PM Narendra Modi | Photo:ANI
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിലെ അധ്യക്ഷപദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. മോദി അധ്യക്ഷനായ യു.എൻ രക്ഷാ സമിതി യോഗം ഇന്ന് ചേരും. മുമ്പ് ഒമ്പതു തവണ ഇന്ത്യ ഈ പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും അധ്യക്ഷ പദവി അലങ്കരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ പദവിയായിരിക്കും ഇന്ത്യ നിർവ്വഹിക്കുക. വൈകുന്നരേം 5.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.
പ്രധാനമന്ത്രി എന്താണ് രക്ഷാസമിതിയിൽ പറയുക എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. രക്ഷാസമിതിയുടെ അധ്യക്ഷനായിട്ടാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെങ്കിലും മോദി നടത്തുന്ന പ്രസ്താവനകൾ ഇന്ത്യയുടെ പ്രസ്താവനകളായി മാത്രമേ കണക്കാക്കുകയുള്ളൂ. ഒരുമാസത്തെ സമിതിയുടെ അജണ്ട നിശ്ചയിക്കുക എന്നതാണ് പ്രധാനമായും അധ്യക്ഷന്റെ ചുമതല. ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷപദവിയാണ് മോദി ഏറ്റെടുക്കുക.
സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ എന്നിവയാണ് ഇന്ത്യ ചർച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം. ഇന്ന് 'സമുദ്ര സുരക്ഷ വർദ്ധിപ്പിക്കൽ - അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തിലായിരിക്കും ചർച്ച നടക്കുക. സമുദ്ര സുരക്ഷയും അന്താരാഷ്ട്ര യാത്രകളും പലപ്പോഴും വിവാദ വിഷയങ്ങളായി മാറാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സമുദ്ര സുരക്ഷ യു.എൻ രക്ഷാസമിതിയിൽ ചർച്ചയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ പലതവണ ഭീകരവാദത്തിനെതിരെ ശബ്ദമുയർത്തിയിരുന്ന ഇന്ത്യ ഇത്തവണയും രക്ഷാ സമിതിയിൽ ഭീകരവാദത്തിനെതിരെ ശക്തമായ ശബ്ദമുയർത്തിയേക്കും. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാ സമിതിയിൽ ചർച്ച ഉണ്ടായേക്കും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെ നിരവധി ലോക നേതാക്കൾ രക്ഷാ സമിതി യോഗത്തില്‍ പങ്കെടുക്കും. യു.എൻ.എസ്.സിയുടെ വെബ്സൈറ്റിൽ ചർച്ച ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യും.
Content Highlights: PM Narendra Modi to chair UNSC open debate on maritime security today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..