
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത യു.പി.ഐ. പേഴ്സൺ-ടു-മർച്ചന്റ് ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ അഞ്ജൻ ദത്ത സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
പൂർണ്ണമായ സൗജന്യ യു.പി.ഐ. പേയ്‌മെന്റുകൾക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് 2,000 രൂപയ്ക്ക് മുകളിലുള്ള പേഴ്സൺ-ടു-മർച്ചന്റ് ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചത്. കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബർ 14ന് പുറപ്പെടുവിച്ച വിജ്ഞാപനവും സെപ്റ്റംബർ 15ലെ ചട്ടക്കൂടും അനുസരിച്ച് ഒക്ടോബർ 15 മുതലാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. 75,000 രൂപയ്ക്ക് മുകളിലുള്ള ഉയർന്ന ഇടപാടുകൾക്ക് പരമാവധി 300 രൂപവരെയാണ് സർചാർജ് ക്യാപ് നിശ്ചയിച്ചിട്ടുള്ളത്.
നിശ്ചിത അവശ്യ സേവന മേഖലകൾക്ക് അഞ്ചുരൂപ ഫ്ലാറ്റ് നിരക്കും, ക്യാപിറ്റൽ മാർക്കറ്റ് പേയ്‌മെന്റുകൾക്ക് 0.02 ശതമാനം നിരക്കുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ പ്രതിമാസം ഒരു ലക്ഷം വരെ ലഭിക്കുന്ന ചെറുകിട വ്യാപാരികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭൂരിഭാഗം ഇടപാടുകളും 2,000 രൂപയ്ക്ക് താഴെയായതിനാലും ചെറുകിട വ്യാപാരികളെ ഒഴിവാക്കിയതിനാലും ഏകദേശം 96 ശതമാനം മർച്ചന്റ് ഇടപാടുകളെയും ഇത് ബാധിക്കില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ, സുതാര്യതയോ മതിയായ നിയമപരമായ സുരക്ഷയോ പൊതുജനങ്ങളുമായുള്ള കൂടിയാലോചനയോ ഇല്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. കേന്ദ്ര സർക്കാർ, റിസർവ് ബാങ്ക്, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, യു.പി.ഐ സ്റ്റീയറിങ് കമ്മിറ്റി എന്നിവരെയാണ് കേസിൽ എതിർകക്ഷികളാക്കിയിരിക്കുന്നത്.
വ്യാപാരികൾ ഈ അധിക തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കരുതെന്ന് ഔദ്യോഗിക നിർദ്ദേശമുണ്ടെങ്കിലും, ഈ ചെലവ് ക്രമേണ സാധനങ്ങളുടെ വിലവർദ്ധനവിലേക്കും യു.പി.ഐ പേയ്‌മെന്റുകൾ നിരസിക്കുന്നതിലേക്കും വഴിവെക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. രൂപേ (RuPay) ഡെബിറ്റ് കാർഡുകൾക്ക് യാതൊരു സാമ്പത്തിക പരിധിയുമില്ലാതെ സൗജന്യ സേവനം തുടരുമ്പോൾ യു.പി.ഐക്ക് മാത്രം ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വിവേചനപരമാണെന്ന് അഞ്ജൻ ദത്ത വാദിക്കുന്നു. കൃത്യമായ ചിലവ് പഠനങ്ങളോ ഡാറ്റയോ വെളിപ്പെടുത്താതെ ഏർപ്പെടുത്തിയ 2,000 രൂപപരിധിയും ഒരു ലക്ഷം പ്രതിമാസ സീലിങും വിപണിയിൽ സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ഹർജി വ്യക്തമാക്കുന്നു.
Published: 28 Sept 2026, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented