ചണ്ഡീഗഡ്: ജയില്‍ശിക്ഷ അനുഭവിക്കുന്ന ബലാത്സംഗകുറ്റവാളിയും ദേര സച്ചാ സൗദ നേതാവുമായ ഗുര്‍മീത് റാം റഹിം സിങ്ങിന് പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. രണ്ട് വര്‍ഷക്കാലയളവിനിടെ പത്താമത്തെ തവണയാണ് ഗുര്‍മീത് റാം റഹിമിന് പരോള്‍ അനുവദിക്കുന്നത്. ഹരിയാണയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുര്‍മീതിന് പരോള്‍ അനുവദിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന യൂണിറ്റ് ചൂണ്ടിക്കാട്ടി. 

To advertise here,

തിരഞ്ഞെടുപ്പുകാലത്ത് ഗുര്‍മീതിനെ ജയില്‍മോചിതനാക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കാരണമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കയച്ച കത്തില്‍ ഹരിയാണ പ്രദേശ് കോണ്‍ഗ്രസ് പറഞ്ഞു. ഗുര്‍മീത് സിങ് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്റെ മകനും പരോളിനെതിരേ പ്രതികരിച്ചിട്ടുണ്ട്. ഗുര്‍മീതിനെ ഈ സന്ദര്‍ഭത്തില്‍ പുറത്തുവിടുന്നത് ജനാധിപത്യമൂല്യങ്ങളേയും തിരഞ്ഞെടുപ്പ് നടത്തിപ്പിനേയും വിപരീതമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഹരിയാണയിലും നിരവധി ആരാധകരുള്ള നേതാവാണ് ഗുര്‍മീത്. തിങ്കളാഴ്ചയാണ് 20 ദിവസത്തെ പരോള്‍ ഗുര്‍മീത് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. പിതാവ് മഘാര്‍സിങ്ങിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഗുര്‍മീത് പരോള്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ അഞ്ചിനാണ് മഘാര്‍ സിങ്ങിന്റെ ചരമദിനം, അന്ന് തന്നെയാണ് ഹരിയാണയില്‍ തിരഞ്ഞെടുപ്പും. പരോള്‍ ലഭിക്കുന്നപക്ഷം താന്‍ ഉത്തര്‍പ്രദേശിലെ ഭാഗ്പട്ടില്‍ തന്നെ തുടരുമെന്നാണ് ഗുര്‍മീത് അവകാശപ്പെടുന്നത്. 

ഗുര്‍മീതിന്റെ പരോള്‍ അപേക്ഷ സംസ്ഥാന തിരഞ്ഞെടുപ്പ് ആസ്ഥാനത്തേക്കയച്ചിട്ടുണ്ട്. ഗുര്‍മീതിന്റെ അപേക്ഷ പരിഗണിക്കാവുന്നതാണെന്ന് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ പങ്കജ് അഗര്‍വാള്‍ അറിയിച്ചു. പരോള്‍ അനുവദിക്കുന്നതിനായി മൂന്ന് വ്യവസ്ഥകള്‍ വെച്ചിട്ടുണ്ടെന്നും അ്‌ദേഹം കൂട്ടിച്ചേര്‍ത്തു. ഗുര്‍മീതിന് ഹരിയാണയില്‍ പ്രവേശനം ഉണ്ടായിരിക്കില്ല, രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാകില്ല, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സാമൂഹികമാധ്യമങ്ങള്‍ മുഖേന പോലും പ്രവര്‍ത്തിക്കാനാകില്ല എന്നിവയാണ് വ്യവസ്ഥകള്‍.