ലഖ്‌നൗ: 2027-ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥോ അഖിലേഷ് യാദവോ മുഖ്യമന്ത്രിപദത്തിലെത്തില്ലെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ലഖ്‌നൗവിൽ നടന്ന സാമാജിക് പരിവർത്തൻ മോർച്ചയുടെ ആദ്യ സംയുക്ത റാലിയിൽ സംസാരിക്കവേ ആയിരുന്നു ഇരു നേതാക്കന്മാരുടെയും പേര് എടുത്തുപറയാതെ ഒവൈസി പരോക്ഷ പ്രതികരണം നടത്തിയത്.

To advertise here,

ഉത്തർപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രി മീശയുള്ള ഒരാൾ ആയിരിക്കുമെന്നാണ് ഒവൈസി പറഞ്ഞത്. യുപി തിരഞ്ഞെടുപ്പിലെ എഐഎംഐഎമ്മിന്റെ സഖ്യകക്ഷിയായ ആസാദ് സമാജ് പാർട്ടി (കാൻഷിറാം) നേതാവ് ചന്ദ്രശേഖർ ആസാദിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

‘ചിലർ പറഞ്ഞു, ഈ സഖ്യം താടിയുള്ളവരും മീശയുള്ളവരും തമ്മിലുള്ളതാണെന്ന്. സത്യത്തിൽ അത് അങ്ങനെയാണ്. തല മുണ്ഡനം ചെയ്തയാളോടും താടിയും മീശയും വടിച്ചയാളോടും എനിക്ക് പറയാനുള്ളത്, ഇനി അവർ മുഖ്യമന്ത്രിയാകില്ലെന്നാണ്. മീശയുള്ള ഒരാളായിരിക്കും മുഖ്യമന്ത്രിയാകുക’, ഒവൈസി പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുന്നതിലും മുസ്‌ലിങ്ങൾക്ക് മതിയായ രാഷ്ട്രീയ പ്രതിനിധാനം ഉറപ്പുവരുത്തുന്നതിലും ബിജെപിയും സമാജ്‌വാദി പാർട്ടിയും പരാജയപ്പെട്ടുവെന്നും ഒവൈസി ആരോപിച്ചു. സ്വാതന്ത്ര്യവും സാഹോദര്യവും നീതിയും തുല്യതയും ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ, ഈ മൂല്യങ്ങൾക്ക് എതിരേയാണ് ആർഎസ്എസും സംഘ്പരിവാറും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബുൾഡോസറുകളിലൂടെയോ എൻകൗണ്ടറുകളിലൂടെയോ അല്ല നീതി നടപ്പാകുന്നത്. അംബേദ്കറുടെ ഭരണഘടനയിലൂടെയാണ് നീതി വരുന്നത്’, ഒവൈസി പറഞ്ഞു.

ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആസാദ് സമാജ് പാർട്ടി (കാൻഷിറാം)യും എഐഎംഐഎമ്മും ‘സാമാജിക് പരിവർത്തൻ മോർച്ച’ എന്ന സഖ്യം രൂപവത്കരിച്ചാണ് മത്സരിക്കുന്നത്.