കാരയ്ക്കൽ: പുതുച്ചേരിയിലെ റോയൽ പാലസ് ഹോട്ടൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളക്കടത്ത്, ഹവാല ഇടപാടുകളിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ഭൂമി വാങ്ങി ഹോട്ടൽ പണികഴിപ്പിച്ചെന്നാണ് ആരോപണം. 12.64 കോടി രൂപയുടെ മൂല്യം ഹോട്ടലിനുണ്ട്.

To advertise here,

മൗഗമാദു നിസാമുദ്ദീൻ, മക്കളായ മുഹമ്മദ് മുബീൻ നിസാമുദ്ദീൻ, ഷാഹിൻ ഷഫീഖ് മൗഗമാദു നിസാമുദ്ദീൻ, റാഷിൻ നിസാമുദ്ദീൻ എന്നിവരുൾപ്പെട്ട കേസിലാണ് നടപടി. 2019 മുതൽ 2023 വരെ ഫ്രാൻസിൽ നടത്തിയ ഹവാല ഇടപാടുകൾ, അനധികൃത ക്രിപ്‌റ്റോകറൻസി കൈമാറ്റം എന്നിവയിലൂടെ അനധികൃതമായി പണം സമ്പാദിച്ചെന്നാണ് ഇ.ഡി കണ്ടെത്തിയത്.

പണം വിദേശനാണ്യ നിക്ഷേപങ്ങളിലൂടെയും യു.എ.ഇ.യിൽനിന്ന് ഏജന്റുമാർ വഴി നടത്തിയ വയർ ട്രാൻസ്ഫറുകളിലൂടെയും ഇന്ത്യയിലെ എൻ.ആർ.ഐ. അക്കൗണ്ടിലേക്ക് മാറ്റി. ഇന്ത്യയിലേയും ഫ്രാൻസിലേയും അന്വേഷണ ഏജൻസികളുടെ പിടിവീഴാതിരിക്കാനാണ് ഇത്തരത്തിൽ പണം മാറ്റിയത്. ഫ്രാൻസിലെ അധികൃതരുടെ പക്കൽനിന്ന് ഹവാല ഇടപാട് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഒക്ടോബർ 28-ന് കാരയ്ക്കലിലും പുതുച്ചേരിയിലും ചെന്നൈയിലും ഈ സംഭവവുമായി ബന്ധപ്പെട്ട് ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അന്ന് പിടിച്ചെടുത്തു. അനധികൃതമായ മാർഗത്തിലൂടെ വിദേശരാജ്യങ്ങളിൽനിന്നും സമ്പാദിച്ച പണം ഇന്ത്യയിലെത്തിച്ച് നിക്ഷേപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ അന്വേഷണം തുടരുകയാണെന്ന് ഇ.ഡി. വ്യക്തമാക്കി.