മുംബൈ: നികുതിയിളവുകൾ തൊഴിലും ശമ്പളവുമായി മാറിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം വെറുതേയല്ലെന്നും കണക്കുകൾ അതിനെ പിന്തുണയ്ക്കുന്നുവെന്നും വിലയിരുത്തൽ. ഡൽഹിയിൽ ഫിക്കി വാർഷിക പൊതുയോഗത്തിലായിരുന്നു മോദിയുടെ പരാമർശം. കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമാക്കിയും ജി.എസ്.ടി. പരിഷ്കരിച്ചും 12 ലക്ഷം രൂപവരെ ആദായനികുതി ഇളവ് നൽകിയും സർക്കാർ പിന്തുണച്ചിട്ടും വ്യവസായം നിയമനവും ശമ്പളവും കൂട്ടിയോ എന്നാണ് പ്രധാനമന്ത്രി ചോദിക്കുന്നത്. ഇളവുകൾക്കായുള്ള വ്യവസായത്തിന്റെ ‘അടങ്ങാത്ത ആർത്തി’യെയും അദ്ദേഹം വിമർശിച്ചു.
കണക്കുകൾ പറയുന്നത്
2025-’26 -ൽ 4,046 കമ്പനികളുടെ ശമ്പളച്ചെലവ് ഒൻപതു ശതമാനംമാത്രം കൂടിയപ്പോൾ ലാഭം 19 ശതമാനം ഉയർന്നു. 2023-’24 -ൽ ലാഭം 32 ശതമാനം കൂടിയപ്പോൾ ശമ്പളച്ചെലവിലെ വർധന 12.5 ശതമാനമായിരുന്നു. കമ്പനികളുടെ മൊത്തം ചെലവിന്റെ 11.4 മുതൽ 12.6 ശതമാനം വരെ മാത്രമാണ് ജീവനക്കാർക്കായി ചെലവിടുന്നത്. സെപ്റ്റംബർ അവസാനം കമ്പനികളുടെ പണശേഖരം 12.8 ലക്ഷം കോടി രൂപയായി, അഞ്ച് വർഷത്തെ ഉയർന്ന നിലവാരമാണിത്.
ഐ.ടി. സേവനങ്ങൾ, ധനകാര്യസേവനങ്ങൾ, ആരോഗ്യസംരക്ഷണം എന്നിവയാണ് സ്വകാര്യ മേഖലയിലെ ശമ്പളവളർച്ചയെ നയിച്ചിരുന്നത്. എന്നാൽ, അടുത്തിടെയായി വൻകിട കമ്പനികളും ബാങ്കുകളും നിയമനംകുറച്ചു. കെയർഎഡ്ജ് കണക്കുകൾ പ്രകാരം, തൊഴിലിൽ സേവന മേഖലയുടെ പങ്ക് 2000-ലെ 22.9 ശതമാനത്തിൽനിന്ന് 2025-ൽ 31.8 ശതമാനമായി ഉയർന്നു. അതേസമയം, നിർമാണമേഖലയിലിത് 10-12 ശതമാനത്തിൽ തുടരുന്നു.
വ്യവസായങ്ങളുടെ വാർഷിക സർവേ റിപ്പോർട്ടിൽ 2024-’25-ൽ തൊഴിലാളികളുടെ വേതനം 5.3 ശതമാനം കൂടിയപ്പോൾ വിലക്കയറ്റം 4.6 ശതമാനമായതിനാൽ യഥാർഥ വേതനവളർച്ച 0.7 ശതമാനം മാത്രം. കമ്പനികൾ മികച്ച ലാഭം നേടുകയും കൈവശം വലിയ പണശേഖരമുണ്ടാവുകയും ചെയ്യുന്നുണ്ടെങ്കിലും ജീവനക്കാർക്കായുള്ള ചെലവ് വളരെ സാവധാനമാണ് ഉയരുന്നതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കമ്പനികൾക്ക് ഇത് എളുപ്പത്തിൽ നിഷേധിക്കാനും കഴിയില്ല.
ബജറ്റിനു മുന്നേയുള്ള മുന്നറിയിപ്പ്
ബജറ്റിൽ പുതിയ നികുതിയിളവ് ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചേക്കില്ലെന്ന സൂചനയായാണ് മോദിയുടെ പരാമർശത്തെ വിലയിരുത്തുന്നത്. ഇതോടെ ബജറ്റിൽനിന്നുള്ള പ്രതീക്ഷകൾ കോർപ്പറേറ്റുകൾ പുനഃപരിശോധിച്ചേക്കും. സർക്കാർ നൽകിയ പിന്തുണയ്ക്ക് പകരമായി കൂടുതൽ ചെയ്യാമായിരുന്നുവെന്നാണ് സർക്കാർ നിലപാട്. അതേസമയം, ഉയർന്ന ഇന്ധന - അസംസ്കൃത വസ്തു ചെലവും ദുർബലമായ രൂപയും ഉയർത്തുന്ന സമ്മർദം രൂക്ഷമാണെന്ന് വ്യവസായികൾ പറയുന്നു. സ്വകാര്യ നിക്ഷേപത്തിന്റെ വേഗത്തിലും ഭിന്നതയുണ്ട്; ജി.എസ്.ടി. ഭേദഗതിക്കുശേഷം ഉപഭോഗം ഉയർന്നപ്പോൾ നിക്ഷേപവും കൂടിയിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. 2027-’28 ബജറ്റിനുള്ള കൂടിയാലോചനകൾക്കിടെ, ദീർഘകാല മൂലധന നേട്ട നികുതി ഇളവ് ഉൾപ്പെടെ ഫിക്കി ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ധനകാര്യ അച്ചടക്കം ചൂണ്ടിക്കാട്ടി നികുതി നിലനിർത്തണമെന്നാണ് ധനമന്ത്രിയെ കണ്ട സാമ്പത്തികവിദഗ്ധരുടെ ആവശ്യം.
Content Highlights: Narendra Modi criticizes tax reliefs not translating into jobs and wages, with data supporting his claims at the FICCI annual meeting.
Published: 22 Nov 2026, 06:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented