പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും ഇടക്കിടെ സമൂഹമാധ്യമങ്ങളിൽ നടക്കാറുണ്ട്. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിവരങ്ങൾ പുറത്തുവിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയതിനെതിരെയുള്ള അപ്പീലുകളിൽ, തടസ്സവാദങ്ങൾ ഫയൽ ചെയ്യാൻ ഡൽഹി സർവകലാശാലയ്ക്ക് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ഏപ്രിൽ മാസം സമയം അനുവദിച്ചിരുന്നു. അപ്പീൽ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം സംബന്ധിച്ച് സർവകലാശാലയുടെ ഭാഗം വ്യക്തമാക്കാനായിരുന്നു ഇത്.

To advertise here,

നരേന്ദ്ര മോദിയുടെ ബിരുദ പഠന വിവരങ്ങൾ പരസ്യമാക്കണമെന്ന ഹരജികൾ കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി ബിരുദ പഠന സമയത്ത് മോദിക്ക് അനുവദിച്ച ഐഡികാർഡ് എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ, ഈ ചിത്രം യഥാർത്ഥത്തിലുള്ളതല്ല എന്നതാണ് യാഥാർത്ഥ്യം.

https://www.instagram.com/reel/DYtw6euDOm5/ 

ഡൽഹി സർവ്വകലാശാലയിൽനിന്നു 1978-ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദ പഠനം പൂർത്തിയാക്കിയതെന്നാണ് വിവരം . ഡൽഹി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങ് എന്ന് രേഖപ്പടുത്തിയിരിക്കുന്ന കാർഡിൽ മോദിയുടെ പഴയ ചിത്രവും അദ്ദേഹത്തിന്‍റെയും പിതാവിന്‍റെയും പേരും ജനനതീയ്യതിയും കോഴ്സ് സംബന്ധിച്ച വിവരങ്ങളും വർഷവുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഒറ്റനോട്ടത്തിൽതന്നെ ഇത് വ്യാജമാണെന്ന് സംശയം തോന്നിക്കുന്ന പിഴവ് ഈ ചിത്രത്തിൽ ഉണ്ട്. അതായത്, സർവകലാശാലയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒപ്പിടേണ്ട "ഓതറൈസ്ഡ് സിഗ്നേറ്ററി" എന്ന കോളത്തിൽ നരേന്ദ്ര മോദി എന്ന് ഇതിൽ ഹിന്ദിയിൽ എഴുതിയിരിക്കുന്നതായി കാണാം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഐഡന്റിറ്റി കാർഡിൽ ബന്ധപ്പെട്ട അധികാരി സാക്ഷ്യപ്പെടുത്തേണ്ട ഇടത്ത് വിദ്യാർത്ഥിയുടെ പേരും ഒപ്പും വരില്ല. വൈറൽ ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാകാം എന്നതിന്‍റെ സുപ്രധാന തെളിവാണിത്.

പ്രചരിക്കുന്ന ഐഡി കാർഡിന്റെ മുകളിൽ ഇടതുവശത്തുള്ള ലോഗോയ്ക്ക് താഴെയായി 'Estd. 1958' (സ്ഥാപിതമായത് 1958-ൽ) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഡൽഹി സർവകലാശാല സ്ഥാപിതമായത് 1922-ലാണ് . പ്രചരിക്കുന്ന ചിത്രത്തിൽ അധ്യയനവർഷം

1978-79 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, യൂണിവേഴ്സിറ്റി വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് 1962-ലാണ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ആരംഭിച്ചത്. ഡി.എസ്. കോത്താരി കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഒരു പൈലറ്റ് പ്രോജക്റ്റായി തുടങ്ങിയ ഇവ ഡയറക്റ്ററേറ്റ് ഓഫ് കറസ്പോണ്ടൻസ് കോഴ്‌സ് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട്, 1968-ൽ 'സ്കൂൾ ഓഫ് കറസ്പോണ്ടൻസ് കോഴ്‌സസ് ആൻഡ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ' (SOCCCE) എന്ന് പേരുമാറ്റി. അതിനുശേഷം 2004-ലാണ് സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗ് (SOL) എന്ന് പുനർനാമകരണം ചെയ്തത്. അതായത്, പ്രചരിക്കുന്ന ചിത്രത്തിലുള്ളതുപോലെ 1978-79 വർഷത്തിൽ വിദൂര വിദ്യാഭ്യാസ വിഭാഗം സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗ് എന്നല്ല മറിച്ച് സ്കൂൾ ഓഫ് കറസ്പോണ്ടൻസ് കോഴ്‌സസ് ആൻഡ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

മാത്രമല്ല, പ്രചരിക്കുന്ന ചിത്രത്തിൽ അടിവശത്തായി ഒരു ബാർക്കോഡ് കാണാം. 1970-കളിൽ കമ്പ്യൂട്ടർ അധിഷ്ഠിത ബാർകോഡ് പ്രിന്റിംഗ് സിസ്റ്റം രാജ്യത്ത് നിലവിൽ വന്നിട്ടില്ല. ഉൽപ്പന്നങ്ങൾക്ക് ബാർകോഡുകൾ അനുവദിക്കുന്നതിനും അവ അന്താരാഷ്ട്ര നിലവാരത്തിൽ നിയന്ത്രിക്കുന്നതിനുമായി പ്രവർത്തിക്കുന്ന Global Standards 1 (GS1) 1996-ൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ‘GS1 India’ രൂപീകരിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് പ്രചരിക്കുന്ന ഐഡി കാർഡ് വ്യാജമാണ് എന്നതാണ്. പ്രചരിക്കുന്ന ചിത്രം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചതാണോ എന്ന് തുടർന്ന് പരിശോധിച്ചു. ചിത്രം എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്.