
കോൺഗ്രസ് നേതാവ് പി.വി. വേണുഗോപാലിനെ, ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു
കല്പറ്റ: കോണ്‍ഗ്രസ് നേതാവ് പി.വി. വേണുഗോപാല്‍ രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്ക് തോമാട്ടുചാലില്നിന്ന് ജനവിധിതേടും. ആര്‍ജെഡിയില്‍ ചേര്‍ന്നെങ്കിലും എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുകയെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും ഇതിനുപിന്നില്‍ ചില നേതാക്കളുടെ സ്വാര്ഥതാത്പര്യമാണെന്നും പി.വി. വേണുഗോപാല്‍ പറഞ്ഞു. ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടും പലകാരണങ്ങളാല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്കുപോലും മത്സരിക്കാനായില്ല. തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന സ്ഥാനം തരണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണിക്കുന്ന സമീപനമാണ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്നും പി.വി. വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് കല്പറ്റ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു പി.വി. വേണുഗോപാല്‍. കോണ്‍ഗ്രസ് മൂപ്പൈനാട് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ ഡിസിസി പ്രസിഡന്റ് പി.വി. ബാലചന്ദ്രന്റെ സഹോദരനാണ്. വടുവന്‍ചാല്‍ ചെല്ലങ്കോട് സ്വദേശിയാണ്. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, പി.വി. വേണുഗോപാലിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജില്ലാപ്രസിഡന്റ് ഡി. രാജന്, സംസ്ഥാനകമ്മിറ്റിയംഗം പി.കെ. അനില്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ഒ. ദേവസി, ജില്ലാട്രഷറര്‍ അഡ്വ. ജോര്‍ജ് പോത്തന്, കല്പറ്റ മണ്ഡലം പ്രസിഡന്റ് പി.കെ. രാജന്, ആര്‍വൈജെഡി ജില്ലാപ്രസിഡന്റ് പി.പി. ഷൈജല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Published: 18 Nov 2025, 02:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented