
ന്യൂഡൽഹി: എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ. ഇഡിയുടെ ഏജന്റായി പ്രവർത്തിക്കരുതെന്ന് സതീശൻ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.
സിഎംആർഎൽ-എക്‌സാലോജിക് പണമിടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എന്നിവരുടെ പേരിൽ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. കൊച്ചി മേധാവി കത്ത് നൽകിയിരുന്നു. ഈ കത്ത് ചൂണ്ടിക്കാട്ടിയാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന. ഇഡി നടപടിയെ ശക്തമായി അപലപിക്കുന്നതായും പിബി അറിയിച്ചു.
വീണയ്ക്കെതിരെയുള്ള അന്വേഷണം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ലക്ഷ്യമിടാനുള്ള ഒരു മറ മാത്രമാണെന്ന് തുടക്കം മുതൽ വ്യക്തമായതാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഒരു ഉദാഹരണമാണിത്.
കെപിസിസി പ്രസിഡന്റ് ഇഡി നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള തങ്ങളുടെ പല നേതാക്കൾക്കുമെതിരായ ഇഡി നടപടികളെ ഇതേ കോൺഗ്രസ് തന്നെ എതിർക്കുകയും ചെയ്യുന്നുണ്ടെന്നും പോളിറ്റ്ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു.
'പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഒരു കോൺഗ്രസ് എം.എൽ.എ നേരത്തെ വിജിലൻസ് കോടതിയെയും ഹൈക്കോടതിയെയും ഒടുവിൽ സുപ്രീംകോടതിയെയും സമീപിച്ചിരുന്ന കാര്യം ഓർക്കണം. എന്നാൽ, ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ഹർജി കോടതികൾ തള്ളിക്കളയുകയാണുണ്ടായത്. ഇപ്പോൾ വീണ്ടും കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുന്നത് ഇതേ കേസ് തന്നെയാണ്. ഇഡിയുടെ ഏജന്റായി പ്രവർത്തിക്കരുതെന്ന് സതീശൻ സർക്കാരിന് പോളിറ്റ് ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു. ഈ രാഷ്ട്രീയ പകപോക്കലിനെ രാഷ്ട്രീയമായും നിയമപരമായും സർവ്വ ശക്തിയുമുപയോഗിച്ച് പാർട്ടി നേരിടും' പിബിയുടെ പ്രസ്താവനയിൽ പറഞ്ഞു.
സിപിഎമ്മിനെ ഭയപ്പെടുത്താനോ പിണറായി വിജയനെ ലക്ഷ്യംവെക്കാനോ ആണ് ഇഡി ഇതിലൂടെ കരുതിയതെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും എക്സിലൂടെ പ്രതികരിച്ചു.
വിജിലൻസ്, ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങി, രാജ്യത്തെ മൂന്ന് കോടതികൾ ഇതിനകം തള്ളിക്കളഞ്ഞ അതേ കേസിലാണ് പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കേരള പോലീസിനെ നിർബന്ധിക്കാൻ അവർ ശ്രമിക്കുന്നത്.
മോദി സർക്കാർ തങ്ങളുടെ കീഴിലുള്ള ഏജൻസികളെ, പ്രത്യേകിച്ച് ഇഡിയെ രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുകയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കെപിസിസി പ്രസിഡന്റ് അവരുടെ സന്നദ്ധത ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും കേരളത്തിൽ ആരൊക്കെയാണ് ഡീൽ ഉറപ്പിച്ചിരിക്കുന്നതെന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ ദുഷ്ടലാക്കുകളെ തങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബേബി പറഞ്ഞു.
Content Highlights: CPM Politburo warned the UDF against acting as an agent for the ED., The ED sent a letter to the state police chief demanding a case against Pinarayi Vijayan, T Veena, and Mohammed Riyas., CPM termed the ED probe as political vendetta by the Modi government., Criticized the Congress leadership in Kerala for supporting the ED action.
Published: 09 Sept 2026, 06:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented