
പറശ്ശിനിക്കടവ്: ബിംബവത്കരിക്കപ്പെട്ട പ്രധാനമന്ത്രി ക്ഷേത്രപ്രതിഷ്ഠ നടത്തുകയും സന്ന്യാസിമാർ പാർലമെന്റ് ഉദ്ഘാടകരാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സമൂഹത്തിൽ വിള്ളലുകളുണ്ടാക്കുന്ന ശക്തികൾക്കെതിരേ രംഗത്തിറങ്ങണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. പറശ്ശിനിക്കടവ് കോ ഓപ്പറേറ്റീവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പി.ആർ. കുറുപ്പ് നഗറിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) സംസ്ഥാന നേതൃക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ അടിസ്ഥാനതത്ത്വങ്ങൾ മാറിപ്പോകുകയാണ്. സമൂഹം ധ്രുവീകരിക്കപ്പെടുകയാണ്. മനസ്സുകൾ തമ്മിൽ അകലുന്നു. അത് മാറ്റിയെടുക്കാൻ യുവതലമുറകൾക്കിടയിൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണ്. ജാതിചിന്തയിൽനിന്നും ഉച്ചനീചത്വങ്ങളിൽനിന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നാണ് ജന്തർ മന്തർ സമരത്തിൽ ഒറ്റക്കെട്ടായി ഉയർന്നുകേട്ട മുദ്രാവാക്യം. യുവാക്കൾ ഉൾപ്പെടെയുള്ള പുതിയ തലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകി ക്രിയാത്മകങ്ങളായ കാര്യങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനാണ് കാലം ആവശ്യപ്പെടുന്നതെന്നും ശ്രേയാംസ് കുമാർ ആഹ്വാനം ചെയ്തു.
പരിസ്ഥിതി ചൂഷണത്തിനെതിരേ ജനങ്ങളെ അണിനിരത്തണം. ഊർജവും വെള്ളവും ഊറ്റിക്കുടിച്ച് നാട് നശിപ്പിക്കാനൊരുങ്ങുന്ന ഡേറ്റാസെന്ററുകൾ എന്തുവിലകൊടുത്തും തടയണം. സാധാരണക്കാരനുൾപ്പെടെ മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ എൻ.സി. മൊയ്തീൻകുട്ടി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ, സ്വാഗതസംഘം കൺവീനർ രവീന്ദ്രൻ കുന്നോത്ത്, ട്രഷറർ സി.വി.എം. വിജയൻ എന്നിവർ സംസാരിച്ചു.
ഞായറാഴ്ച രാവിലെ ‘പാർട്ടി പ്രത്യയശാസ്ത്രവും പ്രയോഗവും’ എന്ന വിഷയത്തിൽ ആർ.ജെ.ഡി. സെക്രട്ടറി ജനറൽ ഡോ. വറുഗീസ് ജോർജ് ക്ലാസെടുത്തു. സെക്രട്ടറി അഡ്വ. ഇ. രവീന്ദ്രനാഥ്, മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. എം. ജനാർദനൻ, കാസർകോട് ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്ലീനറി സെഷനിൽ സംസ്ഥാന സെക്രട്ടറി ഡോ. റബീജ മോഡറേറ്ററായിരുന്നു. സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരളഘടകം പ്രസിഡന്റ് എം.എസ്. ഋഷഭ്, ആർ.ജെ.ഡി. പാലക്കാട് ജില്ലാ പ്രസിഡന്റ് ബഷീർ കൊടുന്തിരപ്പള്ളി എന്നിവർ സംസാരിച്ചു.
Content Highlights: RJD State President M.V. Shreyams Kumar addressed the concluding session of the RJD state leadership camp in Parassinikkadavu., Highlighted concerns over societal polarization and the need for youth intervention., Called for strong opposition against environmental exploitation, including data centers., Stressed the importance of ensuring better healthcare for common people.
Published: 21 Sept 2026, 07:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented