ചെന്നൈ: കുറ്റാന്വേഷണത്തിലെ തടസ്സങ്ങൾനീക്കാൻ പോലീസ് സ്റ്റേഷനിൽ ഗണപതിഹോമം. സ്റ്റേഷൻ പരിധിയിൽനിന്ന് ബാലികയെ കാണാതായ സംഭവത്തിന് തുമ്പുണ്ടാക്കാൻ 40 ദിവസമായിട്ടും കഴിയാതിരുന്നതോടെയാണ് തമിഴ്‌നാട്ടിൽ വിഴുപുരം ജില്ലയിലെ സത്യമംഗലം പോലീസ് പൂജാവഴി തേടിയത്.
വിഴുപുരം ജില്ലയിലെ സെഞ്ചിയക്കടുത്ത് ആലമ്പൂണ്ടി ഗ്രാമത്തിൽ അമ്മക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ഒക്ടോബർ 12-നാണ് കാണാതായത്. ലോക്കൽ പോലീസിന്റെ അന്വേഷണം വഴിമുട്ടിയപ്പോൾ കേസ് ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കു കൈമാറി. അതുകൊണ്ടും പ്രയോജനമൊന്നുമുണ്ടായില്ല. കാണാതായ പെൺകുട്ടിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെ സെഞ്ചിയിലെ വനമേഖലയിൽനിന്ന് രണ്ട് അസ്ഥികൂടങ്ങൾ കിട്ടി. ഒരു അസ്വാഭാവിക മരണമുണ്ടായി. സബ് ഇൻസ്പെക്ടർക്ക് അപകടം പറ്റി. ഇതേത്തുടർന്ന് സത്യമംഗലം പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു ഒരു ജ്യോതിഷിയുടെ ഉപദേശം തേടി. ജ്യോതിഷിയാണ് സ്റ്റേഷനിൽ ഗണപതിഹോമം നടത്താൻ നിർദേശിച്ചത്.
വെള്ളിയാഴ്ച നടന്ന ഗണപതിഹോമത്തിൽ ഇൻസ്പെക്ടർ സുരേഷ് ബാബു ഭാര്യക്കൊപ്പം പങ്കെടുത്തു. സ്റ്റേഷനിലെ മറ്റു പോലീസുകാരും ചിലരുടെ കുടുംബാംഗങ്ങളും പങ്കാളികളായി. പൂജയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെ വിമർശനങ്ങളുയർന്നിട്ടുണ്ട്. ജ്യോതിഷിയെ ഉപദേഷ്ടാവായിവെച്ച സർക്കാർ ഭരിക്കുമ്പോൾ ഇങ്ങനെയൊക്കെയുണ്ടാകുമെന്ന് ഡി.എം.കെ. നേതാവ് സെന്തിൽകുമാർ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ മതപരമായ ചടങ്ങുകൾ അനുവദനീയമല്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Villupuram police conduct Ganapathi homam seeking breakthroughs in a stalled investigation of a missing girl, drawing public criticism and official scrutiny.
Published: 22 Nov 2026, 07:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented