍ക്കൊള്ളുന്നു. പക്ഷേ, ജനിതകങ്ങള്‍ ജീവനില്ലാത്തവയാണ്. ഡി.എന്‍.എ. ഒരു തന്മാത്രയാണ്. ജനിതകത്തെ അത് കോഡുകളാക്കി സൂക്ഷിക്കുന്നു. ഡി.എന്‍.എ.യും നിര്‍ജീവമാണ്. അതൊരു രാസവസ്തുവാണ്. കോശങ്ങളാണ് ഈ തന്മാത്രകളെ ഉത്തേജിപ്പിക്കുന്നത്. ഡി.എന്‍.എ.യെ നമുക്ക് സ്വരചിഹ്നരേഖയോട് ഉപമിക്കാം. കോശങ്ങള്‍ അതില്‍നിന്ന് സംഗീതമുണ്ടാക്കുന്നു. അതാണ് കോശങ്ങളുടെ ആന്തരികസംഗീതം. കോശങ്ങളുടെ ബാഹ്യ സംഗീതവുമുണ്ട്. അത് അധികം അറിയപ്പെടാത്ത സംഗതിയായതുകൊണ്ടുതന്നെ പുസ്തകത്തിന്റെ അവസാനഭാഗത്താണ് കടന്നുവരുന്നത്. ഒരു കോശസമൂഹത്തിനുള്ളില്‍ കോശങ്ങള്‍ തമ്മിലുള്ള വിനിമയമാണ് ബാഹ്യസംഗീതം എന്ന് ഞാന്‍ കരുതുന്നു. കോശങ്ങള്‍ക്കിടയിലെ പാട്ട്. കോടിക്കണക്കിന് കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ടവര്‍ എന്ന നിലയ്ക്ക് നാമെന്ന കോശസംസ്‌കൃതിയുടെ പാട്ടാണത്. എന്നാല്‍, കോശങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന രീതികള്‍ നമുക്കിന്നും അജ്ഞാതമാണ്. ചുരുക്കത്തില്‍ ഈ രണ്ട് ആശയങ്ങളില്‍നിന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം രൂപപ്പെട്ടത്; കോശങ്ങളുടെ സംഗീതം.

വൈദ്യശാസ്ത്രത്തില്‍ പ്രത്യേകിച്ച് പരിചയമൊന്നുമില്ലാത്ത സാധാരണ വായനക്കാരന് താങ്കള്‍ ഈ പുസ്തകത്തെ എങ്ങനെ വിശദീകരിക്കും? നമ്മെ വര്‍ത്തമാനകാലത്തേക്ക് നയിച്ച ആശയങ്ങളുടെ ചരിത്രമെന്നോ? അതോ 16-ാം നൂറ്റാണ്ടുമുതല്‍ മനുഷ്യര്‍ കണ്ടെത്തിയതില്‍നിന്ന് ഇനിയും അജ്ഞാതമായവയിലേക്കുള്ള മാര്‍ഗരേഖയെന്നോ

= എന്റെ മറ്റു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ഏതെങ്കിലും പ്രത്യേക ജോണറില്‍ ഞാന്‍ എഴുതാറില്ലെന്ന് മനസ്സിലാകും. ഏതെങ്കിലും ജോണറില്‍ മാത്രമായി എഴുതുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ പുസ്തകം ഒരു കലൈഡോസ്‌കോപ്പ് പോലെയാണ്. ഒരു വശത്തുകൂടി നോക്കുമ്പോള്‍ കാണുന്നതാകില്ല തിരിച്ചുപിടിച്ച് നോക്കുമ്പോള്‍ കാണുന്നത്. ഈ പുസ്തകം ഒരുപരിധിവരെ വൈദ്യചരിത്രമാണ്. അതേസമയം, അത്മകഥാംശവുമുണ്ട്. ഞാന്‍ ഒരു ഫിസിഷ്യനായതിന്റെ ചരിത്രമിതിലുണ്ട്. വിക്ടോറിയന്‍ കാലത്തെ കേസ്സ്റ്റഡികളോട് സാദൃശ്യമുള്ള നിരീക്ഷണങ്ങളുണ്ട്. വളരെ നൂതനവും ആഴമേറിയതുമായ ശാസ്ത്രസങ്കല്പങ്ങളെ പ്രതിപാദിക്കുന്നുണ്ട്. ഇത് എല്ലാത്തിന്റെയും മിശ്രിതമാണ്. ഓരോ വായനക്കാര്‍ക്കും വ്യത്യസ്ത രീതിയില്‍ ഇതിനെ സമീപിക്കാം. ഓരോരുത്തരും എന്താണോ തിരയുന്നത് അതിനുമാത്രമായ രീതിയിലും സമീപിക്കാം. ഇത് ഒരേസമയം കോശ ജീവശാസ്ത്രജ്ഞനും വെറുതേ ലോകത്തെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ള ആള്‍ക്കും വായിക്കാവുന്നതാണ്. ഇത് നിങ്ങളെ കോശങ്ങളുടേതായ പുതിയൊരു ലോകത്തേക്ക് എത്തിക്കുമെന്ന് ഞാന്‍ കരുതുന്നു. അതിന് കാരണമുണ്ട്. ബയോളജി പ്രധാനമായും മൂന്ന് സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കുന്നു. ഒന്നാമത്തേത് തീര്‍ച്ചയായും പരിണാമസിദ്ധാന്തം. രണ്ടാമത്തേത് ജനിതകങ്ങളുടെയും ജനിതക കോഡുകളുടെയും സാര്‍വത്രികത. മൂന്നാമത്തേത് കോശ സിദ്ധാന്തം. എല്ലാ ജീവജാലങ്ങളും കോശങ്ങളാല്‍ നിര്‍മിതമാണ്. ഇന്ന് പരിണാമത്തെയും ജനിതകത്തെയും കുറിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ ലഭ്യമാണ്. ജനിതകത്തെക്കുറിച്ചുള്ള ഒരു പുസ്തകം ഞാന്‍തന്നെ എഴുതിയിട്ടുണ്ട്. എന്നാല്‍, കോശസിദ്ധാന്തം അത്ര സാധാരണമല്ല. വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ മറ്റ് രണ്ട് സിദ്ധാന്തങ്ങളെക്കാള്‍ പ്രധാനം കോശസിദ്ധാന്തമാണെന്ന് വാദിക്കാനാകും. ഈ പുസ്തകത്തെ കോശങ്ങളുടെ ബൗദ്ധികചരിത്രമെന്ന് വിളിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കോശങ്ങളുടെ ബൗദ്ധിക ചരിത്രം ഇല്ലെന്ന് ഞാന്‍ പറയും. അതുകൊണ്ടാണ് ഈ പുസ്തകം.

ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 1947-ല്‍ ഇന്ത്യക്കാര്‍ ഉയരവും ഭാരവും കുറഞ്ഞവരായിരുന്നു. ഇന്ന് നമുക്കുമുന്നില്‍ പുതിയ തരം രോഗങ്ങളുണ്ട്. 1930-കളില്‍ അമേരിക്കയില്‍ ഹൃദ്രോഗം ഉടലെടുത്തതിനെക്കുറിച്ചും വ്യായാമവിമുഖമായ ജീവിതശൈലിയെക്കുറിച്ചും താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ. മനുഷ്യശരീരങ്ങളെ മുന്‍നിര്‍ത്തി ആധുനിക ഇന്ത്യയുടെ ചരിത്രം എഴുതുക സാധ്യമാണോ? ഒരുവശത്ത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രവും മറുവശത്ത് ഇന്ത്യന്‍ ശരീരങ്ങളും. രണ്ടും ഒറ്റ ആഖ്യാനത്തിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് ഒരു രചന...

= തീര്‍ച്ചയായും അത് രസകരമായൊരു രചനയാകും. പക്ഷേ, അത് എഴുതാന്‍ യോജിച്ചയാള്‍ ഞാനാണെന്ന് ഉറപ്പില്ല. പക്ഷേ, അങ്ങനെയൊരു ചരിത്രം താത്പര്യജനകമാണ്. ഇന്ത്യയുടെ മാത്രമല്ല, പൊതുവേ ലോകത്തിന്റെ കാര്യത്തില്‍ അങ്ങനെത്തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. ടാന്‍സാനിയയില്‍ രക്താതിമര്‍ദം പ്രധാനപ്പെട്ട മരണകാരണമാണ്. പകര്‍ച്ചവ്യാധികള്‍ വളരെ കൂടുതലുള്ള ഒരു രാജ്യമെന്ന നിലയ്ക്ക് അവിടെ മറ്റ് മരണകാരണങ്ങളെല്ലാം ഇല്ലാതാകുന്നുവെന്നാണ് നാം കരുതുന്നത്. ഇന്ന് ലോകത്തെല്ലായിടത്തും സാംക്രമികരോഗശാസ്ത്രത്തിന്റെ മുഖംമാറുകയാണ്. വീണ്ടും പറയട്ടെ, ഇക്കാര്യത്തില്‍ ഇന്ത്യയും ലോകത്തിന്റെ മറ്റുഭാഗങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

കാലാന്തരത്തില്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ മുന്‍നിര്‍ത്തി താങ്കള്‍ക്കുതന്നെ ഒരു പുസ്തകം എഴുതാവുന്നതാണ്. അതുകൊണ്ട് വൈദ്യശാസ്ത്രത്തിന്, സാംക്രമികരോഗശാസ്ത്രത്തിന് എന്തുഗുണമെന്ന് ഉത്തരമുണ്ടാകണം. നമ്മള്‍ എന്തുഭക്ഷണം കഴിക്കുന്നു, എങ്ങനെ ഭക്ഷണം കഴിക്കുന്നു, എങ്ങനെ ഭക്ഷണം പാകംചെയ്യുന്നു, എന്തൊക്കെ തീവ്രരോഗങ്ങളുടെ ഭീഷണിയുണ്ട്, ജീവിതശൈലിയിലെ മാറ്റം, ലഭ്യമായ ഭക്ഷണത്തിലെ മാറ്റം, ഭക്ഷണം എങ്ങനെ സൂക്ഷിക്കുന്നു, നമ്മുടെ ദഹനപ്രക്രിയ എങ്ങനെ മാറി എന്നതൊക്കെ ഉള്‍പ്പെടുത്താം. തീര്‍ച്ചയായും ആ പുസ്തകം ഇന്ത്യന്‍ കാഴ്ചപ്പാടിനപ്പുറം ആഗോളതലത്തില്‍ എഴുതുന്നതാകും നന്നാവുക.

placeholder
ഡോ. സിദ്ധാർഥ മുഖർജിക്ക്
പുലിറ്റ്സർ പ്രൈസ്  നേടിക്കൊടുത്ത കൃതി

നിത്യജീവിതത്തില്‍ വിഷാദരോഗത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ആലങ്കാരികമായെങ്കിലും ഹൃദയത്തിന്റെ വ്യഥയായാണ് നാമതിനെ മനസ്സിലാക്കുന്നത്. സ്‌നേഹത്തിന്റെ ദൗര്‍ലഭ്യമാണ് വിഷാദമെന്ന് ആന്‍ഡ്രു സോളമന്‍ എഴുതിയപോലെ. പക്ഷേ, വിഷാദരോഗം കോശസംബന്ധമായ പ്രശ്‌നം കൂടിയാണെന്ന് താങ്കള്‍ ഓര്‍മപ്പെടുത്തുന്നു. നാഡീകോശങ്ങള്‍ സന്ദേശവാഹകരായ ന്യൂറോട്രാന്‍സ്മിറ്ററുകളോട് സംവദിക്കുന്നതിലെ പ്രശ്‌നം. ഹൃദയാഘാതത്തെക്കുറിച്ചോ മൂത്രത്തില്‍കല്ലിനെക്കുറിച്ചോ സംസാരിക്കുംപോലെ മടിയില്ലാതെയും മറയില്ലാതെയും വിഷാദരോഗത്തെക്കുറിച്ച് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമോ

= മാനസികാരോഗ്യത്തെക്കുറിച്ച് പൊതുവേ സമൂഹത്തിന്റെ കാഴ്ചപ്പാട് ഇടുങ്ങിയതാണ്. ഒരുപാട് പഴികളുണ്ട്; തെറ്റിദ്ധാരണകളുണ്ട്. മറ്റേതൊരു രോഗവും പോലെ വിഷാദവും ജൈവികമായ അസുഖമാണെന്ന ഓര്‍മപ്പെടുത്തലാണ് ഗാര്‍ഡിയനിലെ ആ ലേഖനത്തിലൂടെ ഞാന്‍ ഉദ്ദേശിച്ചത്. രക്താതിമര്‍ദമോ ധമനിസംബന്ധമായ അസുഖമോ പോലെ. അത് കോശങ്ങളിലുണ്ടാകുന്ന വ്യതിയാനമാണ്. വിഷാദത്തിന്റെ കാര്യത്തില്‍ നമ്മുടെ മനോഭാവത്തെ നിയന്ത്രിക്കുന്നു കോശങ്ങള്‍. മാനസികാവസ്ഥയെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നത് അത് ഭൗതികാന്തരീക്ഷത്തിന്റെയും ജനിതകസ്വാധീനത്തിന്റെയും കോശ ജൈവികതയുടെയും ആകത്തുകയാണെന്നാണ്. ഗാര്‍ഡിയനിലെ ആ ലേഖനത്തില്‍ എടുത്തുപറയുന്ന കാര്യമെന്തെന്നാല്‍, വിഷാദത്തിനുപിന്നില്‍ മാനസിക, സാമൂഹിക, ഭൗതികാന്തരീക്ഷ, സാഹചര്യങ്ങളുടെ സ്വാധീനം ഉണ്ടെന്ന കാര്യം ആരും നിഷേധിക്കുന്നില്ല. പക്ഷേ ഇവിടെ അതല്ല പ്രശ്‌നം. കോശ ജീവശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രമേ എല്ലാ അസുഖങ്ങളും ആത്യന്തികമായി കോശങ്ങളിലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണെന്ന് തിരിച്ചറിയാനാകൂ. മറ്റൊരു രീതിയില്‍ വിഷാദത്തിന്റെ കാരണത്തില്‍ കോശസ്വാധീനത്തെക്കാള്‍ ഉപരിയല്ല മറ്റൊരു ഘടകവും. അതുകൊണ്ട് കോശസ്വഭാവത്തിന്റെ സ്വാധീനം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. എത്രയും വേഗം നാം അത് തിരിച്ചറിയുന്നെന്നത് അത്രയും വേഗം വിഷാദത്തെ മനസ്സിലാക്കാനും പരിഹരിക്കാനും നമ്മെ സഹായിക്കും.

പുസ്തകത്തില്‍ താങ്കള്‍ ചോദിക്കുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് എന്തുകൊണ്ട് നാം ഏകകോശലോകം വെടിഞ്ഞെന്നാണ്. നമ്മള്‍ എന്തുകൊണ്ട് ബഹുകോശ ജീവികളായി. ഒരുപാട് കുട്ടികളെപ്പോലെ ഞാനും ചെറുപ്പത്തില്‍ പഠിച്ചിട്ടുള്ളത് ഏകകോശ ജീവികള്‍ ഉണ്ടായിരുന്നെന്നും അവ അദ്ഭുതകരമായ ഒരു കുതിച്ചുചാട്ടത്തിലൂടെ ബഹുകോശ ജീവിതം ആരംഭിച്ചെന്നുമാണ്. എന്നാല്‍, താങ്കള്‍ എഴുതിയത് ഇതില്‍നിന്ന് വ്യത്യസ്തമാണ്. ലഘുവായ തോതില്‍ പ്രധാനപ്പെട്ട മാറ്റം എന്ന് വിശേഷിപ്പിക്കുന്നു. എന്താണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. അതെങ്ങനെയാണ് കോശങ്ങളെക്കുറിച്ചുള്ള നമ്മുടെ തിരിച്ചറിവുകളെ സ്വാധീനിക്കുക

= ബാക്ടീരിയകളെപ്പോലുള്ള ഏക കോശജീവികള്‍ അസാധാരണമാംവിധം അതിജീവനശേഷിയുള്ളവയാണ്. തിളയ്ക്കുന്ന വെള്ളത്തിലോ അഗ്‌നിപര്‍വതത്തില്‍ നിന്നൊഴുകുന്ന സള്‍ഫര്‍ ദ്രാവകത്തിലോ നമ്മുടെ ശരീരത്തിനകത്തോ പുറത്തോ എവിടെവേണമെങ്കിലും അവയ്ക്ക് ജീവിക്കാനാകും. അതുകൊണ്ടുതന്നെ പരിണാമജീവശാസ്ത്രത്തെ പഠിച്ചിരുന്നവര്‍ ഏറെക്കാലമായി ധരിച്ചത് ബഹുകോശ ജീവികളിലേക്കുള്ള അവയുടെ മാറ്റം ഭയങ്കരമായ ഒരു സംഭവമാണെന്നാണ്. എന്നാല്‍, അതങ്ങനെയല്ലെന്ന് പിന്നീട് വ്യക്തമായി. ഇനിയും മനസ്സിലാകാത്ത വളരെ ശക്തമായ പരിണാമത്വരകം ഉണ്ടായിരുന്നെന്നത് വസ്തുതയാണ്. എന്നാല്‍, ബഹുകോശത്വത്തിലേക്ക് പെട്ടെന്നുള്ള കുതിച്ചുചാട്ടം ആയിരുന്നില്ല. അതൊരിക്കല്‍മാത്രമായി സംഭവിച്ചതുമല്ല. ജനിതക, പരിണാമപഠനങ്ങളുടെ ഉപാധികള്‍വെച്ച് പരിശോധിക്കുമ്പോള്‍ ഏകകോശത്വത്തില്‍നിന്ന് ബഹുകോശത്വത്തിലേക്കുള്ള മാറ്റം പലപ്പോഴായി സംഭവിച്ചതാണെന്ന് മനസ്സിലാകും.

സ്ഥിരീകരിക്കാനാവാത്ത രോഗത്തെ അഭിമുഖീകരിക്കുമ്പോള്‍ താങ്കളുടെ ചിന്തകള്‍ വിശദീകരിക്കുന്നതാണ് പുസ്തകത്തിന്റെ തുടക്കത്തില്‍ത്തന്നെ എന്നെ ആകര്‍ഷിച്ച ഒരു ഭാഗം. മൂന്നു ഭാഗങ്ങളുള്ള ഒരു നിയമത്തെക്കുറിച്ച് താങ്കള്‍ എഴുതുന്നു: 'രോഗാണു, കോശങ്ങള്‍, അപകടസാധ്യത'. താങ്കള്‍ ചോദിക്കുന്നു:' ഒരു ബാഹ്യ ഹേതു (ബാക്ടീരിയ അല്ലെങ്കില്‍ വൈറസ്) ഉള്‍പ്പെടുന്നുണ്ടോ? കോശരോഗനിദാന സംവിധാനം സമ്മര്‍ദത്തിലാണോ? ഏതെങ്കിലും തരത്തിലുള്ള രോഗാണു സമ്പര്‍ക്കത്തിന്റെ ഫലമാണോ അസുഖം? കുടുംബചരിത്രം അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ നിന്നുള്ള വിഷം?' ആശങ്കാജനകമാംവിധം കാന്‍സര്‍ വര്‍ധിക്കുന്ന സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഈ നിയമത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. കാന്‍സര്‍ ബാധിച്ച ഒരാളെങ്കിലും ഉള്ള കുടുംബങ്ങള്‍ ഏറെയാണ് അവിടെ. എന്തുതരം ഭൗതികമാറ്റമാണ് ഇങ്ങനെയൊരു സ്ഫോടനാത്മകമായ അവസ്ഥയിലേക്ക് നയിച്ചതെന്ന് താങ്കള്‍ക്ക് ഊഹിക്കാനാകുമോ? അല്ലെങ്കില്‍ മികച്ച പരിശോധനാ സംവിധാനങ്ങളും റിപ്പോര്‍ട്ടിങ് രീതിയുമുള്ളതുകൊണ്ടാണോ കേസുകളുടെ എണ്ണം കൂടുന്നത്

= ഇതിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. തീര്‍ച്ചയായും മെച്ചപ്പെട്ട പരിശോധനാ സംവിധാനവും റിപ്പോര്‍ട്ടിങ്ങും അതിലൊന്നാണ്. എന്നാല്‍, അതുമാത്രമല്ല. ലോകത്തെവിടെയും ജനങ്ങള്‍ക്ക് പ്രായമാകുന്നത് കാന്‍സര്‍ പെരുകാനുള്ള പ്രധാനപ്പെട്ട കാരണമാണ്. എംപറര്‍ ഓഫ് ഓള്‍ മാലഡീസ് എന്ന പുസ്തകത്തില്‍ കാന്‍സര്‍ ഉത്ഭവിക്കുന്നത് കൊലയാളികള്‍ കൊലചെയ്യപ്പെടുന്ന പ്രത്യേക സാഹചര്യത്തിലാണെന്ന് ഞാന്‍ എഴുതിയിട്ടുണ്ട്. ക്ഷയരോഗം മൂലമുള്ള മരണങ്ങള്‍ കുറഞ്ഞപ്പോള്‍, മനുഷ്യന് ജീവഹാനി വരുത്തുന്ന മറ്റ് രോഗങ്ങളും കുറഞ്ഞു. പക്ഷേ, ഈ സമയത്ത് അര്‍ബുദം തലപൊക്കി. ഇത് വാര്‍ധക്യത്തിന്റെ അസുഖമാണ്. അതുകൊണ്ട് കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. വളരെ നേരത്തേ കണ്ടെത്തുന്ന കേസുകളും കുറവല്ല. കാന്‍സര്‍ജന്യമായ ഒരുപാട് ഘടകങ്ങള്‍ ലോകത്തുണ്ട്. നിങ്ങള്‍ തന്നെ ചിലതൊക്കെ പറയുകയുണ്ടായി; പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ അമിതവണ്ണവും ദഹനപ്രശ്നങ്ങളുമാണ്. നമ്മുടെ ദഹനപ്രക്രിയയില്‍ മാറ്റമുണ്ടാവുകയും കൂടുതല്‍ ആളുകള്‍ അമിതവണ്ണത്തിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. 1920-കളിലും 30-കളിലും സിഗരറ്റ് വലിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി- കാന്‍സര്‍ വ്യാപിക്കാന്‍ പ്രധാനപ്പെട്ട ഒരു കാരണമാണത്. അതെ, ഇത് പല ഘടകങ്ങളുള്ള പ്രശ്നമാണ്: മെച്ചപ്പെട്ട റിപ്പോര്‍ട്ടിങ്, പുതിയ കാന്‍സര്‍ജന്യ വസ്തുക്കളുടെ വരവ്, പുകവലി, അമിതവണ്ണം, പ്രായം എന്നിങ്ങനെ.