ന്യൂഡൽഹി: ഇക്കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാണയിലെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. കാർഷിക മേഖലയുമായി ബന്ധപ്പെട്ടും സോഷ്യൽമീഡിയ മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ചതടക്കം ചർച്ചകൾ നടന്നു. എന്നാൽ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാണ എംഎൽഎമാർക്ക് മുന്നിൽ സുപ്രധാനമായ ടാസ്ക് കൂടി നൽകിയാതായാണ് വിവരം. പഞ്ചാബ് പിടിക്കുകയാണ് ദൗത്യം. പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എംഎൽഎമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 

To advertise here,

അടുത്ത വർഷം ആദ്യത്തിൽ പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയടക്കമുള്ള പാർട്ടികളെല്ലാം സംസ്ഥാനം പിടിക്കാനുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. 2022-ൽ അട്ടിമറി ജയം നേടിയ ആം ആദ്മി പാർട്ടി അധികാരംനിലനിർത്താനുള്ള ശ്രമത്തിലാണെങ്കിലും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികൾ അവർക്ക് തലവേദന സൃഷ്ടിക്കുന്നു. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കളിമാറ്റാൻ കോൺഗ്രസും വൻ പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് ശിരോമണി അകാലിദളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്.

പാർട്ടിയിലെ ആഭ്യന്തര കലഹമാണ് എഎപിയെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ രാഘവ് ഛദ്ദ, ഹർഭജൻ സിങ് ഉൾപ്പെടെയുള്ള 7 രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് എഎപിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. എംഎൽഎമാർക്കിടയിലും വലിയ ഭിന്നതയാണ് നിലനിൽക്കുന്നത്. ഏറ്റവും ഒടുവിലായി എഎപിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'വിദ്യാഭ്യാസ വിപ്ലവത്തെ' ചോദ്യം ചെയ്തുകൊണ്ട് പാർട്ടി എംഎൽഎ തന്നെ രംഗത്തെത്തുകയുണ്ടായി.

സർക്കാർ സ്കൂളുകളിലെ അധ്യാപകക്ഷാമത്തെക്കുറിച്ച് പാർട്ടി എംഎൽഎ സുഖ്വീർ സിങ് മൈസർഖാന പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അച്ചടക്കലംഘനവും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും ആരോപിച്ച് അദ്ദേഹത്തെ എഎപി സസ്പെൻഡ് ചെയ്തു. 117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിൽ, തന്റെ കുട്ടികളേ സർക്കാർ സ്കൂളുകളിലേക്ക് അയക്കുന്ന ഏക എംഎൽഎയാണ് മൈസർഖാന.

മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ളവരോടും പാർട്ടി നേതൃത്വത്തോടും സർക്കാരിനോടും താൻ ഈ വിഷയം പലതവണ ഉന്നയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.

സ്വന്തം സർക്കാരിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തെത്തുന്ന ആദ്യത്തെ എഎപി എംഎൽഎ അല്ല മൈസർഖാന. വിവിധ വിഷയങ്ങളിൽ പാർട്ടി നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്തതിനെത്തുടർന്ന് കുരുക്കിലായ മറ്റ് എഎപി എംഎൽഎമാരുമുണ്ട്. 2025 സെപ്റ്റംബറിൽ, സനൂർ എംഎൽഎ ഹർമീത് സിങ് പത്താൻമജ്റ എഎപി സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ വിമർശിക്കുകയും പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ എതിർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹർമീത് സിങ്ങിന്റെ സുരക്ഷ പിൻവലിച്ച എഎപി സർക്കാർ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീത്തിയയുടെ അറസ്റ്റിനെ എതിർക്കുകയും വിജിലൻസ് ബ്യൂറോ റെയ്ഡ് നടത്തിയ രീതിയെ ചോദ്യം ചെയ്യുകയും ചെയ്തതിനെത്തുടർന്ന്, അമൃത്സർ നോർത്ത് എം.എൽ.എ. കുൻവർ വിജയ് പ്രതാപ് സിങ്ങിനെ 2025 ജൂണിൽ എ.എ.പി.യിൽ നിന്ന് അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

എഎപിയിലെ തർക്കം മുതലെടുക്കാനുള്ള ശ്രമംനേരത്തെ തുടങ്ങിയത് ബിജെപിയാണ്. രാഘവ് ഛദ്ദയടക്കമുള്ള എംപിമാരെ കൂട്ടത്തോടെ പാർട്ടിയിലെത്തിച്ച ബിജെപി ഇപ്പോൾ ഹരിയാണ ഭരണ മാതൃക സംസ്ഥാനത്ത് നടപ്പാക്കുമെന്ന ആഹ്വാനമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി മണ്ഡലങ്ങളിലും ബൂത്ത് തലങ്ങളിലും ഹരിയാണ എംഎൽഎമാർക്ക് ചുമതലകൾ നൽകാനാണ് പാർട്ടി തയ്യാറെടുക്കുന്നത്.

ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സൈനി ഇതിനകം തന്നെ സംസ്ഥാനത്ത് നിരവധി തവണ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നയാബ് സൈനി പഞ്ചാബിലുടനീളം ഏകദേശം 90 പരിപാടികളിലാണ് പങ്കെടുത്തത്. തലപ്പാവ് ധരിച്ചും ആരാധനാലയങ്ങൾ സന്ദർശിച്ചും എത്തുന്ന അദ്ദേഹത്തെ പഞ്ചാബ് ബി.ജെ.പിയിൽ പലപ്പോഴും 'സർദാർ നയാബ് സിങ് സൈനി' എന്നാണ് വിശേഷിപ്പിക്കുന്നത്.

'പഞ്ചാബിൽ ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകരിച്ചുകഴിഞ്ഞാൽ, പ്രധാനമന്ത്രിയുടെ വികസിത് ഭാരത് എന്ന ദൗത്യത്തിന് അനുസൃതമായി ഒരു വികസിത പഞ്ചാബ് നിർമ്മിക്കാൻ ശ്രമങ്ങൾ നടക്കും. കൂടാതെ, ഹരിയാണയിലെ ക്ഷേമപദ്ധതികളും പഞ്ചാബിൽ നടപ്പിലാക്കും,' നയാബ് സൈനി അടുത്തിടെ പഞ്ചാബിലെ ഒരു പരിപാടിയിൽ പറയുകയുണ്ടായി. പഞ്ചാബ് ദൗത്യത്തിനായി പഞ്ചാബിലെ 48 എംഎൽഎമാരും വരുംദിവസങ്ങളിൽ ഇറങ്ങുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

അതേസമയം പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഭിന്നതകളും പരിഹരിച്ച് പഞ്ചാബ് തിരിച്ച് പിടിക്കാൻ പുതിയ ക്യാപ്റ്റനെ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്. മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പർഗത് സിങ്ങിനെയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി കോൺഗ്രസ് നേതൃത്വം കണ്ടെത്തിയിരിക്കുന്നത്. തർക്കങ്ങൾ പരിഹരിച്ച് എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ നേതൃപാടവത്തിന് കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

മുൻ മുഖ്യമന്ത്രിയായ ചരൺജിത് സിങ് ചന്നിയുടെയും സ്ഥാനം നഷ്ടമായ പിസിസി അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വോറിങ്ങിന്റെയും നേതൃത്വത്തിലാണ് പ്രധാന ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. പ്രമുഖ ഗ്രൂപ്പുകളിലൊന്നിലും ഉൾപ്പെടാത്ത നിഷ്പക്ഷ നേതാവെന്ന നിലയിലാണ് പർഗത് സിങ്ങിനെ പുതിയ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത്.

അധികാരം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി പഞ്ചാബിന്റെ പാർട്ടി ചുമതലയുള്ള സച്ചിൻ പൈലറ്റിന്റെ മേൽനോട്ടത്തിൽ പഞ്ചായത്ത് തലംമുതൽ പാർട്ടി തലങ്ങളിൽ വിപുലമായ സംഘടനാ മാറ്റങ്ങളാണ് കോൺഗ്രസ് നടപ്പിലാക്കിവരുന്നത്.