
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന സമര പരിപാടികളിലെ കോൺഗ്രസ് അവഗണനയിൽ കടുത്ത അതൃപ്തിയിൽ മുസ്ലിം ലീഗ്. ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകാൻ പോയ സംഘത്തിൽനിന്ന് അവസാന നിമിഷം ലീഗ് എംപിയായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് വെട്ടിയതുമുതൽ അവഗണന ആരംഭിച്ചുവെന്നാണ് ലീഗ് നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാം ലീല മൈതാനയിൽ നടന്ന ഡൽഹി ചലോ റാലിയിൽ പ്രസംഗിക്കാൻ കുഞ്ഞാലിക്കുട്ടിയെ ക്ഷണിക്കാത്തതും ലീഗ് നേതൃത്വത്തെ അമ്പരപ്പിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം ഡൽഹിയിൽ നടത്തുന്ന സമര പരമ്പരകളിൽ സജീവ സാന്നിധ്യമാണ് മുസ്ലിം ലീഗ് എംപിമാരും, പ്രവർത്തകരും. ഗ്യാനേഷ് കുമാറിനെതിരെ നിവേദനം നൽകാൻ രാഷ്ട്രപതി ഭവനിലേക്ക് പോകുന്ന സംഘത്തിൽ ആദ്യം മുസ്ലിം ലീഗിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് ഇതിലുള്ള അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ ലീഗിലെ ചിലർ അറിയിച്ചിരുന്നു. തുടർന്ന് നിവേദക സംഘത്തിൽ പതിനൊന്നാമത്തെ പേരായി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് ഉൾപ്പെടുത്തി. നിവേദനം നൽകാൻ ഇ.ടി. മുഹമ്മദ് ബഷീറും രാഷ്ട്രപതി ഭവനിലേക്ക് തിരിച്ചെങ്കിലും, പത്ത് പേർക്ക് മാത്രമാണ് രാഷ്ട്രപതി ഭവൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. ലീഗിനെ തഴയാൻ വേണ്ടിയാണ് ഏറ്റവും ഒടുവിലായി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് എഴുതിയതെന്നാണ് പാർട്ടിയിലെ ചില നേതാക്കൾ സംശയിക്കുന്നത്.
മഹാറാലിയിലേക്ക് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ ക്ഷണിച്ചത് മല്ലികാർജുൻ ഖാർഗെ ആയിരുന്നു. സാദിഖ് അലി തങ്ങൾ വിദേശത്ത് ആയതിനാൽ ലീഗ് നേതൃത്വം പി.കെ. കുഞ്ഞാലിക്കുട്ടിയെ ഡൽഹിയിലേക്ക് അയച്ചു. മഹാറാലിയിൽ കുഞ്ഞാലിക്കുട്ടിയെ പ്രസംഗിക്കാൻ ക്ഷണിക്കുമെന്ന് ലീഗ് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. എം.എ. ബേബിക്ക് പ്രസംഗിക്കാൻ അവസരം നൽകുകയും ലീഗിന് അത് നിഷേധിക്കുകയും ചെയ്ത നടപടിയോട് പാർട്ടിക്ക് കടുത്ത അതൃപ്തി ഉണ്ട്.
പൊതു കുറ്റവിചാരണയിൽ ലീഗിന്റെ സംഘടനയെ വെട്ടി; ജമാഅത്തെ ഇസ്ലാമിയുടെ ഫ്രറ്റേണിറ്റി മൂവ്മെന്റിനെ ഉൾപ്പെടുത്തി
ഗ്യാനേഷ് കുമാറിനെ പൊതു കുറ്റവിചാരണ ചെയ്യാൻ ഡൽഹിയിൽ മല്ലികാർജുന ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലേക്ക് മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിനെ ക്ഷണിച്ചില്ല. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തിയ അഞ്ച് വിദ്യാർഥി സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇതിൽ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്മെന്റും ഉൾപ്പെട്ടിരുന്നു. എം.എസ്.എഫിനെ വെട്ടിയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിനെ ഉൾപ്പെടുത്തിയതെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ സംശയിക്കുന്നത്. ജാമിയ മിലിയ സർവകലാശാലയിലെ സമരത്തിന് നേതൃത്വം നൽകിയ സംഘടനകളിൽ ഒന്ന് എം.എസ്.എഫ് ആയിരുന്നുവെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Published: 02 Nov 2026, 04:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented