ഹൈദരാബാദ്: സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പ്രവർത്തിച്ചിരുന്ന നിയമവിരുദ്ധ ഫെർട്ടിലിറ്റി റാക്കറ്റിനെ വലയിലാക്കി ഹൈദരാബാദ് പോലീസ്. ഏഴ് സംസ്ഥാനങ്ങളിൽ നിന്നായാണ് 'അണ്ഡം ദാനം ചെയ്യുന്നതിനായി' ഇവർ സ്ത്രീകളെ കണ്ടെത്തിയിരുന്നത്. ജാതി, മതം, നിറം, ഉയരം, വിദ്യാഭ്യാസം തുടങ്ങിയ പ്രത്യേക മാനദണ്ഡങ്ങൾക്കനുസൃതമായ ദാതാവിനെ ലഭിക്കുന്നതിനായാണ് ചൂഷണസംഘം ഇത്രയും സംസ്ഥാനങ്ങളിൽ വലവിരിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

To advertise here,

ശനിയാഴ്ച, മൽക്കാജ്ഗിരി പോലീസ് ആണ് നഗരത്തിലെ ഫെർട്ടിലിറ്റി റാക്കറ്റ് തകർത്ത് പ്രതികളെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതിയായ അമിത് ശർമയും കൂട്ടാളികളും പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഡൽഹി, അസം, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത്. വനിതാ ഹോസ്റ്റലുകൾ നടത്തുന്നു എന്ന വ്യാജേനയാണ് പ്രതികൾ പ്രവർത്തിച്ചിരുന്നത്.

സ്വീകർത്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച്, വാണിജ്യാടിസ്ഥാനത്തിൽ അണ്ഡദാനം നടത്തുന്നതിനായി ഭൂമിശാസ്ത്രപരമായ പശ്ചാത്തലമടക്കമുള്ള പ്രത്യേകതകൾ അടക്കം സംഘം നോക്കിയിരുന്നു. ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് സ്ത്രീകൾക്ക് 50,000 രൂപ വരെയാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. രാജ്യമൊട്ടാകെയുള്ള ഏജന്റുമാരുടെ ഒരു ശൃംഖല വഴിയാണ് പ്രതികൾ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ അടക്കമുള്ള ആശയവിനിമയ മാർഗങ്ങളിലൂടെയാണ് അണ്ഡദാതാക്കളാകാൻ സാധ്യതയുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ കൈമാറിയിരുന്നത്. അണ്ഡദാതാക്കളെ തിരഞ്ഞ് ദമ്പതികൾ പ്രത്യേക ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ, ഈ വിവരങ്ങൾ ശൃംഖലയ്ക്കുള്ളിൽ പ്രചരിപ്പിച്ച് അനുയോജ്യരായ സ്ത്രീകളെ കണ്ടെത്തുകയായിരുന്നു ഏജന്റുമാരുടെ രീതി.

'പണത്തിന് അത്യാവശ്യമുള്ള സ്ത്രീകളെയാണ് പ്രതികൾ ചൂഷണം ചെയ്തിരുന്നത്. ഇന്ത്യയിലുടനീളമുള്ള ഇവരുടെ ആളുകളുമായി വിവരങ്ങൾ കൈമാറാൻ അവർക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പുകളും മറ്റ് മാർഗങ്ങളുമുണ്ട്. അണ്ഡദാതാക്കളെ തിരയുന്ന ആളുകളിൽ നിന്ന് അന്വേഷണം ലഭിക്കുമ്പോഴെല്ലാം, ഈ ആവശ്യങ്ങൾ ശൃംഖലയിലെ  ഏജന്റുമാരുമായി പരസ്പരം പങ്കിട്ടിരുന്നു.' ബേഗംപേട്ട് ഇൻസ്‌പെക്ടർ പി. സൈദുലു പറഞ്ഞു.

ഐവിഎഫ് (IVF) സെന്ററുകളിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് മുൻപ് അണ്ഡദാതാക്കളായ സ്ത്രീകളെ താമസിപ്പിക്കാനാണ് ഇവർ ലേഡീസ് ഹോസ്റ്റലുകൾ ഉപയോഗിച്ചിരുന്നത്. അണ്ഡം ആവശ്യപ്പെട്ട് എത്തുന്ന ദമ്പതികളുടെ നിബന്ധനകൾക്ക് അനുസരിച്ചാണ് ദാതാക്കൾക്കുള്ള പ്രതിഫലം തീരുമാനിച്ചിരുന്നത്. ചില സ്ത്രീകൾക്ക് 20,000 മുതൽ 30,000 രൂപ വരെ വാഗ്ദാനം ചെയ്തപ്പോൾ, ദമ്പതികളുടെ പ്രത്യേക താല്പര്യങ്ങൾക്കനുസരിച്ച് ചിലർക്ക് 50,000 രൂപ വരെ നൽകിയിരുന്നു.

'ദാതാക്കളെ തിരയുന്ന ദമ്പതികൾ അവരുടെ നിറം, ജാതി, മതം, ഉയരം, മറ്റ് സവിശേഷതകൾ എന്നിവയാണ് പ്രധാനമായും നോക്കിയിരുന്നത്. ചിലർ ദാതാക്കളുടെ വിദ്യാഭ്യാസ യോഗ്യതകൾവരെ നോക്കിയിരുന്നു. നിറവും പ്രദേശവുമാണ് ഏറ്റവും സാധാരണയായി ആവശ്യപ്പെട്ടിരുന്ന കാര്യങ്ങൾ എന്നാണ് പോലീസ് രക്ഷപ്പെടുത്തിയ സ്ത്രീകളുമായും പ്രതികളുമായും സംസാരിച്ചതിൽ നിന്ന് വ്യക്തമാകുന്നത്.' അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.

ഏജന്റുമാർ ഈ വിവരങ്ങൾ ശൃംഖലയിൽ പ്രചരിപ്പിച്ച് മാനദണ്ഡങ്ങളുമായി ഒത്തുപോകുന്ന സ്ത്രീകളെ കണ്ടെത്തും. ആവശ്യങ്ങൾ എത്രത്തോളം സങ്കീർണമാണോ, അത്രയും ഉയർന്ന തുകയാണ് ഈടാക്കുന്നത്. മുമ്പ് അണ്ഡദാനം നടത്തിയവരുടെ ശുപാർശകളും പുതിയ ആളുകളെ കണ്ടെത്താൻ പ്രധാനമായി ഉപയോഗിച്ചിരുന്നു. ഈ ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഐവിഎഫ് സെന്ററുകളുടെ പങ്കിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.

അണ്ഡദാതാക്കളുടെ ഐഡന്റിറ്റിയും വിവരങ്ങളും പരിശോധിക്കുന്നതിൽ ഐവിഎഫ് സെന്ററുകൾക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് മൽക്കാജ്ഗിരി ഡിസിപി സി.എച്ച്. ശ്രീധർ മാധ്യമങ്ങളോട് പറഞ്ഞു.