ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD), മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട അഴിമതിക്കേസിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. നിലവിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ബന്ധപ്പെട്ട മൊത്തം നാല് സ്ഥലങ്ങളിലാണ് കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തുന്നത്.

To advertise here,

മൊഹാലിയിലെ കോത്തി നമ്പർ 50-ലുള്ള മന്നിന്റെ ക്യാമ്പ് ഓഫീസ്, സംഗ്‌രുരിലെ ഘാർച്ചോയിലുള്ള ഒ.എസ്.ഡി രാജ്ബീർ സിംഗ് ഘുമന്റെ സ്വന്തം ഗ്രാമത്തിലും ചണ്ഡിഗഡിലെ മറ്റൊരു സ്ഥലത്തുമാണ് പരിശോധനകൾ നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മെയ് മാസത്തിൽ ഇഡി റെയ്ഡിനിടെ ഫളാറ്റിൽ നിന്ന് പണം നിറഞ്ഞ ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞ ഖരാറിലും റെയ്ഡ് നടക്കുന്നുണ്ട്.

അഴിമതിയിൽ മന്നിന്റെ ഒ.എസ്.ഡിക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ഇഡി കൈമാറിയ വിവരങ്ങൾ പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിഷയം അന്വേഷിക്കാൻ ഹൈക്കോടതി സിബിഐയോട് നിർദേശിച്ചത്.

ഇഡി സംസ്ഥാനത്തിന്റെ ഡിജിപിക്ക് അയച്ച കത്തുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ നിഖിൽ സറാഫ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. കോടതി നിർദ്ദേശത്തെ തുടർന്ന് സിബിഐ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുകയും മന്നുമായും ഒ.എസ്.ഡിയുമായും ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തുകയുമായിരുന്നു.

ബിജെപി പരിഭ്രാന്തിയിലെന്ന് ഭഗവന്ത് മൻ

അതേസമയം, പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വം കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മൻ ആരോപിച്ചു. സിബിഐ നടപടിയോടുള്ള പ്രതികരണമായി, ബിജെപി തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ തുടങ്ങി എന്നാണ് ഭഗവന്ത് മൻ എക്‌സിൽ കുറിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സമീപിക്കുന്നതിന് പകരം ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് പഞ്ചാബ് മന്ത്രി ഹർഭജൻ സിംഗ് ഇ.ടി.ഒയും ആരോപിച്ചു.

'സിബിഐ എന്റെ ക്യാമ്പ് ഓഫീസിൽ റെയ്ഡ് നടത്തി... ഇനി പഞ്ചാബ് സർക്കാരിനെയും എന്നെയും അപമാനിക്കാൻ ഇഡിയെയും സിബിഐയെയും പഞ്ചാബിൽ ദുരുപയോഗം ചെയ്യും. ജനങ്ങളിൽ നിന്നുള്ള സ്‌നേഹം കണ്ട് ബിജെപി പരിഭ്രാന്തിയിലാണ്.' മൻ എക്‌സിൽ കുറിച്ചു.

'തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി പഞ്ചാബിലെ ജനങ്ങളിലേക്ക് പോകുന്നതിന് പകരം ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യാൻ തുടങ്ങി. മുഖ്യമന്ത്രി ഭഗവന്ത് മൻ ജിയുടെ ക്യാമ്പ് ഓഫീസിൽ നടന്ന സിബിഐ റെയ്ഡ് ഇതിന് തെളിവാണ്. മൻ സർക്കാരിനെ അപമാനിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്, എന്നാൽ പഞ്ചാബിലെ ജനങ്ങൾക്ക് സത്യമറിയാം. നിങ്ങൾ എത്ര സമ്മർദം ചെലുത്തിയാലും ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ല.' ഇ.ടി.ഒ. പറഞ്ഞു.

മന്നിന് പിന്തുണയുമായി കെജ്‌രിവാൾ

സിബിഐ പരിശോധനയോട് പ്രതികരിച്ച ആംആദ്മി പാർട്ടി (AAP) കൺവീനർ അരവിന്ദ് കെജ്‌രിവാളും ഈ നടപടിയെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് സംസാരിച്ചത്. 'തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സിബിഐ റെയ്ഡ് നടത്തിയത് ബിജെപിയുടെ നിരാശയുടെ ഫലമാണ്.' കെജ്‌രിവാൾ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കർഷക പ്രക്ഷോഭം, പഞ്ചാബിലെ ജലപ്രശ്‌നം, പഞ്ചാബ് സർവ്വകലാശാല വിഷയം എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്രത്തിലെ ബിജെപി സർക്കാർ പഞ്ചാബികളെ നിരന്തരം ഉപദ്രവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'ഇപ്പോൾ അവർ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ പോലും ഉപദ്രവിക്കുകയാണ്.' കെജ്‌രിവാൾ പറഞ്ഞു.

നേരിട്ട് മത്സരിച്ച് പഞ്ചാബ് തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് ഇഡിയുടെയും സിബിഐയുടെയും സഹായത്തോടെ നേതാക്കളെ ഇല്ലാതാക്കാൻ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'എന്നാൽ പഞ്ചാബികൾ തീരുമാനിച്ച് കഴിഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഭഗവന്ത് മന്നിനെ 100-ലധികം സീറ്റുകൾ നൽകി ജയിപ്പിച്ച് വീണ്ടും മുഖ്യമന്ത്രിയാക്കി അവർ ബിജെപിയുടെ സിബിഐ റെയ്ഡിന് മറുപടി നൽകും.' കെജ്‌രിവാൾ പറഞ്ഞു.