മുംബൈ: ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ആവർത്തിച്ചുള്ള വീഴ്ചകളിൽ സ്റ്റാർ ഹെൽത്തിന് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിക്ക് രണ്ടുകോടി രൂപ പിഴയിട്ട് ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി ഐ.ആർ.ഡി.എ.ഐ. ഇൻഷുറൻസ് ക്ലെയിമുകളുമായി ബന്ധപ്പെട്ട് പലവട്ടം ചട്ടങ്ങൾ ലംഘിച്ചു, നീതീകരിക്കാനാവാത്ത രീതിയിൽ ക്ലെയിമുകൾ തള്ളി, പോളിസി നിബന്ധനകൾക്കു വിരുദ്ധമായി ക്ലെയിം വെട്ടിക്കുറച്ചു എന്നിങ്ങനെയുള്ള ചട്ടലംഘനങ്ങൾക്കാണ് നടപടി. 2022 ജനുവരി 31-നും ഫെബ്രുവരി 11-നും ഇടയിൽ ഐ.ആർഡി.എ.ഐ. നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

To advertise here,

2024 ഡിസംബറിൽ കമ്പനിക്ക് ഐ.ആർ.ഡി.എ.ഐ. കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 2025 ജൂണിൽ നേരിട്ട് വാദംകേൾക്കുകയും ചെയ്തു. ഇതിനുശേഷമാണ് നടപടി. കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട ക്ലെയിമുകളടക്കം കമ്പനി നിരസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നീതീകരിക്കാനാകാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിൽ ക്ലെയിമുകൾ തള്ളിയത്.

പരിശോധനാസമയത്ത് ഐ.ആർ.ഡി.എ.ഐ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് തർക്കത്തിലുള്ള ക്ലെയിമുകൾ കമ്പനി തീർപ്പാക്കാൻ തയ്യാറായി. ഇത് കമ്പനിയുടെ ക്ലെയിം വിലയിരുത്തൽ രീതിയിൽ ആശങ്കയുണ്ടാക്കുന്നതാണ്. ക്ലെയിമുകളിൽ തീരുമാനമെടുക്കുന്നതിൽ പോളിസി ഉടമകൾക്ക് നൽകുന്ന വിശദീകരണത്തിലും പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും ഉപഭോക്താക്കളെ കാര്യങ്ങൾ കൃത്യമായി അറിയിക്കാറില്ല. ഇതുമൂലം കമ്പനിയുടെ തീരുമാനം ചോദ്യംചെയ്യാൻ പോളിസിയുടമകൾക്കു കഴിയാതെവരുന്നു. ചട്ടലംഘനങ്ങൾക്ക് ഒരു കോടിയും ക്ലെയിമുകൾ കാരണംകൂടാതെ വെട്ടിക്കുറയ്ക്കുന്നതിന് മറ്റൊരു ഒരു കോടിയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.