ലഖ്നൗ: ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി പാകിസ്താനെതിരെയുള്ള സൈനികനടപടികളില്‍ ഇന്ത്യയുടെ സായുധസേനകള്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ കൃത്യതയോടെ നീക്കങ്ങള്‍ നടത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ കൃത്യതയോടെയും ചിട്ടയോടെയുമാണ് ഇന്ത്യന്‍ സേന നീങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ ആശുപത്രിയുടെ വാര്‍ഷികാഘോഷപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
"വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരെയും ശസ്ത്രക്രിയാവിദഗ്ധരെയും പോലെയാണ് നമ്മുടെ സേനകള്‍ പ്രവര്‍ത്തിച്ചത്. അസുഖബാധിതമായ ശരീരഭാഗത്ത് എത്രത്തോളം കൃത്യമായാണ് ഒരു സര്ജന് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ പ്രയോഗിക്കുന്നത് അത്രത്തോളം കൃത്യമായാണ് ഭീകരപ്രവര്‍ത്തനത്തിന്റെ വേരറുക്കുന്ന വിധത്തില്‍ നമ്മുടെ സേനകള്‍ ആഞ്ഞടിച്ചത്", രാജ്യത്തിലെ ജനങ്ങളുടെ ആരോഗ്യത്തേയും രാജ്യസുരക്ഷയേയും സംരക്ഷിക്കുന്നതിലൂടെ ഇന്ത്യയുടെ രണ്ട് സുപ്രധാന മേഖലകളെ പരിപാലിക്കുന്ന വിശിഷ്ടമായ കര്‍ത്തവ്യമാണ് ഡോക്ടര്‍മാരും സൈനികരും ചെയ്തുപോരുന്നതെന്ന് വിശദീകരിച്ച് രാജ്നാഥ് സിങ് പറഞ്ഞു.
"ഡോക്ടര്‍മാരും സൈനികരും കഠിനമായ പരിശീലനം നേടുന്നു, സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അടിയന്തരഘട്ടങ്ങളില്‍ ചടുലവും ഗൗരവതരവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. കോവിഡ് 19 ന്റെ കാലത്ത് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് നാം കാണാനിടയായ അതേ പ്രതിബദ്ധതയാണ് ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് സൈനികരുടെ ഭാഗത്തുനിന്ന് നമുക്ക് കാണാന്‍ സാധിച്ചത്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭീകരവാദമെന്ന രോഗത്തിനുള്ള ചികിത്സയാണ് പ്രതിരോധമന്ത്രാലയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാത്ത പാകിസ്താന് ഇന്ത്യയുടെ നേര്‍ക്ക് പ്രത്യാക്രമണങ്ങള്‍ക്ക് മുതിര്‍ന്നതായും സാധാരണജനങ്ങളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടതായും എന്നാല്‍ ഇന്ത്യന്‍ സേന തക്കതായ മറുപടി നല്‍കിയതായും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ ആക്രമണം നടത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് അപായമുണ്ടാകാതിരിക്കാനും ഭീകരരുടെ താവളങ്ങള്‍ മാത്രം ലക്ഷ്യമിടാനും പ്രത്യേകം ശ്രദ്ധ ചെലുത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിരപരാധികളെ ബാധിക്കുന്നില്ലെന്ന് ഇന്ത്യന്‍ സൈനികര്‍ ഉറപ്പുവരുത്തിയതായും രാജ്നാഥ് സിങ് പറഞ്ഞു.
Content Highlights: Defense Minister Rajnath Singh praises Indian armed forces` precision strikes against Pakistan
Published: 20 May 2025, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented