
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടായി വിദ്യാർഥി യൂണിയനില്ലാതിരുന്ന ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ യൂണിയൻ തിരഞ്ഞെടുപ്പിനായി നടന്ന വിദ്യാർഥി പ്രതിഷേധം വിജയപര്യവസാനത്തിലെത്തിയത് കഴിഞ്ഞദിവസമാണ്. 2006-നുശേഷം യൂണിയനില്ലാത്ത കാമ്പസിൽ അടുത്ത അധ്യയനവർഷം തിരഞ്ഞെടുപ്പ് നടത്താമെന്ന് സർവകലാശാല സമ്മതിച്ചു. നിരാഹാരസമരമടക്കം 18 ദിവസം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് വിദ്യാർഥികളുടെ ആവശ്യം സർവകലാശാല അംഗീകരിച്ചത്.
നിരാഹാരമിരുന്ന് സമരം നയിച്ചതിൽ തുടങ്ങി പ്രതിഷേധം സമവായത്തിൽ തീർക്കാൻ അധികൃതരുമായി ചർച്ച നടത്തിയതിൽവരെ മലയാളികളുണ്ടായിരുന്നെന്നത് അതിനിടയിലെ കൗതുകം. വിദ്യാർഥി സംഘടനാ നേതാക്കൾ മാത്രമല്ല, പെൺകുട്ടികളടക്കം കാമ്പസിലെ മലയാളി വിദ്യാർഥികളിൽ ഭൂരിഭാഗവും സമരത്തിൽ സജീവമായിരുന്നു. ഭാഷകളുടെ അതിർവരമ്പുകൾ അവിടെയുണ്ടായിരുന്നില്ല.
ഐസയുടെ നെവിൽ തോമസ്, എം.എസ്.എഫിന്റെ പി.കെ. സഹദ്, ഫ്രട്ടേണിറ്റി മൂവ്മെന്റിന്റെ ലുബൈബ് ബഷീർ, എ.ഐ.ആർ.എസ്.ഒ.യുടെ നിരഞ്ജൻ, എൻ.എസ്.യു.വിന്റെ അദ്നാൻ, സഹുവ, ഉത്തര, സനാ ഫാത്തിമ എന്നിങ്ങനെ അണിയറയിൽ നേതൃത്വം നൽകിയ മലയാളികൾ നിരവധി. പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ നിരഞ്ജന് ഇതിനിടെ തിഹാർ ജയിലിലും കഴിയേണ്ടിവന്നു.
മലയാളികളുടെ പങ്കാളിത്തം കാരണം തുടക്കത്തിൽ വെറുമൊരു 'മല്ലു' സമരമായി പ്രതിഷേധത്തെ ചിത്രീകരിക്കാൻ ശ്രമിച്ച അഡ്മിനിസ്ട്രേഷന് ഒടുവിൽ അതിനെ ജാമിയയിലെ മുഴുവൻ വിദ്യാർഥികളുടെയും ജനാധിപത്യ ആവശ്യമായി അംഗീകരിക്കേണ്ടിവന്നു. സമരം സർവകലാശാലാ ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ മലയാളികളും അതിലിടംനേടിയിരിക്കുന്നു.
20 വർഷമായി യൂണിയനില്ലാത്ത കാമ്പസ്
ജാമിയ മിലിയ സർവകലാശാലയിൽ 2006-നുശേഷം വിദ്യാർഥി യൂണിയനുണ്ടായിരുന്നില്ല. അതിനുംമുൻപ് തൊണ്ണൂറുകളുടെ അവസാനത്തിലായിരുന്നു കൃത്യമായൊരു യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. അതിനുശേഷം ആഭ്യന്തര സംഘർഷങ്ങളും പ്രാദേശിക രാഷ്ട്രീയവും കാരണം യൂണിയൻ രണ്ടുമൂന്നുമാസത്തിൽ വീഴുന്നതായിരുന്നു പതിവ്. കലഹവും പതിവായി.
അങ്ങനെയിരിക്കേ, സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് 20 വർഷംമുൻപ് അധികൃതർ യൂണിയൻ പിരിച്ചുവിട്ടത്. വിഷയം പിന്നീട് പലതവണ കോടതികയറിയെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവില്ലാതിരുന്നതിനാൽ സർവകലാശാലയിൽ യൂണിയനുണ്ടായിരുന്നില്ല. കോടതി നിലപാടുകൾ ചൂണ്ടിക്കാട്ടി യൂണിയൻ തിരഞ്ഞെടുപ്പിനോട് സർവകലാശാലാ അധികൃതരും അകലം പാലിച്ചുവരികയായിരുന്നു.
വിദ്യാർഥികൾ നിരാഹാര സമരം തുടങ്ങുന്നു
അലിഗഢ് മുസ്ലിം സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനൊടുവിൽ എട്ടുവർഷത്തിനുശേഷം തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാമിയയിലും യൂണിയനായുള്ള സമരം തുടങ്ങിയത്. അലിഗഢിൽ 19 ദിവസത്തെ നിരാഹാരസമരത്തിന് ശേഷമായിരുന്നു അധികൃതർ യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഒൻപതിന് അവിടെ പ്രഖ്യാപനമുണ്ടായതിന്റെ മൂന്നാം പക്കം ഒക്ടോബർ 12-ന് ജാമിയയിലും വിദ്യാർഥി പ്രതിഷേധം ആരംഭിച്ചു. ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ജാസിം ഖാൻ നിരാഹാരമിരുന്നപ്പോൾ ബലപ്രയോഗത്തിൽ നീക്കാനായിരുന്നു അധികൃതർ ശ്രമിച്ചത്. അതോടെ ജാസിമിനൊപ്പം എൻ.എസ്.യു. നേതാവും നിയമവിദ്യാർഥിയുമായ പെരിന്തൽമണ്ണ സ്വദേശി എബിൻ ബേസിൽ, മറ്റൊരു വിദ്യാർഥി റെഹാൻ ഹൈദർ എന്നിവരും അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.
കാമ്പസിൽ വിലക്കും നിയന്ത്രണങ്ങളുമേർപ്പെടുത്തി പ്രതിഷേധത്തെ അടിച്ചമർത്താൻ അധികൃതർ ശ്രമിച്ചെങ്കിലും സമരത്തിന് പിന്തുണ വർധിച്ചതേയുള്ളൂ. ഇതിനിടയിൽ കൂടുതൽപേർ നിരാഹാരമാരംഭിച്ച് സമരത്തിനൊപ്പം ചേർന്നു. ആരോഗ്യം മോശമായപ്പോൾ ചിലർ നിരാഹാരം നിർത്തി. എബിൻ മാത്രമാണ് തുടക്കംമുതൽ ഒടുക്കംവരെ 18 ദിവസം നിരാഹാരം തുടർന്നത്.
കാമ്പസ് അടച്ച് അധികൃതരുടെ പ്രതിരോധം, പുറത്ത് നിരോധനാജ്ഞ
പ്രതിഷേധം ശക്തിയാർജിക്കുന്നതിനിടെ, വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിശോധിക്കാൻ സർവകലാശാല ഉന്നതസമിതിയെ നിയോഗിച്ചു. നിരാഹാരസമരം രണ്ടാഴ്ച പിന്നിട്ടപ്പോൾ വിദ്യാർഥികളുമായി ചർച്ചനടത്തി തീരുമാനത്തിലെത്താൻ ശ്രമങ്ങളുണ്ടായി. യൂണിയന്റെ ഭരണഘടന തയ്യാറാക്കി അംഗീകാരം ലഭിച്ചാൽ 15 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പ് നടത്താമെന്ന ഉറപ്പ് അധികൃതർ നൽകി. ഇതിന്റെ ഉത്തരവിറങ്ങിയെങ്കിലും കൃത്യമായ തീയതി വ്യക്തമാക്കി സമയബന്ധിതമായ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നു. മാത്രമല്ല, പ്രതിഷേധിച്ച വിദ്യാർഥികൾ പരസ്യമായി മാപ്പുപറയണമെന്ന നിബന്ധനവെച്ചതും എതിർപ്പിനിടയാക്കി.
വിദ്യാർഥികൾ വഴങ്ങാതിരുന്നതോടെ ക്ലാസുകളും പരീക്ഷകളുമെല്ലാം ഓൺലൈനാക്കി സർവകലാശാല ഉത്തരവിറക്കി. കാമ്പസിൽ വിദ്യാർഥികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഗേറ്റുകളടച്ചു. പുറത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രതിഷേധത്തിനെത്തുന്ന വിദ്യാർഥികളെ തടഞ്ഞു. നൂറുകണക്കിന് കേന്ദ്രസേനകളെയും രംഗത്തിറക്കിയിരുന്നു. അതിനിടെ ഒട്ടേറെ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലുമാക്കി.
ആകസ്മികമായി ഹാരിസ് ബീരാന്റെ രംഗപ്രവേശം
സർവകലാശാല അധികൃതരും വിദ്യാർഥികളും രണ്ടറ്റത്തായി നിലയുറപ്പിച്ചപ്പോൾ പ്രതിഷേധം രമ്യതയിലെത്തിക്കാനുള്ള ചർച്ചകളെല്ലാം വഴിമുട്ടിയിരുന്നു. പൂർവവിദ്യാർഥികളായ ചില രാഷ്ട്രീയക്കാർ ഇടപെട്ട് സമവായത്തിന് ശ്രമിച്ചെങ്കിലും നീക്കുപോക്കായില്ല. ദിവസങ്ങൾ നീണ്ടതോടെ വിദ്യാർഥികളും അവശരായിരുന്നു. അങ്ങനെയിരിക്കെയാണ് മുസ്ലിംലീഗിന്റെ രാജ്യസഭാംഗവും സുപ്രീംകോടതി അഭിഭാഷകനുമായ ഹാരിസ് ബീരാന്റെ സർപ്രൈസ് എൻട്രി.
ഹാരിസ് ബീരാന്റെ പാർലമെന്ററി ഓഫീസ് സെക്രട്ടറിയും ജാമിയയിൽ പിഎച്ച്.ഡി. ഗവേഷക വിദ്യാർഥിയുമായ പി.പി. ജിഹാദാണ് അതിന് കാരണമായത്. കാമ്പസിലെ പ്രതിഷേധത്തിന്റെ തുടക്കംമുതൽ സ്ഥലത്തുള്ള ജിഹാദ് മുൻകൈയെടുത്ത് അധ്യാപകർവഴി അഡ്മിനുമായും വിദ്യാർഥി പ്രതിനിധികളുമായും പ്രാഥമികമായ ചില സംസാരങ്ങൾ നടത്തി. ഇരുകൂട്ടർക്കും സമ്മതമെന്നുറപ്പിച്ചപ്പോഴാണ് എം.പി.യോട് ജിഹാദ് മധ്യസ്ഥതാ നിർദേശം വയ്ക്കുന്നത്. അതോടെ വൈസ് ചാൻസലർ മസർ അലിയെ ഹാരിസ് ബീരാൻ ബന്ധപ്പെട്ടു. തീരുമാനത്തിലെത്തിക്കുമെങ്കിൽമാത്രമേ ചർച്ചകൾക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം സന്ദേഹിച്ചെങ്കിലും വൈകാതെ ഹാരിസ് ബീരാന് സർവകലാശാലയിലേക്ക് ക്ഷണമെത്തി.
ചർച്ചകളുടെ നീണ്ട ആറുമണിക്കൂറുകൾ
28-ന് വൈകുന്നേരം നാലുമണിയോടെയാണ് ഹാരിസ് ബീരാൻ കാമ്പസിലെത്തിയത്. വി.സി.യുമായും രജിസ്ട്രാറുമായും ആദ്യ കൂടിക്കാഴ്ച. വിദ്യാർഥികളുമായി പ്രാഥമിക സംസാരം നടത്തിയിരുന്ന ജിഹാദും കൂടിക്കാഴ്ചയിൽ എം.പി.ക്കൊപ്പം പങ്കെടുത്തു. യൂണിയൻ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെന്ന് വി.സി. അവരോട് ആവർത്തിച്ചു. കുട്ടികളോട് പറയാനായി ഒരു തീയതി മുന്നോട്ടുവയ്ക്കണമെന്ന് എം.പി. നിർദേശിച്ചു. ഭരണഘടനയുണ്ടാക്കി ഈ അധ്യയനവർഷം അവസാനത്തോടെ യൂണിയന്റെ അടിത്തറയിടാമെന്നും തിരഞ്ഞെടുപ്പ് അടുത്തവർഷമാകാമെന്നും അധികൃതർ. അധ്യയനവർഷം തീരുന്നത് മേയ് 15 ആയതിനാൽ അതിനെ ഒരു തീയതിയായി നിശ്ചയിച്ച്, അതിനകം ഭരണഘടനയ്ക്ക് അംഗീകാരമാക്കണമെന്ന ആദ്യ തീരുമാനം അപ്പോഴുണ്ടായി. അടുത്ത അധ്യയനവർഷം ക്ലാസാരംഭിക്കുന്ന ജൂലായ് 16-ന് തുടങ്ങി ആറാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടത്താമെന്നും ധാരണയായതോടെ പ്രധാന പ്രശ്നത്തിന് പരിഹാരമായി.
അച്ചടക്കനടപടികൾ പിൻവലിക്കുമെന്ന ഉറപ്പും ചേർത്ത് ഉത്തരവിന്റെ കരട് കൂടിക്കാഴ്ചാ മുറിയിലിരുന്നുതന്നെ തയ്യാറാക്കി. വാക്കുകളുടെ കളികൊണ്ട് ഉത്തരവിനെ അധികൃതർക്കനുകൂലമാക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ അഭിഭാഷകനെന്ന നിലയിൽ അനുഭവപരിചയമുള്ള ഹാരിസ് ബീരാൻ നിഷ്പക്ഷത വേണമെന്ന നിലപാടെടുത്തു. പ്രതിഷേധിച്ചവർ മാപ്പുപറയണമെന്ന മുൻ വ്യവസ്ഥ ഇത്തവണയും അധികൃതരിൽ ചിലർ തിരുകിക്കയറ്റാൻ ശ്രമിച്ചപ്പോൾ നടക്കില്ലെന്ന കർശന നിലപാടിലായിരുന്നു വിദ്യാർഥികൾ.
അധികൃതരുടെ നിർദേശങ്ങളുടെ പ്രായോഗിക വശങ്ങൾ വിദ്യാർഥികളോട് ഹാരിസ് ബീരാൻ വിശദീകരിച്ചുനൽകിയപ്പോൾ എല്ലാവർക്കും സമ്മതം. പരാതികളൊഴിവാക്കാൻ പ്രതിഷേധത്തിനിറങ്ങിയ ചെറുതും വലുതുമായ എല്ലാ വിദ്യാർഥി സംഘടനകളുടെയും പ്രതിനിധികളെ ചർച്ചയിൽ പങ്കെടുപ്പിച്ചു. ഒടുവിൽ രാത്രി പത്തോടെ യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഉത്തരവിറങ്ങി. തൊട്ടുപിന്നാലെ കാമ്പസ് തുറക്കുന്നതായി പ്രഖ്യാപിച്ചുള്ള ഉത്തരവുമിറങ്ങി.
നിരാഹാരത്തിന്റെ പതിനെട്ടാം ദിവസത്തിൽ, ഇരുപത് വർഷത്തിനുശേഷം തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ജാമിയയുടെ 106-ാം സ്ഥാപകദിനത്തിലിറങ്ങിയത് മറ്റൊരു യാദൃച്ഛികതയായി. എബിൻ ബേസിലിന്റെ വാക്കുകളിൽ പറഞ്ഞാൽ: ''ജാമിയയുടെ ചരിത്രത്തിൽ ഈ വിദ്യാർഥി പ്രതിഷേധം തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടട്ടെ.''
Published: 01 Nov 2026, 11:35 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented