ന്യൂഡൽഹി: 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് രണ്ട് നിലവിലെ എംഎൽഎമാർ ഉൾപ്പെടെ മൂന്ന് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. നിലവിലെ എംഎൽഎമാരായ ഹർമീത് സിങ് പഠാൻമജ്‌റ, ചേതൻ സിങ് ജോരമജ്‌റ, മുൻ എഎപി നിയമസഭാംഗമായ കൻവർ വിജയ് പ്രതാപ് സിങ് എന്നിവർ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവർ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു.
അമൃത്സർ നോർത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കൻവർ വിജയ് പ്രതാപ് സിങ് ബിജെപിയിൽ ചേരുന്നതിന് തൊട്ടുമുമ്പ് നിയമസഭാംഗത്വം രാജിവെച്ചിരുന്നു. 2025 ജൂൺ 29-ന് ഇയാളെ എഎപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എംഎൽഎമാരായ ഹർമീത് സിങ് പഠാൻമജ്‌റയും ചേതൻ സിങ് ജോരമജ്‌റയും എഎപിയിൽ നിന്ന് രാജിവെച്ചത്. ഇവരെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് നിയമസഭാ സ്പീക്കറെ സമീപിക്കുമെന്ന് എഎപി നേതൃത്വം അറിയിച്ചിട്ടുണ്ട്.
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി എഎപി ആദ്യഘട്ടമായി 40 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി പ്രചാരണം ആരംഭിച്ച നിർണായക ഘട്ടത്തിലാണ് ഈ കൂറുമാറ്റം. എഎപിയുടെ വലിയൊരു തകർച്ചയുടെ തുടക്കം മാത്രമാണിതെന്നും വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നും ബിജെപി വക്താവ് ജയ്വീർ ഷെർഗിൽ അവകാശപ്പെട്ടു.
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം, പണം തട്ടൽ, അഴിമതി എന്നിവ വർധിക്കുന്നതായുള്ള വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ നേതാക്കളുടെ കൂറുമാറ്റം ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഇക്കാര്യം പ്രചാരണവിഷയങ്ങളാക്കി ഉയർത്താനുള്ള സാധ്യതയുമുണ്ട്.
ബിജെപിയിൽ ചേർന്നതിന് പിന്നാലെ കൻവർ വിജയ് പ്രതാപ് സിങ് അമൃത്സറിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എക്സിൽ പോസ്റ്റിട്ടുണ്ട്. തെരുവ് രാഷ്ട്രീയത്തിനും നാടമുറിക്കൽ നാടകങ്ങൾക്കുമപ്പുറം നാടിനുവേണ്ടി പലതും ചെയ്യാനുണ്ടെന്നാണ് അദ്ദേഹം കുറിച്ചത്. 'ലഹരി, പിടിച്ചുപറി, ഗുണ്ടാരാജ്, അഴിമതി എന്നിവയിൽ കുടുങ്ങിക്കിടക്കുന്ന' അവസ്ഥയിലാണ് സംസ്ഥാനം. ശുദ്ധമായ രാഷ്ട്രീയത്തിനും സുതാര്യമായ ഭരണത്തിനും വേണ്ടി പ്രവർത്തിക്കുകയെന്നതാണ് തന്റെ ആഗ്രഹം. തന്റെ ഏക ലക്ഷ്യം 'പഞ്ചാബ് ഫസ്റ്റ്' ആണെന്നും തനിക്ക് വ്യക്തിപരമായ താൽപര്യങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
Content Highlights: Two sitting AAP MLAs and one former MLA joined the BJP in New Delhi., The defection comes ahead of the crucial 2027 Punjab assembly elections., AAP plans to approach the assembly speaker to disqualify the defecting MLAs., BJP aims to capitalize on issues like corruption, drugs, and governance failures.
Published: 02 Nov 2026, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented