ടിവികെ ആസ്ഥാനത്ത് ബുധനാഴ്ച ചേര്ന്ന സഖ്യകക്ഷികളുടെ രണ്ടാമത്തെ യോഗത്തിലാണ് വിജയ് പേര് പ്രഖ്യാപിച്ചത്

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) രൂപവത്കരിച്ച സഖ്യത്തിന് ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. മതസാർപട്ര സമൂഗനീതി വെട്രി കൂട്ടണി (മതനിരപേക്ഷ സാമൂഹ്യനീതി വിജയ മുന്നണി - Secular Social Justice Victory Alliance) എന്നാണ് സഖ്യത്തിന് നൽകിയ പേര്. പനയൂരിലെ ടിവികെ ആസ്ഥാനത്ത് ബുധനാഴ്ച ചേർന്ന സഖ്യകക്ഷികളുടെ രണ്ടാമത്തെ യോഗത്തിലാണ് വിജയ് പേര് പ്രഖ്യാപിച്ചത്.
ടിവികെയ്ക്ക് പുറമെ കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) എന്നിവയാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷികൾ. കോൺഗ്രസിന്റെ തമിഴ്‌നാട് അധ്യക്ഷൻ ബി. മാണിക്യം ടാഗോർ, രാജ്യസഭാംഗവും നിയമസഭാ ഫ്‌ളോർ ലീഡറുമായ പ്രവീൺ ചക്രവർത്തി, എംഡിഎംകെ നേതാക്കളായ വൈക്കോ, ദുരൈ വൈക്കോ, വിസികെ അധ്യക്ഷൻ തോൽ. തിരുമാവളവൻ, മുസ്‌ലിം ലീഗ് നേതാക്കളായ കെ.എം. ഖാദർ മൊയ്തീൻ, എ.എം. ഷാജഹാൻ, സയ്യിദ് ഫാറൂഖ് ബാഷ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മതനിരപേക്ഷതയും സാമൂഹ്യനീതിയും മുന്നണിയുടെ രാഷ്ട്രീയ അടിത്തറയാക്കുന്നതിന്റെ സൂചനയാണ് സഖ്യത്തിന്റെ പേരിലൂടെ നൽകുന്നത്. പുതിയ മുന്നണിയുടെ പ്രവർത്തനരീതി, ഏകോപന സംവിധാനം, പൊതുമിനിമം പരിപാടി തുടങ്ങിയ വിഷയങ്ങളിൽ യോഗത്തിൽ ചർച്ച നടന്നു. തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ കൂട്ടായ്മയെ കൂടുതൽ ഔപചാരികമായ മുന്നണിയായി മാറ്റാനുള്ള നടപടികളുടെ ഭാഗമായാണ് രണ്ടാം ഘട്ട യോഗം നടന്നത്.
അതേസമയം, ഇടതുപാർട്ടികളുടെ അഭാവം യോഗത്തിൽ ശ്രദ്ധേയമായി. സിപിഐയും സിപിഎമ്മും യോഗത്തിൽ പങ്കെടുത്തില്ല. വിജയ് സർക്കാരിന് പിന്തുണ നൽകുന്ന നിലപാട് ഇടതുപാർട്ടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും പുതിയ മുന്നണിയുടെ ഔപചാരിക ഘടനയിൽ അവർ ഇതുവരെ ഭാഗമായിട്ടില്ല. സിപിഐ തങ്ങൾ ടിവികെ സഖ്യത്തിലോ മന്ത്രിസഭയിലോ ചേരില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
സഖ്യത്തിന്റെ പേര് തീരുമാനിക്കുന്നതിനൊപ്പം തമിഴ്‌നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളിൽ പൊതുനിലപാട് രൂപപ്പെടുത്തുന്നതും യോഗത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. പ്രാദേശിക ഭരണ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള, വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കുകയാണ്.
ദേശീയ രാഷ്ട്രീയത്തിലും സഖ്യത്തിന്റെ രൂപീകരണം ശ്രദ്ധേയമാണ്. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ കോൺഗ്രസ് ദേശീയതലത്തിൽ രാഹുൽ ഗാന്ധിയെ 'ഇന്ത്യ' സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന നിലപാടിലാണ്. അതേസമയം, തമിഴ്‌നാട്ടിലെ പുതിയ സഖ്യത്തിന്റെ രാഷ്ട്രീയ സ്വഭാവവും നേതൃത്വവും സംസ്ഥാനതലത്തിൽ വേറിട്ട രീതിയിൽ അവതരിപ്പിക്കാനാണ് ടിവികെയുടെ നീക്കം.
പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വിജയ്‌യുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് വ്യക്തമായ രാഷ്ട്രീയ സ്വത്വം നൽകാനുള്ള ശ്രമമാണ് ടിവികെ നടത്തിയിരിക്കുന്നത്. 'മതനിരപേക്ഷത', 'സാമൂഹ്യനീതി', 'വിജയം' എന്നീ ആശയങ്ങളെ ഒരുമിച്ച് മുന്നോട്ടുവയ്ക്കുന്ന പേരിലൂടെ വിവിധ സാമൂഹിക-രാഷ്ട്രീയ വിഭാഗങ്ങളെ ഒരേ വേദിയിലെത്തിക്കുകയാണ് ലക്ഷ്യം. മുന്നണിയുടെ തുടർഘടനയും പൊതുമിനിമം പരിപാടിയും സംബന്ധിച്ച തീരുമാനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നാണ് സൂചന.
Content Highlights: Tamil Nadu Chief Minister C. Joseph Vijay officially named the Vijay TVK-led coalition the Secular Social Justice Victory Alliance, bringing together Congress, VCK, MDMK, and IUML for political coordination in the state.
Published: 09 Sept 2026, 07:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented