ന്യൂഡൽഹി: ഭീകരസംഘടനകൾ തങ്ങളുടെ പ്രവർത്തം വ്യാപിപ്പിക്കുന്നതിനായി ഓൺലൈൻ ഗെയ്മിങ് പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടഞ്ഞതിന് പിന്നാലെ, ആശയവിനിമയത്തിനായി അവർ ഉപയോഗിക്കുന്ന പുതിയ തന്ത്രങ്ങൾ കണ്ടെത്തി ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ. പോൺ വെബ്സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായ ചാറ്റ് ടൂളുകൾ വഴിയാണ് ഭീകരർ ഇപ്പോൾ ആശയവിനിമയം നടത്തുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
രഹസ്യമായി ആശയവിനിമയം നടത്തുന്നതിനായി ഭീകരസംഘങ്ങൾ പ്രത്യേക തരത്തിൽ എൻക്രിപ്റ്റ് ചെയ്ത ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ഭീകരരും പാകിസ്താന്റെ ഐഎസ്ഐയും (ISI) ഇത്തരം രഹസ്യമാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് വിവരം.
സന്ദേശങ്ങൾ കൈമാറാൻ വാട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, സിഗ്‌നൽ തുടങ്ങിയ സാധാരണയായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകളിൽനിന്ന് ഭീകരർ മാറിച്ചിന്തിച്ചുതുടങ്ങി എന്നാണ് പോൺ വെബ്സൈറ്റുകളുടെയും ഗെയിമിങ് പ്ലാറ്റ്ഫോമുകളുടെയും ഉപയോഗം കാണിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമായും ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള പോൺ വെബ്സൈറ്റുകളും ആപ്പുകളുമാണ് ഇവർ ഉപയോഗിക്കുന്നത്. എന്നാൽ ഒരു വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിച്ച് ഇവ ആക്സസ് ചെയ്യാൻ കഴിയും.
സമീപത്തുള്ള ആളുകളുമായി ഡേറ്റിങ്ങിന് സഹായിക്കുന്നു എന്ന വ്യാജേനയാണ് ഈ പോൺ പ്ലാറ്റ്ഫോമുകളിൽ തത്സമയ ചാറ്റ് ടൂളുകൾ (real-time chat tools) പ്രവർത്തിക്കുന്നത്. ഭീകരരുടെ ഹാൻഡ്ലർമാർ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ടൂളുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ, സുരക്ഷാ ഏജൻസികൾ ഈ പ്രത്യേക ഡിജിറ്റൽ ടൂളുകളെ നിരീക്ഷണ വലയത്തിലാക്കിയിട്ടുണ്ട്.
വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത നോഡുകളിലൂടെ (nodes) കടത്തിവിട്ട് ഉപയോക്താക്കളുടെ വ്യക്തിത്വം മറച്ചുവെക്കാൻ ഭീകരർ കോട്ടെക്സ് (Coatex), കോണിയൻ (Conion) തുടങ്ങിയ ടോർ (Tor) അധിഷ്ഠിത മെസേജിങ് ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. അജ്ഞാതമായി ആശയവിനിമയം നടത്തുന്നതിനും വ്യക്തിഗത വെബ് ബ്രൗസിങ്ങിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു സൗജന്യ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ നെറ്റ്‌വർക്കാണ് ടോർ (Tor - The Onion Router).
കോണിയൻ ആപ്പിന്റെ എപികെ (APK) ഫയൽ ഡൗൺലോഡ് ചെയ്യുന്നതിന് ഇന്ത്യയിൽ നിയന്ത്രണങ്ങളുണ്ട്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണ് എപികെ (Android Package Kit). കൂടാതെ, സിം കാർഡോ ഫോൺ നമ്പറോ ആവശ്യമില്ലാതെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത മെസേജിങ് അനുവദിക്കുന്ന ഫ്രാൻസ് ആസ്ഥാനമായുള്ള ഒരു ആപ്പ് ഉൾപ്പെടെയുള്ള, സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന പ്ലാറ്റ്ഫോമുകളും ഭീകരർ ഉപയോഗിക്കുന്നുണ്ട്.
ഇതെല്ലാം, സന്ദേശമയച്ചവരെ സംബന്ധിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നത് കൂടുതൽ പ്രയാസകരമാക്കുന്നു. സാധാരണ രജിസ്ട്രേഷൻ രീതികൾ മറികടക്കുന്നതും ചൈനീസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതുമായ പിജിപി (PGP) എൻക്രിപ്റ്റ് ചെയ്ത പതിപ്പുകളുള്ള മൂൺചാറ്റ് (Moonchat) പോലുള്ള അജ്ഞാത പ്ലാറ്റ്ഫോമുകൾക്കൊപ്പം വിയറ്റ്നാം ആസ്ഥാനമായുള്ള ആപ്പുകളും ഏജൻസികൾ നിരീക്ഷിച്ചുവരുന്നുണ്ട്.
സമീപത്തുള്ള സിംഗിൾസ് ആയ ആളുകളെ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന പല പതിപ്പുകളും ഈ ആപ്പിനുണ്ടെന്ന് പിടിഐ റിപ്പോർട്ട് പറയുന്നു. ഡാറ്റയുടെ ഉറവിടവും ലക്ഷ്യസ്ഥാനവും മറച്ചുവെക്കുന്നതിനായി എൻക്രിപ്റ്റ് ചെയ്ത ട്രാഫിക് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒന്നിലധികം വോളന്റിയർ റിലേ നോഡുകളിലൂടെ തിരിച്ചുവിടുന്നതിനാൽ, ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകളെ ട്രാക്ക് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്.
സ്വകാര്യത ഉറപ്പാക്കുക, സെൻസർഷിപ്പ് തടയുക എന്നിങ്ങനെയുള്ള നിയമപരമായ ആവശ്യങ്ങൾക്കായി യുഎസ് ആസ്ഥാനമായുള്ള 'ദി ടോർ പ്രോജക്റ്റ്' എന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ് ടോർ പരിപാലിക്കുന്നതെങ്കിലും, ഇതിന്റെ അജ്ഞാത ഫീച്ചറുകൾ ഭീകര സംഘടനകൾ ഉൾപ്പെടെയുള്ള നിഗൂഢ നെറ്റ്‌വർക്കുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുവിടുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Content Highlights: Pakistan-based terrorists and ISI are using chat tools on porn websites for secret communication. Terror handlers are shifting away from common social media apps to niche encrypted platforms. Banned porn sites are accessed via VPNs to exploit built-in real-time chat features. Tor-based and privacy-focused apps like Coatex, Conion, and Moonchat are used to hide user identities. Security agencies are closely monitoring these evolving digital tactics used for J&K recruitment.
Published: 31 Aug 2026, 03:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented