ന്യൂഡൽഹി: ഡൽഹി സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ നേരിട്ട കനത്ത തിരിച്ചടിയിൽ അതൃപ്തി വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ എൻ.എസ്.യു.ഐ ഇൻ-ചാർജ് കനയ്യ കുമാർ, ദേശീയ പ്രസിഡന്റ് വിനോദ് ജാഖർ എന്നിവരെ വിളിച്ചുവരുത്തി രാഹുൽ ഗാന്ധി സ്ഥിതിഗതികൾ വിലയിരുത്തി. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും യോഗത്തിൽ പങ്കെടുത്തു.

To advertise here,

വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട നാല് സെൻട്രൽ പാനൽ സീറ്റുകളിലും എൻ.എസ്.യു.ഐക്ക് വിജയിക്കാനായിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്ത് വിജയത്തിന് തൊട്ടടുത്തെത്തിയിട്ടും എന്താണ് സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി നേതാക്കളോട് ആരാഞ്ഞതായാണ് വിവരം. തിരഞ്ഞെടുപ്പ് മാനേജ്മെന്റ്, സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണ തന്ത്രങ്ങൾ എന്നിവയിലെ വീഴ്ചകളെക്കുറിച്ച് അദ്ദേഹം സംശയങ്ങൾ പങ്കുവെച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻ എൻ.എസ്.യു.ഐ പ്രവർത്തകനായിരുന്ന ദീപാൻഷു ഷോകീൻ സ്വതന്ത്രനായി മത്സരിച്ച് വൈസ് പ്രസിഡന്റ് പദവി കരസ്ഥമാക്കിയതും യോഗത്തിൽ ചർച്ചയായി. ദീപാൻഷുവിന് ടിക്കറ്റ് നിഷേധിച്ചതിനെക്കുറിച്ചും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. എന്നാൽ ദീപാൻഷു മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ടിക്കറ്റ് നൽകാതിരുന്നതെന്ന് കനയ്യ കുമാറും വിനോദ് ജാഖറും വിശദീകരിച്ചു. അതേസമയം ദീപാൻഷുവിന് പ്രസിഡന്റ് ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അത് നിരസിച്ച് അദ്ദേഹം സ്വതന്ത്രനായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് നേതാവ് അമിതാഭ് ദുബെ വ്യക്തമാക്കിയത്.

യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി സ്ഥാനത്ത് എബിവിപി സ്ഥാനാർഥികളാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം ദീപാൻഷു ഷോക്കീൻ നേടിയപ്പോൾ എൻ.എസ്.യു.ഐക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. യുവാക്കളിലേക്കുള്ള കോൺഗ്രസിന്റെ സ്വാധീനം വർധിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചാരണങ്ങൾ നടന്നു വരുന്നതിനിടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാല തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്.