ന്യൂഡൽഹി: മെറ്റയുമായി കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി ഇന്ത്യൻ യൂത്ത് കോൺഗ്രസ്. ഉന്നയിച്ച ആവശ്യങ്ങൾ മെറ്റ അംഗീകരിക്കുന്നതുവരെ കമ്പനിയുമായി ചർച്ചയ്ക്കില്ലെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

To advertise here,

2026 ജനുവരി മുതൽ, സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാർ നൽകിയ ഉത്തരവുകളുടെയും മെറ്റയുടെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ നീക്കംചെയ്ത പോസ്റ്റുകളുടെയും കണക്ക് പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. സാധാരണ പൗരൻമാരുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ബിജെപിക്കെതിരായ പോസ്റ്റുകളെ മെറ്റയുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ എന്തുകൊണ്ടാണ് നിയന്ത്രിക്കുന്നതെന്നും ബിജെപി സർക്കാരിനെ വിമർശിക്കുന്നവരെ ലക്ഷ്യമിടുന്നതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെ മെറ്റ നീക്കംചെയ്ത സോഷ്യൽ മീഡിയ പ്രൊഫൈൽ ഉടമകളോട് മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യങ്ങൾ അംഗീകരിക്കാതെ ചർച്ചയില്ല

മെറ്റ രാഷ്ട്രീയക്കളി നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ബിജെപി ഭരണകൂടത്തിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ച് പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം പക്ഷപാതമില്ലാതെ സംരക്ഷിക്കാൻ കമ്പനി തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഓരോ ഇന്ത്യൻ പൗരന്റെയും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും യൂത്ത് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളും നിയമമാർഗങ്ങളും ഉപയോഗിച്ച് മെറ്റയ്ക്കും സർക്കാരിനുമെതിരെ പ്രചാരണം തുടരാനാണ് സംഘടനയുടെ നിലപാട്. എന്നാൽ, യൂത്ത് കോൺഗ്രസിന്റെ ആരോപണങ്ങൾ കമ്പനി നിഷേധിച്ചിട്ടുണ്ട്.

ഹൈദരാബാദ്, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ മെറ്റ ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇത് സംഘർഷാവസ്ഥയിലേക്കെത്തിയതായി റിപ്പോർട്ടുകളുണ്ട്.