ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട അലാഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. കേസ് പുതുതായി പരിഗണിക്കണമെന്ന് ഹൈക്കോടതിക്ക് നിർദേശവും നൽകി. രാഹുൽ ഗാന്ധിയെ കേസിലെ കക്ഷിയാക്കണമെന്നും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വാദം കേൾക്കണമെന്നും ഹൈക്കോടതിക്ക് നിർദേശം നൽകി.
രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവർത്തകൻ എസ്. വിഗ്‌നേഷ് ശിശിർ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ, മെയ് മാസത്തിലാണ് ഹൈക്കോടതി സിബിഐയോടും ഇഡിയോടും നിർദേശിച്ചത്.
വിഷയത്തിൽ ഹൈക്കോടതി സിബിഐയോട് പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇഡിയോട് അന്വേഷണവുമായി മുന്നോട്ട് പോകാനും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ബ്രിജ് രാജ് സിംഗ്, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു നിർദേശം.
തുടർന്ന് രാഹുൽ ഗാന്ധി ഈ ഉത്തരവുകളെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. ഹർജിക്കാരന് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കാൻ നിയമപരമായ അവകാശമില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുൻപ് ഹൈക്കോടതി അദ്ദേഹത്തിന്റെ വാദം കേട്ടിരുന്നില്ല എന്ന കാര്യം ഓഗസ്റ്റ് 17 ന് സുപ്രീംകോടതി എടുത്തുപറയുകയും ചെയ്തിരുന്നു.
അലഹബാദ് ഹൈക്കോടതിയോട് തങ്ങളുടെ നടപടികൾ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. രാഹുൽ ഗാന്ധിക്ക് വാദം കേൾക്കാൻ അവസരം നൽകാതെ ഹൈക്കോടതി എന്തുകൊണ്ടാണ് ഈ കേസിൽ ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവുകൾ സുപ്രീം കോടതി ഇന്ന് പൂർണ്ണമായും റദ്ദാക്കുകയും കേസ് പുതിയതായി വാദം കേൾക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തിരികെ അയക്കുകയുമാണ് ചെയ്തത്.
Content Highlights: Supreme Court quashed the Allahabad High Court order directing CBI and ED to probe Rahul Gandhi's assets., Court noted that Rahul Gandhi was not given an opportunity to present his case before the High Court., The case has been sent back to the High Court for fresh consideration with mandatory notice to Rahul Gandhi.
Published: 25 Nov 2026, 01:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented