
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ ചെറുക്കാൻ ബിജെപി മുഖ്യമന്ത്രിമാരെ രംഗത്തിറക്കി പാർട്ടി. ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് പ്രതിരോധിക്കാനാണ് ബിജെപി നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെ യാതൊരു അടിസ്ഥാനവുമില്ലാതെ ചോദ്യം ചെയ്യാനും ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനുമാണ് രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയും ശ്രമിക്കുന്നതെന്ന് ബിജെപി മുഖ്യമന്ത്രിമാർ ആരോപിച്ചു.
എസ്ഐആറിനെ ചൊല്ലി പ്രതിപക്ഷം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യ മുന്നണി 'തോറ്റവരുടെ കൂട്ടായ്മ'യാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും രാജ്യത്ത് ബൂത്ത് പിടുത്തം ഇനി നടപ്പിലാകാത്തതിനാലാണ് വോട്ടർ പട്ടിക ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമായി വന്നതെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും വിമർശിച്ചു. കേരളത്തിൽ ജയിച്ചപ്പോൾ വോട്ടർ പട്ടിക പുതുക്കലിനെ പിന്തുണച്ച കോൺഗ്രസ്, ബംഗാളിൽ തോറ്റപ്പോൾ അതിനെ എതിർക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പരിഹസിച്ചു.
2025 ജൂൺ 24 ലെ ഉത്തരവുകൾ പൂർണ്ണ സമവായത്തോടെയാണ് പാസാക്കിയതെന്നും വസ്തുതകൾ പരിശോധിക്കാതെയാണ് കോൺഗ്രസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞു. നൂറിലധികം തിരഞ്ഞെടുപ്പുകൾ തോറ്റ കോൺഗ്രസ് ദേശവിരുദ്ധ പെരുമാറ്റത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കുറ്റപ്പെടുത്തി. പ്രതിപക്ഷ നിലപാട് സ്വന്തം പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ബിജെപിയെയും പ്രധാനമന്ത്രിയെയും അധിക്ഷേപിക്കുകയോ ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുകയോ മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് ഹരിയാണ മുഖ്യമന്ത്രി നായബ് സിങ് സൈനിയും വിമർശിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു. മോദിയുടെ ഭരണത്തിൽ ബിജെപി ജയിക്കുമ്പോൾ വോട്ട് മോഷണം ആരോപിച്ച് രാഹുൽ ഗാന്ധി കളവ് പ്രചരിപ്പിക്കുകയാണെന്ന് ഭൂപേന്ദ്ര പട്ടേൽ ആരോപിച്ചു. "വോട്ടുകളൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല, രാഹുൽ ഗാന്ധിയുടെ ബുദ്ധിയാണ് മോഷ്ടിക്കപ്പെട്ടത്" എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പരിഹസിച്ചു. ഭരണഘടന സംരക്ഷിക്കുമെന്ന് അവകാശപ്പെടുമ്പോഴും സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തി അരാജകത്വം സൃഷ്ടിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി.
എൻഡിഎ ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ പാർട്ടി സംസ്ഥാന പ്രസിഡന്റുമാരും പ്രതിപക്ഷ നേതാക്കളുമാണ് വാർത്താ സമ്മേളനങ്ങൾ നയിച്ചത്. കർണാടകയിൽ ആർ. അശോക, ചലവാദി നാരായണസ്വാമി എന്നിവരും, കേരളത്തിൽ ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും തെലങ്കാനയിൽ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയും മറ്റ് സംസ്ഥാന ബിജെപി അധ്യക്ഷന്മാരും വാർത്താ സമ്മേളനം നടത്തി.
അതേസമയം, "കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോൾ നീന്താൻ ഞാൻ ഇഷ്ടപ്പെടുന്നു" എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിപ്പ് പങ്കുവെച്ചു. തിങ്കളാഴ്ചത്തെ പ്രതിഷേധത്തിന് മുന്നോടിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ആയിരത്തിലധികം ഡിസിസി പ്രസിഡന്റുമാരുമായി വെർച്വൽ യോഗം ചേർന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 നീക്കങ്ങളെ എതിർത്തിരുന്നുവെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന്, 'വോട്ട് ചോരി' ആരോപണം ശരിവെക്കപ്പെട്ടതായി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ട രാഹുൽ ഗാന്ധി, ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെട്ട് ഗ്യാനേഷ് കുമാറിനെ സംരക്ഷിച്ചതിനാലാണ് രണ്ട് കമ്മീഷണർമാരുടെ എതിർപ്പ് കത്തുകളിൽ നടപടിയെടുക്കാത്തതെന്നും രാഹുൽ ആരോപിച്ചു.
എന്നാൽ, ഉന്നയിക്കപ്പെട്ട തർക്കങ്ങൾ സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങൾ മാത്രമായിരുന്നുവെന്നും, അന്തിമ തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നുവെന്നും കമ്മീഷൻ ഔദ്യോഗികമായി മറുപടി നൽകി.
Published: 28 Sept 2026, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented